ലോക്കപ്പ് മര്‍ദ്ദനവും കസ്റ്റഡി മരണവും: പോലിസുകാരെ പിരിച്ചുവിടണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കമ്മീഷന്‍ റിപോര്‍ട്ടിന്‍ മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ രണ്ടുമാസത്തിനകം ഹാജരാക്കണമെന്നും നിര്‍ദേശിച്ചു

Update: 2019-07-18 08:50 GMT

തിരുവനന്തപുരം: ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ക്കും കസ്റ്റഡി മരണങ്ങള്‍ക്കും കാരണക്കാരാവുന്ന പോലിസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്നു പിരിച്ചുവിടുന്നത് ഉള്‍പ്പെടെയുള്ള മാതൃകാപരമായ ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് സര്‍ക്കാരിന് നിര്‍ദേശം നല്‍കി.നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പീരുമേട് സബ്ജയിലിലും നെടുങ്കണ്ടം പോലിസ് സ്‌റ്റേഷനിലും നടത്തിയ സന്ദര്‍ശനശേഷം ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കാണ് നിര്‍ദേശം നല്‍കിയത്. ജയിലില്‍ പ്രവേശിപ്പിക്കുന്നവരുടെ ശാരീരികാവസ്ഥ രേഖപ്പെടുത്തുന്ന ആധികാരിക രജിസ്റ്റര്‍ പീരുമേട് ജയിലിലില്ലെന്ന് കമ്മീഷന്‍ കണ്ടെത്തി. ജയിലില്‍ പ്രതിയെ എത്തിക്കുമ്പോള്‍ തല്‍സമയ ശാരീരികാവസ്ഥയും ആരോഗ്യ സ്ഥിതിയും പരിക്കുകളും പരിശോധിച്ച് പ്രതിയോട് നേരിട്ട് സംസാരിച്ച് വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഒരു രജിസ്റ്റര്‍ ജയിലില്‍ സൂക്ഷിക്കണം. ജയില്‍ ഉദ്യോഗസ്ഥര്‍ രജിസ്റ്ററിലെ ഉള്ളടക്കം സ്വതന്ത്രമായി രേഖപ്പെടുത്തണം. രജിസ്റ്ററിന്റെ കൃത്യത ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പാക്കണം. പ്രതികളെ ജയിലില്‍ കൊണ്ടുവരുമ്പോള്‍ അവരെ ഡോക്ടര്‍ കൃത്യമായി പരിശോധിച്ച് രോഗവിരങ്ങളും പരുക്കുകളുംകൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.

    പോലിസ് സ്‌റ്റേഷന്‍, ജയില്‍ എന്നിവിടങ്ങളില്‍ നിന്നു മെഡിക്കല്‍ പരിശോധനയ്‌ക്കെത്തിക്കുന്നവരെ ഡോക്ടര്‍മാര്‍കൃത്യമായി പരിശോധിച്ച് നിക്ഷ്പക്ഷമായി റിപോര്‍ട്ട് തയ്യാറാക്കണണമെന്ന് ആഭ്യന്തര സെക്രട്ടറി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കണം. ഇത്തരം മെഡിക്കല്‍ റിപോര്‍ട്ടുകള്‍ എല്ലാവര്‍ക്കും വായിക്കാവുന്ന തരത്തില്‍ ഡോക്ടര്‍മാര്‍ എഴുതണം. വീഴ്ച വരുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം. ജയില്‍ അന്തേവാസികളുടെ ആശുപത്രി പ്രവേശനമോ മരണമോ ബന്ധുക്കളെ കൃത്യസമയത്ത് അറിയിച്ചെന്ന് ജയില്‍ സൂപ്രണ്ട് ഉറപ്പാക്കണം.ജയിലിലെത്തിച്ച രാജ്കുമാറിനെ ആശുപത്രിയില്‍ കൊണ്ടുപോവാന്‍എആര്‍ ക്യാംപില്‍ നിന്ന് എസ്‌കോര്‍ട്ട് ആവശ്യപ്പെട്ടിട്ട് ലഭിച്ചില്ലെന്ന് ജയില്‍ അധിക്യതര്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. ഈ സാഹചര്യത്തില്‍ ജയില്‍ അന്തേവാസികള്‍ക്ക് എസ്‌കോര്‍ട്ട് കൃത്യമായി ലഭ്യമാക്കി ചികില്‍സ ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സംസ്ഥാന പോലിസ് മേധാവിയും ജയില്‍ മേധാവിയും നിര്‍ദേശം നല്‍കണം. കമ്മീഷന്‍ റിപോര്‍ട്ടിന്‍ മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ രണ്ടുമാസത്തിനകം ഹാജരാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

    ഇക്കഴിഞ്ഞ ജൂണ്‍ 17ന് രാത്രി 1.20നാണ് നെടുങ്കണ്ടം സ്‌റ്റേഷനിലെ ഒരു ഹോം ഗാര്‍ഡും 3 പോലിസുകാരും ചേര്‍ന്ന് കുമാറിനെ ജയിലില്‍ എത്തിച്ചത്. പതിവിന് വിപരീതമായി പോലിസ് ജീപ്പ് ജയില്‍ ഗേറ്റിനുള്ളില്‍ കയറ്റിയെന്നും പീരുമേട് ജയിലിലെ അസി. പ്രിസണ്‍ ഓഫിസര്‍ മൊഴി നല്‍കി. തീരെ അവശനും നടക്കാന്‍ കഴിയാത്ത നിലയിലുമായിരുന്നു കുമാര്‍. പോലിസുകാരും ജയില്‍ ഉദ്യോഗസ്ഥരും താങ്ങിയെടുത്താണ് സെല്ലിലെത്തിച്ചത്. അവശതയെ കുറിച്ച് ചോദിച്ചപ്പോള്‍ കാല്‍മുട്ടിന് വേദനയുണ്ടെന്നും ഓടിയപ്പോള്‍ വീണതെന്നും കുമാര്‍ പറഞ്ഞു. ആശുപത്രിയില്‍ പോവേണ്ട കാര്യമില്ലെന്നും പറഞ്ഞത്രേ. ജയില്‍രേഖയില്‍ ഇക്കാര്യങ്ങള്‍തമിഴില്‍ എഴുതി രാജ്കുമാര്‍ വിരലടയാളം പതിപതിപ്പിച്ചതായി ജയില്‍ സൂപ്രണ്ടും എപിഒയും കമ്മീഷനോട് പറഞ്ഞു.അന്നു തന്നെ പുലര്‍ച്ചെ 1.50ന് രാജ്കുമാറിനെ ആശുപത്രിയില്‍ കൊണ്ടുപോവാന്‍ ഇടുക്കി എആര്‍ ക്യാംപിലേക്ക് എസ്‌കോര്‍ട്ട് ആവശ്യപ്പെട്ട് ജയില്‍ അധികൃതര്‍ മെയില്‍ അയച്ചതായി മൊഴിയിലുണ്ട്. എന്നാല്‍ എസ്‌കോര്‍ട്ട് വന്നില്ല. തുടര്‍ന്ന് ജൂണ്‍ 18നു ജയില്‍ ജീവനക്കാര്‍ രാജ്കുമാറിനെ എസ്‌കോര്‍ട്ടില്ലാതെ ആശുപത്രിയില്‍ കൊണ്ടുപോയതായി എപിഒ പറഞ്ഞു. 19നും 20നും രാജ്കുമാറിനെ എസ്‌കോര്‍ട്ടോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയി ചികില്‍സിച്ചു. 21ന് രാവിലെ 10.20ന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. 10.45ന് മരണം സ്ഥിതീകരിച്ചതായി ജയില്‍ സൂപ്രണ്ട് കമ്മീഷനെ അറിയിച്ചു. മരണം സ്ഥിരീകരിക്കുന്ന ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് കമ്മീഷന്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നായിരുന്നു സൂപ്രണ്ടിന്റെ മറുപടി.

    രാജ്കുമാര്‍ സെല്ലിലെത്തുമ്പോള്‍ തീരെ അവശനായിരുന്നെന്നും നടക്കാനോ ഇരിക്കാനോ കഴിയുമായിരുന്നില്ലെന്നും സഹതടവുകാരന്‍ ചാക്കോ കമ്മീഷനെ അറിയിച്ചു. തന്നെ പോലിസുകാര്‍ ഉപദ്രവിച്ചതായി രാജ്കുമാര്‍ ഇയാളോട് പറഞ്ഞിരുന്നു. സെല്ലിലെത്തിച്ച ശേഷം ആരും ഉപദ്രവിച്ചിട്ടില്ലെന്നും ചാക്കോ മൊഴി നല്‍കി. രാജ്കുമാറിനെ ജയിലില്‍ എത്തിച്ചപ്പോള്‍ ശരീരത്തിലെ പരിക്കുകള്‍ ജയില്‍, ആശുപത്രി രേഖകളില്‍ രേഖപ്പെടുത്തിയിരുന്നില്ലെന്ന് കമ്മീഷന്‍ കണ്ടെത്തി. അവശനായ കുമാറിന്റെ ദേഹസ്ഥിതി നോട്ട് ചെയ്യാത്തത് എന്തു കൊണ്ടാണെന്ന ചോദ്യത്തിന് അത്തരമൊരു രജിസ്റ്റര്‍ ഇല്ലെന്നായിരുന്നു സൂപ്രണ്ടിന്റെ മറുപടി. കുമാറിന്റെ ആരോഗ്യ സ്ഥിതി, ആശുപത്രിയില്‍ കൊണ്ടുപോവാന്‍ എസ്‌കോര്‍ട്ട് ലഭിക്കാത്തത് തുടങ്ങിയ കാര്യങ്ങള്‍ യഥാസമയം മുതിര്‍ന്ന ജയില്‍ ഉദ്യോഗസ്ഥരെയൊ ജയില്‍ മേധാവിയെയോ അറിയിച്ചില്ലെന്ന് സൂപ്രണ്ട് കമ്മീഷന് മുന്നില്‍ സമ്മതിച്ചു. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാതിരുന്ന രാജ്കുമാറില്‍നിന്ന് വീണ് പരിക്ക് പറ്റിയതാണെന്ന് എഴുതിവാങ്ങി വിരല്‍ അടയാളം പതിപ്പിച്ചത് വിചിത്രമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. ആളെ കണ്ടിട്ട് കുഴപ്പം തോന്നാത്തത് കൊണ്ടാണ് ആശുപത്രിയില്‍ കൊണ്ടുപോവാത്തതെന്ന ജയില്‍ ഉദ്യോഗസ്ഥരുടെ വാദം അവിശ്വസനീയമാണ്. അദ്ദേഹം അവശനല്ലായിരുന്നെങ്കില്‍ എന്തിനാണ് ആശുപത്രിയില്‍ കൊണ്ടുപോവാന്‍ രാത്രി എസ്‌കോര്‍ട്ട് ചോദിച്ചത്?. എസ്‌കോര്‍ട്ട് കിട്ടിയില്ലെങ്കിലും ജയിലിലെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കാത്തത് വീഴ്ചയാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. എസ്‌കോര്‍ട്ട് കിട്ടാതെ 18ന് ജയില്‍ ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. ചികില്‍സ കിട്ടാനുള്ള കാലതാമസം മരണത്തിന് ഏതെങ്കിലും തരത്തില്‍ ഹേതുവായിട്ടുണ്ടാവും.

    പോലിസ് സ്‌റ്റേഷന്‍, ജയില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു പരിശോധനയ്ക്ക് എത്തിക്കുന്ന പ്രതികളെ നേരില്‍ കാണാതെയും രോഗവിവരം പോലും തിരക്കാതെയും പോലിസുകാരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഡോക്ടര്‍മാര്‍ റിപോര്‍ട്ട് എഴുതി നല്‍കുന്നതായി പരക്കെആക്ഷേപമുണ്ടെന്ന്ജസ്റ്റിസ് ആന്റണി ഡൊമിനിക് നിരീക്ഷിച്ചു.അച്ചടക്കം പാലിക്കേണ്ട സേനയാണ് പോലിസ്. രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ അവരും ബാധ്യസ്ഥരാണ്. നിയമങ്ങളുടെ അഭാവവും പോരായ്മയുമല്ല കസ്റ്റഡി പീഡനങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണം. പോലിസിന്റ പെരുമാറ്റത്തെ കുറിച്ചുംമൂന്നാംമുറ ഒഴിവാക്കേണ്ടതിനെ കുറിച്ചുംനിരവധി സര്‍ക്കുലറുകള്‍ പോലിസ് മേധാവി ഇറക്കിയിട്ടുണ്ട്. എന്നിട്ടും ഇത്തരം കിരാത പ്രവൃത്തികള്‍ ആവര്‍ത്തിക്കുന്നത് സസ്‌പെന്‍ഷന്‍ ഉണ്ടായാല്‍ വര്‍ധിത വീര്യത്തില്‍ തിരിച്ചെത്താം എന്ന ധാരണയുള്ളതിനാലാണ്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ സംരക്ഷിക്കപ്പെടുമെന്നും ഒരു വിശ്വാസമുണ്ട്. പോലിസിന്റെ നീചമായ പ്രവൃത്തികള്‍ കേരളം പോലെ സംസ്‌കാര സമ്പന്നമായ ഒരു നാടിനും സര്‍ക്കാരിനും അപമാനമാണെന്ന് ഉത്തരവില്‍ പറയുന്നു.ഇത്തരക്കാരെ സര്‍വീസില്‍ നിന്നു പറഞ്ഞുവിട്ടാല്‍ കസ്റ്റഡി മരണങ്ങളും ലോക്കപ്പ് മര്‍ദ്ദനങ്ങളുംഇല്ലാതാക്കാമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ വ്യക്തമാക്കി.



Tags:    

Similar News