ഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു കൂടി ജാമ്യം
2022 ഏപ്രില്‍ 13നാണ് എം കെ അശ്‌റഫിനെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. ഷഫീഖ് പയേത്തിനെ 2022 സപ്തംബര്‍ 22ന് പോപുലര്‍ ഫ്രണ്ട് ദേശീയ-സംസ്ഥാന നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തപ്പോഴാണ് കസ്റ്റഡിയിലെടുത്തിരുന്നത്.
ലഖ്‌നോ: കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) അറസ്റ്റ് ചെയ്ത് ജയിലിലടച്ച രണ്ടുപേര്‍ക്കു കൂടി കോടതി ജാമ്യം അനുവദിച്ചു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ സംസ്ഥാന സമിതിയംഗം എം കെ അശ്‌റഫ്, കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശി ഷഫീഖ് പയേത്ത് എന്നിവര്‍ക്കാണ് ലഖ്‌നോ ഹൈക്കോടതി ജാമ്യം നല്‍കിയത്. സമാനമായ കേസില്‍ കാംപസ് ഫ്രണ്ട് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ശരീഫ്, പൊന്നാനി സ്വദേശി അബ്ദുര്‍ റസാഖ് പീടിയേക്കല്‍ തുടങ്ങിയവര്‍ക്കും നേരത്തേ ജാമ്യം ലഭിച്ചിരുന്നു. റസാഖ് പീടിയേക്കല്‍ കഴിഞ്ഞ ആഴ്ച ജയില്‍മോചിതനാവുകയും ചെയ്തിരുന്നു. കോടിക്കണക്കിന് രൂപയുടെ ഫണ്ട് ശേഖരിച്ചെന്ന് ആരോപിച്ച് ഇവര്‍ക്കെതിരേ പിഎംഎല്‍എ നിയമപ്രകാരം കേസെടുത്താണ് യുപി ജയിലിലടച്ചത്. 2022 ഏപ്രില്‍ 13നാണ് എം കെ അശ്‌റഫിനെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. ഷഫീഖ് പയേത്തിനെ 2022 സപ്തംബര്‍ 22ന് പോപുലര്‍ ഫ്രണ്ട് ദേശീയ-സംസ്ഥാന നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തപ്പോഴാണ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇതിനുപിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെന്ന് ആരോപിച്ച് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള എട്ട് സംഘടനകളെയും നിരോധിച്ചത്.