മഞ്ചേരി: ഫാഷിസ്റ്റുകളെ നേരിടാന്‍ മലപ്പുറം ജനത തിരഞ്ഞെടുത്ത പ്രതിനിധി പാതിവഴിയില്‍ യുദ്ധം ഉപേക്ഷിച്ച് തിരിച്ചുപോന്നത് യുഡിഎഫ് മലപ്പുറം ജനതയെ വഞ്ചിച്ചതിന്റെ മികച്ച ഉദാഹരണമാണെന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ഥി ഡോ തസ്‌ലിം റഹ്മാനി പറഞ്ഞു. മഞ്ചേരി മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ഉപതിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കപ്പെട്ടതാണ്. അധികാരത്തിനു വേണ്ടി രാജിവെക്കുന്നത് മുസ്‌ലിം ലീഗ് പതിവാക്കിയിരിക്കുകയാണ്. മുസ്‌ലിം ലീഗ് നേതാക്കളായിരുന്ന ഖാഇദെ മില്ലത്തിന്റെയും സേട്ടുവിന്റെയും ബനാത്ത് വാലയുടെയും പ്രവര്‍ത്തനപഥത്തില്‍ നിന്നും മാറി അധികാര രാഷ്ട്രീയത്തിന്റെ വാമോഹങ്ങളിലാണ് പാര്‍ട്ടി ഇപ്പോള്‍. ഇത് മലപ്പുറം ജനതയോടുള്ള വെല്ലുവിളിയാണ്. ഈ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലൂടെ മലപ്പുറത്തെ ജനങ്ങള്‍ തങ്ങളുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുകയും മുറിപ്പെടുത്തുകയും ചെയ്ത മുസ്‌ലിം ലീഗിനോട് കണക്ക് തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ കുത്തകല്ലില്‍ നിന്നാണ് പ്രചരണം ആരംഭിച്ചത്. ചെരണി, മംഗലശ്ശേരി, കൂമന്‍കുളം, മഞ്ഞപ്പറ്റ, എളങ്കൂര്‍, ചോലക്കല്‍, കാര്യവട്ടം, മണ്ണാര്‍മല, കമാനം, ആക്കപ്പറമ്പ്, ഉറവംപുറം എന്നിവിടങ്ങള്‍ പിന്നിട്ട് പാണ്ടിക്കാട് പൊതുയോഗത്തോടെ സമാപിച്ചു.
പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ എസ്ഡിപിഐ സംസ്ഥാന സമിതി അംഗം അഡ്വ എ എ റഹീം, ജില്ലാ സെക്രട്ടറി പി ഹംസ, മഞ്ചേരി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മുജീബ്, ഹമീദ് പരപ്പനങ്ങാടി, ലത്തീഫ് എടക്കര, എസ്ഡിപിഐ മഞ്ചേരി മണ്ഡലം നേതാക്കളായ ലത്തീഫ് വല്ലാഞ്ചിറ, സി അക്ബര്‍, തറമ്മല്‍ അബ്ദുറഹിമാന്‍, മഞ്ഞപ്പുള്ളി അഷറഫ് എന്നിവര്‍ നേതൃത്വം നല്‍കി.