മുര്‍ഷിദാബാദില്‍ ബിഎസ്എഫ് യൂണിഫോം ധരിച്ചവര്‍ മുസ്‌ലിം വീട് ആക്രമിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് വെളിപ്പെടുത്തല്‍ (വീഡിയോ)

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ മുസ്‌ലിം വീടിനെ നേരെ ആക്രമണമുണ്ടായെന്ന് റിപോര്‍ട്ട്. അതിര്‍ത്തി രക്ഷാസേനയുടെയും(ബിഎസ്എഫ്) കേന്ദ്ര സേനകളുടെയും യൂണിഫോം ധരിച്ചവര്‍ വെടിയുതിര്‍ത്തതായി പ്രദേശവാസിയായ ഒരു മുസ്‌ലിം യുവതി വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നു. വീട്ടില്‍ കയറിയ സംഘം ഗൃഹോപകരണങ്ങള്‍ കൊള്ള ചെയ്തു. അവരുടെ ആക്രമണത്തില്‍ ഒരു വയസുള്ള കുട്ടിക്കും പരിക്കേറ്റു. മകനെ തട്ടിക്കൊണ്ടുപോയെന്നും യുവതി വെളിപ്പെടുത്തി.
വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ നടന്ന പ്രതിഷേധങ്ങളില്‍ സംഘര്‍ഷമുണ്ടായതിന് പിന്നില്‍ അതിര്‍ത്തി രക്ഷാ സേനയുടെ ഗൂഡാലോചനയാണെന്ന് മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ കുണാല്‍ ഘോഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേന്ദ്ര സൈന്യമായ അതിര്‍ത്തി രക്ഷാസേനയും രണ്ടോ മൂന്നോ പാര്‍ട്ടികളും നടത്തിയ ഗൂഡാലോചനയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം വിശദീകരിച്ചു. ചില മോശക്കാരായ വ്യക്തികള്‍ മുര്‍ഷിദാബാദില്‍ നുഴഞ്ഞു കയറി പ്രശ്‌നങ്ങളുണ്ടാക്കി. അവരെ സുരക്ഷിതമായി തിരിച്ചെത്തിക്കുകയും ചെയ്തു.
'' ആ സംഭവങ്ങള്‍ക്ക് പിന്നില്‍ വലിയൊരു ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളുടെ ചില വിഭാഗങ്ങള്‍, ബിഎസ്എഫിലെ ഒരു വിഭാഗം, രണ്ടോ മൂന്നോ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു വിഭാഗം എന്നിവര്‍ ഈ ഗൂഢാലോചനയില്‍ പങ്കാളികളായിരുന്നു. അതിര്‍ത്തിയിലെ ഒരു വിടവിലൂടെയാണ് ബിഎസ്എഫിന്റെ സഹായത്തോടെ അക്രമികള്‍ അകത്തുകടന്നത്. അവര്‍ അകത്ത് കുഴപ്പങ്ങള്‍ സൃഷ്ടിച്ചു. അവര്‍ക്ക് സുരക്ഷിതമായി തിരികെ പോവാന്‍ വഴിയും നല്‍കി. ഞാന്‍ 'അതിര്‍ത്തി', 'ബിഎസ്എഫിലെ ഒരു വിഭാഗത്തിന്റെ സഹായം' എന്നീ വാക്കുകള്‍ ഉപയോഗിക്കുന്നു. അതില്‍ അന്വേഷണം ആവശ്യമാണ്.''- കുണാല്‍ ഘോഷ് പറഞ്ഞു.
പ്രശ്‌നങ്ങളുണ്ടാക്കിയവരെ തിരിച്ചറിയാന്‍ പ്രദേശവാസികള്‍ക്ക് കഴിഞ്ഞിട്ടില്ല. ആരാണ് ആസൂത്രകര്‍?. ചിലര്‍ക്കെതിരെ പോലിസ് നടപടി സ്വീകരിക്കുന്നുണ്ട്. പക്ഷെ, പ്രധാന സൂത്രധാരന്‍മാര്‍ എവിടെ നിന്നാണ് വന്നത്?. അവര്‍ എവിടേക്ക് പോയി? ബിഎസ്എഫിന്റെ സഹായത്തോടെ പശ്ചിമ ബംഗാളിനെ അപകീര്‍ത്തിപ്പെടുത്താനും കുറ്റകൃത്യങ്ങള്‍ നടത്താനും ആഴത്തില്‍ വേരൂന്നിയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന ആരോപണമുണ്ട്. അങ്ങനെ ബിജെപിക്കും പ്രതിപക്ഷത്തിനും ആ പാപങ്ങള്‍ അവരുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയും. അക്രമത്തിന്റേതാണെന്ന പേരില്‍ ബിജെപി ചില ചിത്രങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. മിക്ക ചിത്രങ്ങളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളതാണ്. പക്ഷേ, മുര്‍ഷിദാബാദില്‍ നിന്നുള്ളതു പോലെയാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ബംഗാളിലെ ജനങ്ങളെ പ്രകോപിപ്പിക്കാന്‍ അവര്‍ പരമാവധി ശ്രമിക്കുന്നു. മുര്‍ഷിദാബാദില്‍ ചില മോശം സംഭവങ്ങള്‍ ഉണ്ടായി. ബിജെപിയുടെ ഒരു പ്രകോപനത്തിനും മറുപടി നല്‍കരുതെന്ന് ഞങ്ങള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ''-കുണാല്‍ ഘോഷ് വിശദീകരിച്ചു.
മുര്‍ഷിദാബാദ് അക്രമത്തിനിടെ ചില ബിഎസ്എഫ് ജവാന്‍മാര്‍ ചെരിപ്പുകള്‍ ധരിച്ച് മാര്‍ച്ച് നടത്തിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ഐടി സെല്‍ മേധാവി ദേബാങ്ഷു ഭട്ടാചാര്യ പറഞ്ഞു. ''അവര്‍ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നുണ്ട്. ബിഎസ്എഫ് ജവാന്മാര്‍ ചെരിപ്പുകളുമായി മാര്‍ച്ച് ചെയ്യുന്നുണ്ടല്ലോ? അങ്ങനെ സംഭവിക്കുമോ? കേന്ദ്രസര്‍ക്കാര്‍ ഇത് ഗൗരവമായി കാണേണ്ടതുണ്ട്. അക്രമം നടത്തുന്നവരെ രക്ഷപ്പെടാന്‍ ബിഎസ്എഫ് അനുവദിക്കുകയാണ്. ബിജെപി നേതാവ് ദിലീപ് ഘോഷും ഇതേ കാര്യം പറഞ്ഞിട്ടുണ്ട്. ബിഎസ്എഫ് പുറത്തുനിന്നുള്ളവരെ ബംഗാളിലേക്ക് കടക്കാന്‍ അനുവദിക്കുന്നതിനെക്കുറിച്ച് ദിലീപ് ഘോഷിനും ആഭ്യന്തര മന്ത്രാലയത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അറിയാം. ബംഗാളില്‍ സര്‍ക്കാര്‍ രൂപീകരിക്കാനായി രാജ്യത്തിന്റെ സുരക്ഷയെ അസ്ഥിരപ്പെടുത്തരുത്.''- ദേബാങ്ഷു ഭട്ടാചാര്യ ആവശ്യപ്പെട്ടു.