ശരീരം തളര്‍ന്ന മൊയ്തീന് തസ്‌ലിം റഹ്മാനിയെ കാണണമെന്ന്; ആശുപത്രിയിലെത്തി ആഗ്രഹം സാധിച്ച് സ്ഥാനാര്‍ഥി

Update: 2021-04-01 12:32 GMT

ഹമീദ് പരപ്പനങ്ങാടി

ചേളാരി: ബനാത്ത് വാലയും സേട്ടുവും നയിച്ച പാതയില്‍ തന്റെ ജീവിതം സമര്‍പ്പിച്ച ചേളാരി സ്വദേശി 85 വയസുകാരന്‍ മൊയ്തീന്റെ ആഗ്രഹം സഫലീകരിച്ച നിര്‍വൃതിയില്‍ ഡോ. തസ്‌ലിം റഹ്മാനി. ശരീരം തളര്‍ന്ന മൊയ്തീനെ ബന്ധുക്കള്‍ ചേര്‍ന്ന് താഴെ ചേളാരിയിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിച്ചതായിരുന്നു. ഇതിനടുത്ത് എസ്ഡിപിഐയുടെ ലോക്‌സഭാ സ്ഥാനാര്‍ഥി തസ്‌ലിം റഹ്മാനി ഉറുദുവില്‍ പ്രസംഗിക്കുകയായിരുന്നു.


 പഴയ നേതാക്കളുടെ ഓര്‍മയില്‍ ചില വാക്കുകള്‍ ഉടക്കിയിരുന്നിരിക്കാം. കൂടെയുള്ള മകനോട് ശാഠ്യം പിടിച്ചുകാണാന്‍. നിവൃത്തിയില്ലാതെ മകന്‍ സ്ഥലത്തെ പാര്‍ട്ടി പ്രവര്‍ത്തകരോട് കാര്യം ധരിപ്പിച്ചു. ഉടന്‍തന്നെ പ്രസംഗം അവസാനിപ്പിച്ച് ആശുപത്രിയിലെത്തുകയായിരുന്നു റഹ്മാനി. തളര്‍ന്ന കൈകളില്‍ റഹ്മാനിയുടെ കൈകള്‍ അമര്‍ന്നപ്പോള്‍ തന്റെ സ്വപ്‌നം പൂവണിഞ്ഞ നിര്‍വൃതിയിലായിരുന്നു മൊയ്തീന്‍.


 പിന്നെ കഴിഞ്ഞ കാലത്തെ സേട്ടുവിന്റെയും ബനാത്ത് വാലയുടെയും ധീരതയെക്കുറിച്ച് വാചാലനായി. നിങ്ങള്‍ ജയിക്കും, കാരണം താങ്കള്‍ ശരിയുടെ പാതയിലാണ്. മുന്‍ഗാമികളും ശരിയായിരുന്നു. ഇത് പറയുമ്പോള്‍ റഹ്മാനിയുടെയും മൊയ്തീന്റെയും കണ്ണുകള്‍ ഈറനണിഞ്ഞു. തലയില്‍ തലോടി ധൈര്യമായി മുന്നോട്ടുപോവാന്‍ അനുഗ്രഹിച്ചാണ് ഇരുവരും പിരിഞ്ഞത്.

Tags:    

Similar News