ഇസ്രായേലിന് കനത്ത തിരിച്ചടി; നിരീക്ഷക പദവി ആഫ്രിക്കന്‍ യൂണിയന്‍ റദ്ദാക്കിയതായി റിപോര്‍ട്ട്
അള്‍ജീരിയന്‍ വൃത്തങ്ങളുടെ പ്രസ്താവനകള്‍ക്ക് ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.
ആഡിസ് അബാബ: പാന്‍ആഫ്രിക്കന്‍ സംഘടനയില്‍ ഇസ്രായേലിന് നിരീക്ഷക പദവി നല്‍കാനുള്ള തീരുമാനം ആഫ്രിക്കന്‍ യൂണിയന്‍ ഉച്ചകോടി റദ്ദാക്കിയതായി അള്‍ജീരിയന്‍ വൃത്തങ്ങള്‍ അറിയിച്ചു.
എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബയില്‍ ആരംഭിച്ച ദ്വിദിന എയു ഉച്ചകോടിയിലാണ് സുപ്രധാന തീരുമാനം.
'എയുവില്‍ ഇസ്രായേലിന് നിരീക്ഷക പദവി നല്‍കാനുള്ള തീരുമാനം റദ്ദാക്കാന്‍ ഉച്ചകോടി തീരുമാനിച്ചു,' അള്‍ജീരിയന്‍ പ്രതിനിധി സംഘത്തെ ഉദ്ധരിച്ച് സ്വകാര്യ എഷ്‌റൂക്ക് ടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അള്‍ജീരിയ, ദക്ഷിണാഫ്രിക്ക, സെനഗല്‍, കാമറൂണ്‍, ഡിആര്‍ കോംഗോ, റുവാണ്ട, നൈജീരിയ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചതായും അള്‍ജീരിയന്‍ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, അള്‍ജീരിയന്‍ വൃത്തങ്ങളുടെ പ്രസ്താവനകള്‍ക്ക് ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.
ജൂലൈയില്‍, എത്യോപ്യയിലെ തങ്ങളുടെ അംബാസഡര്‍ അദ്മാസു അല്‍അലി ആഫ്രിക്കന്‍ യൂനിയന്‍ നിരീക്ഷ പദവിക്കായി അപേക്ഷ സമര്‍പ്പിച്ചതായി ഇസ്രായേല്‍ പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ ആഫ്രിക്കന്‍ യൂനിയന്‍കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ മൂസ ഫാക്കി മുഹമ്മദ് ഏകപക്ഷീയമായി ഇക്കാര്യം അംഗീകരിക്കുകയായിരുന്നു. പല അംഗരാജ്യങ്ങളും, പ്രത്യേകിച്ച് അള്‍ജീരിയയും ദക്ഷിണാഫ്രിക്കയും, ഈ നീക്കത്തെക്കുറിച്ച് തങ്ങളോട് കൂടിയാലോചിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദിന്റെ തീരുമാനത്തിനെതിരേ ശക്തമായി മുന്നോട്ട് വന്നിരുന്നു.
ഇസ്രായേലിന്റെ അംഗീകാരം പന്‍വലിക്കണമെന്ന് ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ശതയ്യ കഴിഞ്ഞ ദിവസം അഫ്രിക്കന്‍ യൂണിയനോട് ആവശ്യപ്പെട്ടിരുന്നു.