ന്യൂഡല്‍ഹി: യുപി, ഹരിയാന, ബിഹാര്‍, മധ്യപ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളിലേക്കു നടന്ന ആറാം ഘട്ട വോട്ടെടുപ്പില്‍ ശരാശരി 59.75 ശതമാനം പോളിങ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആറ് മണിവരെയുള്ള കണക്കുപ്രകാരമാണിത്. പശ്ചിമ ബംഗാളില്‍ പല ബൂത്തുകളിലും അക്രമങ്ങള്‍ ഉണ്ടായെങ്കിലും പോളിങ് ശതമാനത്തെ ബാധിച്ചില്ല.
ഉത്തര്‍പ്രദേശില്‍ 14, ഹരിയാനയില്‍ 10, ബിഹാര്‍, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ 8 വീതം, ഡല്‍ഹിയിലും ജാര്‍ഖണ്ഡിലും 7 വീതം സീറ്റുകളിലേക്കാണ് ഇന്ന് പോളിങ് നടന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇതില്‍ 45 സീറ്റുകള്‍ ബിജെപി നേടിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ എട്ടും കോണ്‍ഗ്രസിന്റെ രണ്ടും സമാജ്‌വാദി പാര്‍ട്ടി, എല്‍ജെപിയുടെ ഒന്ന് വീതവും സിറ്റിങ് സീറ്റുകളിലും ഇന്ന് തിരഞ്ഞെടുപ്പ് നടന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിത്, ബോക്‌സിങ് താരം വിജേന്ദര്‍ സിങ്, കേന്ദ്ര മന്ത്രി ഹര്‍ഷ് വര്‍ധന്‍, ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, എഎപിയിലെ ആതിഷി എന്നിവരാണ് ഇന്ന് ജനവിധി തേടിയ പ്രമുഖര്‍. യുപിയില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് അസംഗഡില്‍ നിന്നും കേന്ദ്ര മന്ത്രി മനേകാ ഗാന്ധി പിലിഭിത്തില്‍ നിന്നും വരുണ്‍ ഗാന്ധി സുല്‍ത്താന്‍പൂരില്‍ നിന്നും ജനവിധി തേടി.
പശ്ചിമബംഗാളില്‍ ആറാംഘട്ട വോട്ടെടുപ്പിലും വ്യാപക അക്രമങ്ങളാണുണ്ടായത്. കേശ്പൂരില്‍ ബിജെപി സ്ഥാനാര്‍ഥി ഭാരതി ഷോഘിനെ ഗ്രാമീണര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ഗോപിബല്ലവ്പൂരില്‍ ടിഎംസി പ്രവര്‍ത്തകരുടെ അക്രമത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ രമണ്‍ സിങ്(46) കൊല്ലപ്പെട്ടു.