സൈന്യത്തെ ഉപയോഗിച്ച് പ്രചാരണം: മോദിക്കെതിരേ തിര. കമ്മീഷന്‍ 'ഉടന്‍ നടപടി' സ്വീകരിക്കും
സായുധ സേനയെ മോദിയുടെ സേനയാക്കി ഉയര്‍ത്തിക്കാട്ടിയുള്ള ബിജെപി പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികള്‍ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് കമ്മീഷന്റെ ഇടപെടല്‍.
ന്യൂഡല്‍ഹി: സായുധ സേനയെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഉപയോഗിച്ച് നരേന്ദ്രമോദിയും അമിത്ഷായും മറ്റു ബിജെപി നേതാക്കളും നടത്തിയ പ്രസ്താവകള്‍ക്കെതിരേ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ നടപടിക്ക്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ എന്‍ഡിടിവിയോട് പറഞ്ഞതാണിക്കാര്യം. സായുധ സേനയെ മോദിയുടെ സേനയാക്കി ഉയര്‍ത്തിക്കാട്ടിയുള്ള ബിജെപി പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികള്‍ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് കമ്മീഷന്റെ ഇടപെടല്‍.
രാജ്യത്തിന്റെ സായുധ സേനയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് വലിച്ചിഴക്കരുതെന്നും പാകിസ്താനിലെ ബാലാകോട്ടിലെ ജയ്‌ശെ മുഹമ്മദ് ക്യാംപുകളില്‍ ഇന്ത്യന്‍ സേന നടത്തിയ വ്യോമാക്രമണങ്ങളെ ഉദ്ധരിച്ച് കൊണ്ട് വോട്ട് ചോദിക്കാന്‍ പാടുള്ളതല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം ചെവികൊള്ളാതെ വീണ്ടും യോഗി ആദിത്യനാഥ് അടക്കമുള്ള നിരവധി ബിജെപി നേതാക്കള്‍ ഇത്തരം പ്രസ്താവകള്‍ നടത്തിയിരുന്നു.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേശീയതയും ദേശീയ സുരക്ഷയും പ്രധാന പ്രചാരണായുധമാക്കിയ ബിജെപിയാണ് കൂടുതല്‍ തവണയും കമ്മീഷന്റെ നിര്‍ദ്ദേശം അവഗണിച്ചത്. ഇത്തരത്തിലുള്ള ഏതൊക്കെ പ്രസ്താവനകളാണ് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനമായി പരിഗണിക്കുകയെന്നും, ഏതിലൊക്കെയാകും ശിക്ഷ നല്‍കുകയെന്നും ഉള്ള തീരുമാനം എടുക്കാന്‍ ഒരുങ്ങുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രധാനമന്ത്രി മോദി ഇത്തരത്തില്‍ നടത്തിയ പ്രസ്താവനകള്‍ 'മുഴുവനായും' തങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ പറഞ്ഞിരുന്നു.
ഇതിനെതിരെ നടപടി ഉണ്ടാകും. തിരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ ഞങ്ങള്‍ കാത്തിരിക്കില്ല. വോട്ടെടുപ്പ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ച് കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യന്‍ സായുധ സേനയുടെ നേട്ടങ്ങള്‍ തങ്ങളുടേതായി കാണിച്ചുകൊണ്ട് ഇന്ത്യയെ കുറിച്ച് ഉല്‍കണ്ഠപെടുന്നത് തങ്ങള്‍ മാത്രം ആണെന്ന് കാണിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അതേസമയം തന്നെ പ്രതിപക്ഷ പാര്‍ട്ടികളെ ദേശവിരുദ്ധരായി ജനങ്ങള്‍ക്ക് മുമ്പില്‍ വര്‍ണ്ണിക്കുകയും അവര്‍ ചെയ്യുന്നുവെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.
ആദ്യഘട്ട തിരഞ്ഞെടുപ്പിന് രണ്ടുദിവസം മുമ്പ പോലും ബാലാകോട്ട് ആക്രമണത്തെയും പുല്‍വാമയില്‍ കൊല്ലപ്പെട്ട ബിഎസ്എഫ് സൈനികരെയും സൂചിപ്പിച്ചുകൊണ്ട് മോദി ബിജെപിക്ക് വോട്ട് നല്‍കണമെന്ന് ജനങ്ങളോട് ആവശ്യപെട്ടിരുന്നു. ഇതേ ചുവട് പിടിച്ച് അമിത് ഷായും, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇന്ത്യന്‍ സേനയെ 'മോദിയുടെ സേന' എന്നും സംബോധന ചെയ്തിരുന്നു.