മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: ഡോ.തസ്‌ലിം റഹ്മാനി എസ്ഡിപിഐ സ്ഥാനാര്‍ത്ഥി

രാജ്യം നേരിടുന്ന ഗുരുതര പ്രതിസന്ധിയില്‍ ഫാഷിസത്തിനെതിരേ പരിമിതിയില്ലാത്ത പ്രതിരോധം തീര്‍ക്കാന്‍ പ്രതിജ്ഞാബദ്ധമായ പാര്‍ട്ടിയാണ് എസ്.ഡി.പി.ഐ. വംശീയതയിലധിഷ്ടിതമായ പൗരത്വ ബില്‍ ബിജെപി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച അന്നു തന്നെ പാര്‍ലമെന്റിനു മുമ്പില്‍ ബില്‍ കീറിയെറിഞ്ഞ് പൗരത്വ പ്രക്ഷോഭങ്ങള്‍ക്ക് രാജ്യത്ത് തുടക്കം കുറിച്ച ജനകീയ നായകന്‍ ഡോ. തസ്‌ലിം റഹ്മാനിയെയാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ എസ്ഡിപിഐ മല്‍സരിപ്പിക്കുന്നത്.

Update: 2021-03-03 08:54 GMT

മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡോ.തസ്‌ലിം റഹ്മാനി മല്‍സരിക്കുമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബൈ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാര്‍ലമെന്റില്‍ ഫാഷിസത്തിനെതിരായ പ്രതിരോധം സൃഷ്ടിക്കാന്‍ ജനങ്ങളുടെ പിന്തുണ വാങ്ങി വണ്ടികയറിയ മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഫാഷിസം ഏറ്റവും അപകടകരമായ രീതിയില്‍ രാജ്യത്തെ വിഴുങ്ങാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ രാജിവെച്ച് സുരക്ഷിത താവളം തേടി മടങ്ങി വന്നതുമൂലമാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായിരിക്കുന്നത്.

ഇവിടെ രണ്ടു കാര്യങ്ങളാണ് കുഞ്ഞാലിക്കുട്ടി ജനങ്ങളെ ബോധ്യപ്പെടുത്തുന്നത്. ഒന്നാമതായി, ഫാഷിസത്തെ പ്രതിരോധിക്കാനുള്ള കരുത്ത് തനിക്കും പാര്‍ട്ടിക്കുമില്ല. മറ്റൊന്ന് ഫാഷിസത്തെ പ്രതിരോധിക്കുന്നതിനേക്കാള്‍ തനിക്കും പാര്‍ട്ടിക്കും അനിവാര്യമായത് അധികാരമാണ് എന്നതാണ്.

മതേതരത്വവും ജനാധിപത്യവും ഏറ്റവും അപകടകരമായ സന്ദര്‍ഭമാണിത്. ന്യൂനപക്ഷ, ദലിത് വിഭാഗങ്ങള്‍ കൂടുതല്‍ ഭീഷണി നേരിടുകയാണ്. ഈ സന്ദര്‍ഭത്തില്‍ പാര്‍ട്ടിയുടെ ഏറ്റവും ശക്തനായ നേതാവ് പാര്‍ലമെന്റില്‍ നിന്നുകൊണ്ട് അതിനെ നേരിടുന്നതിനു പകരം അധികാരം തേടി സ്ഥാനം വിട്ടൊഴിഞ്ഞു പോന്നു എന്നത് ഭീരുത്വവും പിന്നാക്ക ജനതയോടുള്ള വഞ്ചനയുമാണ്. ഈ മണ്ഡലത്തില്‍ ഇനി എന്തു വാഗ്ദാനമാണ് ലീഗിനും യുഡിഎഫിനും ജനങ്ങളുടെ മുമ്പില്‍ വെക്കാനുള്ളത്. സ്വന്തത്തെ സേവിക്കാന്‍ ഇനിയും ഒരവസരം ജനങ്ങള്‍ നല്‍കേണ്ടതുണ്ടോ എന്നു ചിന്തിക്കണം.

രാജ്യം അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ബിജെപി സര്‍ക്കാരിന്റെ വികലമായ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഫലമായി രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ന്നടിച്ചിരിക്കുന്നു. തൊഴിലില്ലായ്മ രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ജിഡിപി കൂപ്പുകുത്തി. ഇന്ധന വില അനിയന്ത്രിതമായി വര്‍ധിപ്പിക്കുന്നു. അതുവഴി നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നു. എല്‍പിജി വിലയും അനുദിനം വര്‍ധിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 125 രൂപ വര്‍ധിപ്പിച്ചു. സബ്‌സിഡി നിര്‍ത്തലാക്കിയിട്ട് ഒരു വര്‍ഷമാവുന്നു.

രാജ്യം കടുത്ത പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും പോയിക്കൊണ്ടിരിക്കുമ്പോള്‍ വര്‍ഗീയതയും മതവിദ്വേഷവും പ്രചരിപ്പിച്ച് ജനങ്ങളെ വിഭജിച്ചും തമ്മിലടിപ്പിച്ചും പ്രതിഷേധം വഴിതിരിച്ചു വിടുന്നു. ജനങ്ങളുടെ പട്ടിണിയേക്കാള്‍ സര്‍ക്കാരിന് ശ്രദ്ധ കോര്‍പ്പറേറ്റുകളുടെ നേട്ടത്തിലാണ്.

രാജ്യം നേരിടുന്ന ഗുരുതര പ്രതിസന്ധിയില്‍ ഫാഷിസത്തിനെതിരേ പരിമിതിയില്ലാത്ത പ്രതിരോധം തീര്‍ക്കാന്‍ പ്രതിജ്ഞാബദ്ധമായ പാര്‍ട്ടിയാണ് എസ്.ഡി.പി.ഐ. വംശീയതയിലധിഷ്ടിതമായ പൗരത്വ ബില്‍ ബിജെപി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച അന്നു തന്നെ പാര്‍ലമെന്റിനു മുമ്പില്‍ ബില്‍ കീറിയെറിഞ്ഞ് പൗരത്വ പ്രക്ഷോഭങ്ങള്‍ക്ക് രാജ്യത്ത് തുടക്കം കുറിച്ച ജനകീയ നായകന്‍ ഡോ. തസ്‌ലിം റഹ്മാനിയെയാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ എസ്ഡിപിഐ മല്‍സരിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, മലപ്പുറം ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് സംബന്ധിച്ചു.

Tags:    

Similar News