തദ്ദേശ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ടം: 75 ശതമാനത്തിന് മുകളില്‍ പോളിങ്
6.42 ശതമാനം പേര്‍ വോട്ട് ചെയ്ത ആലപ്പുഴയിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തില്‍ 75 ശതമാനത്തിനു മുകളില്‍ പോളിങ്. ഒടുവില്‍ ലഭിച്ച കണക്ക് പ്രകാരം വൈകുന്നേരം ആറ് മണി വരെ ആകെ വോട്ടര്‍മാരുടെ 75 ശതമാനം സമ്മതിദാനാവകാശം വിനിയോഗിച്ചു. 76.42 ശതമാനം പേര്‍ വോട്ട് ചെയ്ത ആലപ്പുഴയിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്താണ് ഏറ്റവും കുറവ്. ഇവിടെ 69.07 ശതമാനം പേരാണ് വോട്ടുചെയ്യാനെത്തിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാര്‍ഡുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്നത്. 88,26,873 വോട്ടര്‍മാര്‍ ഇവിടെയുള്ളത്.
കൊല്ലം 72.79, പത്തനംതിട്ട 69. 33, ആലപ്പുഴ 76.42, ഇടുക്കി 73.99 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പോളിങ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 59.02 ശതമാനം പേര്‍ മാത്രമാണ് വോട്ട് ചെയ്യാനെത്തിയത്. കൊവിഡ് പോസിറ്റീവ് ആയവരും ക്വാറന്റീനില്‍ കഴിയുന്നവരും വോട്ട് ചെയ്യാനെത്തി. പിപിഇ കിറ്റ് ധരിച്ചാണ് ഇവര്‍ പോളിങ് ബൂത്തിലേക്കെത്തിയത്. മറ്റ് വോട്ടര്‍മാര്‍ വോട്ടിങ്ങിനെത്തുന്നില്ലെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് ഇവര്‍ക്ക് വോട്ട് ചെയ്യാനുളള സൗകര്യമൊരുക്കിയത്. തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമായ ഡിസംബര്‍ 10ന് അഞ്ച് ജില്ലകളിലെ വോട്ടര്‍മാര്‍ വിധിയെഴുതും.