പുല്‍വാമയിലെ ആക്രമണത്തിനുപയോഗിച്ചത് ചുവന്ന കാര്‍; ജമ്മു മുതല്‍ പിന്തുടര്‍ന്നു

അക്രമി ചുവന്ന മാരുതി ഇക്കോ കാറാണ് സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിതെന്നും നിമിഷങ്ങള്‍ക്കകം കാറും സൈനികവാഹനങ്ങളും പൊട്ടിത്തെറിച്ചെന്നുമാണ് സംഭവത്തിന്റെ ദൃക്‌സാക്ഷി അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്.

Update: 2019-02-17 10:13 GMT

ശ്രീനഗര്‍: പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്കു നേരെയുണ്ടായ ആക്രമണത്തിന് ഉപയോഗിച്ചത് ചുവന്ന കാറെന്ന് ദൃക്‌സാക്ഷിയുടെ മൊഴി. അക്രമി ചുവന്ന മാരുതി ഇക്കോ കാറാണ് സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിതെന്നും നിമിഷങ്ങള്‍ക്കകം കാറും സൈനികവാഹനങ്ങളും പൊട്ടിത്തെറിച്ചെന്നുമാണ് സംഭവത്തിന്റെ ദൃക്‌സാക്ഷി അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്.

അതിനിടെ, ജമ്മു മുതല്‍ ഒരു ചുവന്ന കാര്‍ ജവാന്മാരുടെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നിരുന്നുവെന്ന് സൈനിക വാഹനങ്ങളിലുണ്ടായിരുന്ന ജവാനും അന്വേഷണസംഘത്തെ അറിയിച്ചു. വാഹനവ്യൂഹത്തിലുണ്ടായിരുന്ന അവസാന ബസ്സില്‍ ഇടിക്കാനായിരുന്നു ആദ്യശ്രമം. എന്നാല്‍, പെട്ടെന്ന് മൂന്നാം നമ്പര്‍ ബസ്സിലേക്ക് കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തിനു തൊട്ടുമുന്‍പ് വാഹനവ്യൂഹത്തിന്റെ ഇരുവശത്തുകൂടെയും ഓടിച്ചുപോകാന്‍ ശ്രമിച്ച കാറുടമയോട് വാഹനവ്യൂഹത്തില്‍നിന്ന് അകലംപാലിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സംഭവസ്ഥലത്ത് നിന്ന് ഇക്കോ കാറിന്റെ ബംപറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ജമ്മു കശ്മീര്‍ പോലിസും അറിയിച്ചു. എന്നാല്‍, ഇത് ആക്രമണത്തിനുപയോഗിച്ച കാറാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമിക്ക് സ്‌ഫോടകവസ്തുക്കള്‍ കൈമാറിയവരെ കണ്ടെത്താനുള്ള ശ്രമങ്ങളും അന്വേഷണ സംഘം ഊര്‍ജിമാക്കിയിട്ടുണ്ട്.  

Tags:    

Similar News