ലഖ്‌നോവിലെ കോടതിയില്‍ ബോംബ് സ്‌ഫോടനം; മൂന്ന് അഭിഭാഷകര്‍ക്ക് പരിക്ക്
അഭിഭാഷകര്‍ക്കിടയിലെ ആഭ്യന്തരതര്‍ക്കമാണ് സംഭവത്തിന് സ്‌ഫോടനത്തിന് പിന്നിലെന്നും കോടതിയിലുണ്ടായിരുന്ന സഞ്ജീവ് ലോധിയെന്ന അഭിഭാഷകനെ ലക്ഷ്യംവച്ചാണ് ബോംബാക്രമണം നടന്നതെന്നും ലഖ്‌നോ പോലിസ് വ്യക്തമാക്കി.
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ലഖ്‌നോവിലെ കോടതിയില്‍ ബോംബ് പൊട്ടിത്തെറിച്ച് മൂന്ന് അഭിഭാഷകര്‍ക്ക് പരിക്കേറ്റു. കോടതി പരിസരത്തുനിന്ന് പൊട്ടാത്ത നിലയില്‍ മൂന്ന് ബോംബുകള്‍ കണ്ടെത്തി. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച ഉച്ചയോടെ ലഖ്‌നോ ഹസ്‌റത്ഗഞ്ചിലെ കലക്ടറേറ്റില്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫിസിനു സമീപമായിരുന്നു സ്‌ഫോടനമുണ്ടായത്. അഭിഭാഷകര്‍ക്കിടയിലെ ആഭ്യന്തരതര്‍ക്കമാണ് സംഭവത്തിന് സ്‌ഫോടനത്തിന് പിന്നിലെന്നും കോടതിയിലുണ്ടായിരുന്ന സഞ്ജീവ് ലോധിയെന്ന അഭിഭാഷകനെ ലക്ഷ്യംവച്ചാണ് ബോംബാക്രമണം നടന്നതെന്നും ലഖ്‌നോ പോലിസ് വ്യക്തമാക്കി.
ലഖ്‌നോ ബാര്‍ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയാണ് സഞ്ജീവ് ലോധി. ഏതാനും ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെക്കുറിച്ച് പരാതിപ്പെട്ടതാണ് തനിക്കെതിരേയുള്ള ആക്രമണത്തിനുള്ള കാരണമെന്ന് സഞ്ജീവ് ലോധി പ്രതികരിച്ചു. തന്റെ ചേംബറിന് പുറത്തുവച്ച് പത്തോളംപേര്‍ ചേര്‍ന്ന് ബോംബെറിയുകയായിരുന്നു. ഇതില്‍ ഒരു ബോംബ് പൊട്ടിത്തെറിച്ചു. രണ്ടു ബോംബുകള്‍ പൊട്ടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റ് നിരവധി അഭിഭാഷകര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടുകളുണ്ട്.സ്‌ഫോടനം നടന്നയുടന്‍ പോലിസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന തുടങ്ങി. നാടന്‍ ബോംബാണ് കണ്ടെടുത്തിരിക്കുന്നത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. ബോംബറിഞ്ഞതില്‍ ജീതു യാദവ് എന്നയാളെ പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്‌ഫോടനത്തിനുശേഷം കോടതിയുടെ പ്രവര്‍ത്തനം താറുമാറായി. നിരവധി അഭിഭാഷകര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് സ്ഥലത്ത് തടിച്ചുകൂടിയിരിക്കുകയാണ്. അഭിഭാഷകരെ സംരക്ഷിക്കുന്നതിനായി നിയമനിര്‍മാണം പാസാക്കുന്നതിന് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുന്നതിന് ജോലിയില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ഉത്തര്‍പ്രദേശിലെ ബാര്‍ കൗണ്‍സില്‍ ബാര്‍ അസോസിയേഷനുകളോട് ആവശ്യപ്പെട്ടു.