അന്‍വറിന്റെ യുഡിഎഫ് പ്രവേശനം; എല്ലാ ഘടകക്ഷികളോടും ചര്‍ച്ച ചെയ്ത ശേഷം തീരുമാനം: വി ഡി സതീശന്‍

തിരുവനന്തപുരം: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വറുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇപ്പോള്‍ സഹകരിക്കാമെന്ന് അന്‍വര്‍ അറിയിച്ചിട്ടുണ്ടെന്നും അന്‍വറിനെ യുഡിഎഫിലെടുക്കുന്നത് സംബന്ധിച്ച് മറ്റു ഘടകകക്ഷികളുമായി ചര്‍ച്ചചെയ്യുമെന്നും സതീശന്‍ പറഞ്ഞു. ചില നിര്‍ദേശങ്ങള്‍ അന്‍വര്‍ മുന്നോട്ടു വച്ചിട്ടുണ്ടെന്നും ആ കാര്യങ്ങള്‍ പാര്‍ട്ടിയും മുന്നണിയുമായും ചര്‍ച്ച ചെയ്തതിനു ശേഷം തീരുമാനമെടുക്കുമെന്നും സതീശന്‍ പറഞ്ഞു.
കോണ്‍ഗ്രസുമായും യുഡിഎഫുമായും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അന്‍വര്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും യുഡിഎഫ് പ്രഖ്യാപിക്കുന്ന ഏത് സ്ഥാനാര്‍ഥിക്കും പരിപൂര്‍ണ പിന്തുണ നല്‍കുമെന്ന് അന്‍വര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ ഘടകകക്ഷികളുമായി ആലോചിച്ചതിനു ശേഷം മാത്രമേ പ്രവേശനം സംബന്ധിച്ച തീരുമാനം എടുക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
അന്‍വറിന്റെ പിന്തുണ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും ഇന്നത്തെ കൂടിക്കാഴ്ചയില്‍ തങ്ങള്‍ കാര്യങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.