ദേശീയ ന്യൂനപക്ഷ കമ്മീഷനോട് അവഗണന; ഏഴില്‍ ആറ് തസ്തികകളിലും ആളില്ല

ദേശീയ ന്യൂനപക്ഷ കമ്മീഷനിലേക്ക് നിയോഗിക്കപ്പെട്ട അംഗങ്ങളില്‍ ഒരു മാറ്റമുണ്ടായതായി മുന്‍ എന്‍സിഎം അംഗങ്ങള്‍ പറഞ്ഞു. മുന്‍ നിയമനങ്ങളില്‍ മുന്‍ ചീഫ് ജസ്റ്റിസുമാര്‍, സിവില്‍ സര്‍വീസുകാര്‍, അക്കാദമിഷ്യന്‍മാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, ഈയിടെ നിയമിച്ചവരില്‍ ഭൂരിഭാഗവും ബിജെപിയുമായി ബന്ധമുള്ളവരാണെന്നും അവര്‍ പറഞ്ഞു.

Update: 2020-11-25 06:25 GMT

ന്യൂഡല്‍ഹി: ബിജെപി നിയന്ത്രണത്തിലുള്ള കേന്ദ്രസര്‍ക്കാരിനു ദേശീയ ന്യൂനപക്ഷ കമ്മീഷനോട് അവഗണന. ആകെയുള്ള ഏഴു തസ്തികകളില്‍ ആറിലും ആളില്ല. നിലവില്‍ എന്‍സിഎമ്മി(നാഷനല്‍ കമ്മീഷന്‍ ഫോര്‍ മൈനോറിറ്റീസ്)നു ഒരു അംഗം മാത്രമേയുള്ളൂ. വൈസ് ചെയര്‍മാന്‍ മഞ്ജിത് സിങ് റായ് വിരമിച്ച മെയ് മുതല്‍ അഞ്ച് തസ്തികകള്‍ ഒഴിഞ്ഞതായും ഒക്ടോബര്‍ 25 മുതല്‍ ഒരെണ്ണം കൂടി ഒഴിഞ്ഞതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു.

    മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന സമുദായങ്ങളില്‍ നിന്നുള്ള അംഗങ്ങളും ഒരു ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍ എന്നിവരായി ഏഴ് അംഗങ്ങളാണ് വേണ്ടത്. എന്നാല്‍, കൊവിഡ് കാരണമാണ് ഒഴിവുകള്‍ നികത്തുന്നതില്‍ കാലതാമസം നേരിട്ടതെന്നു കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.

    ഇതാദ്യമായല്ല ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ ഒഴിവുകള്‍ നികത്താത്തത്. 2017ല്‍ ഏഴ് തസ്തികകളും രണ്ട് മാസത്തിലേറെയായി ഒഴിഞ്ഞികിടന്നിരുന്നു. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗ, ന്യൂനപക്ഷങ്ങള്‍ക്കുള്ള കമ്മീഷനുകളിലും ഒഴിവുകള്‍ നികത്താത്തതിന്റെ പേരില്‍ എന്‍ഡിഎ സര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. അതിനിടെ, ദേശീയ ന്യൂനപക്ഷ കമ്മീഷനിലേക്കു നിയമനം നടത്തുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന നിഷ്‌ക്രിയത്വത്തിനെതിരായ അപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി. കമ്മീഷനില്‍ എല്ലാ അംഗങ്ങളെയും ഫലപ്രദമായി നിയോഗിക്കാറില്ലെന്നതു ശരിയാണ്. എന്നാലും ഇത് ന്യൂനപക്ഷങ്ങള്‍ക്കുള്ള പ്രാതിനിധ്യവും അവര്‍ക്ക് ജനാധിപത്യ സര്‍ക്കാര്‍ നല്‍കുന്ന പ്രധാന പദവിയുമാണ്. ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ അവരെ ഒഴിവാക്കുന്നതായാണ് തോന്നുന്നതെന്ന് 2011-2014ല്‍ ചെയര്‍പേഴ്സണ്‍ ആയിരുന്ന വജഹത്ത് ഹബീബുല്ല പറഞ്ഞു.

    പ്രധാനമന്ത്രിയുടെ പദ്ധതികള്‍ നടപ്പാക്കുന്നുവെന്നും ന്യൂനപക്ഷ സമുദായങ്ങള്‍ക്കായുള്ള പരിപാടികള്‍ യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കാനുള്ള ചുമതല എന്‍സിഎമ്മിനാണ്. മുസ് ലിം, മറ്റ് ന്യൂനപക്ഷ സമുദായങ്ങളെ ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ എന്‍സിഎമ്മിന്റെ നിഷ്‌ക്രിയത്വത്തെക്കുറിച്ച് ഹബീബുല്ല ആശങ്ക ഉയര്‍ത്തുന്നു. ''ഉത്തര്‍പ്രദേശില്‍ ഒരു പ്രത്യേക ന്യൂനപക്ഷത്തെ വ്യക്തമായി ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ കമ്മീഷന്‍ ഇതേക്കുറിച്ച് ഇതുവരെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

    ദേശീയ ന്യൂനപക്ഷ കമ്മീഷനിലേക്ക് നിയോഗിക്കപ്പെട്ട അംഗങ്ങളില്‍ ഒരു മാറ്റമുണ്ടായതായി മുന്‍ എന്‍സിഎം അംഗങ്ങള്‍ പറഞ്ഞു. മുന്‍ നിയമനങ്ങളില്‍ മുന്‍ ചീഫ് ജസ്റ്റിസുമാര്‍, സിവില്‍ സര്‍വീസുകാര്‍, അക്കാദമിഷ്യന്‍മാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, ഈയിടെ നിയമിച്ചവരില്‍ ഭൂരിഭാഗവും ബിജെപിയുമായി ബന്ധമുള്ളവരാണെന്നും അവര്‍ പറഞ്ഞു.

Minorities Panel Neglected, Six Out Of Seven Posts Left Vacant

Tags:    

Similar News