അസമില്‍ വഖ്ഫ് ഭേദഗതി നിയമ വിരുദ്ധ പ്രതിഷേധം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

Update: 2025-04-16 03:45 GMT
അസമില്‍ വഖ്ഫ് ഭേദഗതി നിയമ വിരുദ്ധ പ്രതിഷേധം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

നല്‍ബാരി(അസം): മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരെ അസമില്‍ പ്രതിഷേധങ്ങള്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. ''ആര്‍ക്കെങ്കിലും നിയമത്തോട് എതിര്‍പ്പുണ്ടെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കാം. നിയമത്തെ എതിര്‍ത്ത് തെരുവില്‍ ഇറങ്ങിയാല്‍ നിയമത്തെ അനുകൂലിക്കുന്നവരും തെരുവില്‍ ഇറങ്ങും. അത് സംഘര്‍ഷത്തിന് കാരണമാവും. അങ്ങനെയുണ്ടാവരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം.''- മുഖ്യമന്ത്രി പറഞ്ഞു. നിയമത്തെ അനുകൂലിക്കുന്നവരുമുണ്ടെന്ന് ആള്‍ അസം മൈനോറിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

''ഞങ്ങള്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ല. അസമിന്റെ പുരോഗതിക്കായി സാഹോദര്യം നിലനിര്‍ത്തണം. നിയമത്തെ അനുകൂലിക്കുന്നവര്‍ക്കും കോടതിയില്‍ പോവാം. തെരുവില്‍ ഒരു തരത്തിലുള്ള പരിപാടികളും അനുവദിക്കില്ല.''-മുഖ്യമന്ത്രി വിശദീകരിച്ചു. ഭരണകൂട ഭീകരതയ്ക്ക് ഇരയാവുന്നവരോട് പ്രതിഷേധിക്കരുതെന്ന് പറയുന്നത് തന്നെ അടിച്ചമര്‍ത്തലിന്റെ രൂക്ഷതയാണ് വെളിപ്പെടുത്തുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

Similar News