വ്യാജവാറ്റ്; ബിജെപി പഞ്ചായത്ത് മെമ്പറുടെ പിതാവിനെതിരേ കേസെടുത്തു
ബിവറേജസ് കോര്‍പറേഷന്റെ മദ്യശാലകള്‍ അടച്ചിടണമെന്നാവശ്യപ്പെട്ട് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മദ്യശാലകള്‍ക്ക് മുന്നില്‍ സമരം നടത്തിയിരുന്നു. മദ്യശാലകള്‍ അടച്ചശേഷം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ വ്യാജവാറ്റ് കേസിലെ പ്രതി ബിജെപി പഞ്ചായത്തംഗത്തിന്റെ അച്ഛനാണെന്നത് ഗൗരവതരമായ സംഭവമാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകള്‍ അടച്ചിട്ടതോടെ വ്യാജവാറ്റ് സംഘങ്ങള്‍ തലപൊക്കിത്തുടങ്ങി. നെയ്യാറ്റിന്‍കര അരംഗമുഗളില്‍ അഞ്ഞൂറ് ലിറ്റര്‍ കോട കണ്ടെടുത്തു. സംഭവത്തിന്മേല്‍ അതിയന്നൂര്‍ പഞ്ചായത്തിലെ ബിജെപി വാര്‍ഡ് മെമ്പര്‍ കവിതയുടെ പിതാവ് അരംഗമുഗള്‍ കൊല്ലംവിളകത്ത് വീട്ടില്‍ അശോക (52) നെതിരേ കേസെടുത്തു. ജനുവരിയിലും ഇതേസ്ഥലത്തുനിന്ന് കോട കണ്ടെടുത്ത കേസില്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ച് ആറിനാണ് ജാമ്യത്തിലിറങ്ങിത്.
അരംഗമുഗള്‍ പെരിങ്ങാലി കുളത്തിന്റെ കരയില്‍ അന്‍പത് ലിറ്റര്‍ വീതം കൊള്ളുന്ന പത്ത് പ്ലാസ്റ്റിക് ബാരലുകളിലാണ് കോട ഒളിപ്പിച്ചിരുന്നത്. വ്യാഴാഴ്ച പകല്‍ ഒന്നോടെയാണ് കോട കണ്ടെടുത്തത്. അശോകന്‍ ഒളിവിലാണ്.
തിരുപുറം എസ്‌കൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ കെ എസ് സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പ്രിവന്റീവ് ഓഫീസര്‍ ബി വിജയകുമാര്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ അജികുമാര്‍, സജു, സാജു, രാജേഷ് കുമാര്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ബിവറേജസ് കോര്‍പറേഷന്റെ മദ്യശാലകള്‍ അടച്ചിടണമെന്നാവശ്യപ്പെട്ട് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മദ്യശാലകള്‍ക്ക് മുന്നില്‍ സമരം നടത്തിയിരുന്നു. മദ്യശാലകള്‍ അടച്ചശേഷം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ വ്യാജവാറ്റ് കേസിലെ പ്രതി ബിജെപി വനിതാപഞ്ചായത്തംഗത്തിന്റെ അച്ഛനാണെന്നത് ഗൗരവതരമായ സംഭവമാണ്.
മദ്യശാലകള്‍ പൂട്ടിയാല്‍ വ്യാജവാറ്റ് ഉള്‍പ്പെടെയുള്ള വിപത്തിന് സംസ്ഥാനം സാക്ഷ്യംവഹിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രിയും ആശങ്ക പ്രകടിപ്പിച്ചിരുന്നു.