സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു; മെയ് എട്ടിന് രാവിലെ ആറുമുതല്‍ 16 വരെയാണ് ലോക്ഡൗണ്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് എട്ടിന് രാവിലെ ആറുമുതല്‍ ഈ മാസം 16 വരെയാണ് സംമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സംമ്പൂര്‍ണ അടച്ചിടല്‍. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് നിശ്ചിത സമയം അനുവദിച്ച് തുറക്കും. പൊതു ഗതാഗതം പൂര്‍ണമായി ഒഴിക്കാനാണ് സാധ്യത. പക്ഷേ, വാക്‌സിനേഷന്‍ തുടങ്ങിയ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കാത്ത രീതിയിലായിരുക്കും ലോക് ഡൗണ്‍.
അനാവശ്യമായി പുറത്തിറങ്ങിയാല്‍ പോലിസ് കേസെടുക്കും. കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവക്കാനാണ് സാധ്യത.പ്രാദേശിക നിയന്ത്രണങ്ങള്‍ ഫലപ്രദമല്ലെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്. ചൊവ്വാഴ്ച ആരംഭിച്ച മിനി ലോക്ഡൗണ്‍ കാര്യമായ ഫലം കാണുന്നില്ലെന്ന പോലിസ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്.
ഇപ്പോള്‍ ചീഫ് സെക്രട്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരുകയാണ്. യോഗശേഷം ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ചീഫ് സെക്രട്ടറി പുറത്തിറക്കുന്ന വിശദമായ ഉത്തരവിലുണ്ടാവും.