ലക്ഷ്മണ്‍പൂര്‍ ബാത്തെ ദലിത് കൂട്ടക്കൊല; 26 പ്രതികളും മരിച്ചുപോയെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: ബിഹാറിലെ ലക്ഷ്മണ്‍ പൂര്‍ ബാത്തെ ഗ്രാമത്തില്‍ 58 ദലിതുകളെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതികളായ രണ്‍വീര്‍ സേനയുടെ 26 അംഗങ്ങളും മരിച്ചുപോയെന്ന് ബിഹാര്‍ സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരേ ബിഹാര്‍ സര്‍ക്കാര്‍ നേരത്തെ നല്‍കിയ അപ്പീലാണ് സുപ്രിംകോടതി പരിഗണിക്കുന്നത്.
1997 ഡിസംബര് ഒന്നിനാണ് ബിഹാറിലെ അര്‍വാല്‍ ജില്ലയിലെ ലക്ഷ്മണ്‍ പൂര്‍ ബാത്തെ ഗ്രാമത്തില്‍ 58 ദലിതുകളെ ജന്മിമാരുടെ സംഘടനയായ രണ്‍വീര്‍ സേനയുടെ പ്രവര്‍ത്തകര്‍ കൂട്ടക്കൊല ചെയ്തത്.

കേസില്‍ വിചാരണക്കോടതി 45 പ്രതികളില്‍ 26 പേരെ 2010ല്‍ ശിക്ഷിച്ചു. പതിനാറു പേരെ വധശിക്ഷയ്ക്കും ബാക്കിയുള്ളവരെ ജീവപര്യന്തം തടവിനുമാണ് ശിക്ഷിച്ചത്. എന്നാല്‍, 2013ല്‍ ഹൈക്കോടതി പ്രതികളെയെല്ലാം വെറുതെവിട്ടു. തുടര്‍ന്നാണ് 2013ല്‍ തന്നെ സര്‍ക്കാര്‍ അപ്പീലുമായി ഹൈക്കോടതിയില്‍ എത്തിയത്. 2014 ജനുവരിയിലാണ് സുപ്രിംകോടതി അപ്പീല്‍ ആദ്യമായി പരിഗണിച്ചത്. പിന്നീട് 2018ലും 2019ലും ഒരേ തവണ വാദം കേട്ടു. 2023ല്‍ ആറു തവണ വാദത്തിനായി വച്ചു. ആറു തവണയും മാറ്റിവയ്ക്കുകയാണ് ഉണ്ടായത്. ഓരോ പ്രതികള്‍ മരിച്ചുപോവുന്ന കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിച്ചു കൊണ്ടുമിരുന്നു. അങ്ങനെയാണ് അവസാനം 26 പേരും മരിച്ചെന്ന വിവരം കഴിഞ്ഞ ദിവസം അറിയിച്ചത്. കേസിലെ പ്രതികളായ ചിലരെ സിപിഐ മാവോയിസ്റ്റിന്റെ സൈനിക വിഭാഗമാണ് വെടിവച്ചു കൊന്നത്.