ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പ്: 80:20 അനുപാതം മാറ്റി; തീരുമാനം മന്ത്രിസഭായോഗത്തില്‍
തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പിനുള്ള അനുപാതം പുനക്രമീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ ഇത് അനുവദിക്കും. 80:20 ആനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ക്രിസ്ത്യന്‍ 18.38%, മുസ്‌ലിം 26.56%, ബുദ്ധര്‍ 0.01%, ജൈന്‍ 0.01%, സിഖ് 0.01% എന്നിങ്ങനെയാണിത്. മേല്‍പ്പറഞ്ഞ ന്യൂനപക്ഷ സമുദായങ്ങളില്‍ അപേക്ഷകരുള്ളപ്പോള്‍ നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ല.
സ്‌കോളര്‍ഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതില്‍ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും തീരുമാനിച്ചു. 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം. 80 ശതമാനം മുസ്‌ലിം വിഭാഗത്തിനും 20 ശതമാനം ഇതരന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെന്ന അനുപാതത്തിലായിരുന്നു ഇതുവരെ ക്ഷേമ പദ്ധതികള്‍. ഈ അനുപാതമാണ് കഴിഞ്ഞ മെയ് 28ന് റാദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി വന്നത്.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണത്തില്‍ 80:20 അനുപാതം വിവേചനമാണെന്നായിരുന്നു ഹൈക്കോടതി നിലപാട്. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി നല്‍കണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരേ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതി പഠിച്ച് റിപോര്‍ട്ട് ചെയ്ത സച്ചാര്‍ കമ്മിറ്റിയുടേയും പാലൊളി കമ്മിറ്റിയും സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ 2011 ലാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.
സച്ചാര്‍ കമ്മീഷന്‍ റിപോര്‍ട്ട് പ്രകാരം മുസ്‌ലിം പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പുകള്‍ പൂര്‍ണമായും മുസ്‌ലിം സമുദായത്തിന് അവകാശപ്പെട്ടതാണ് എന്നാണ് മുസ്‌ലിം സംഘടനകളുടെ നിലപാട്. ഹൈക്കോടതി വിധിയെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് സര്‍ക്കാര്‍ വിളിച്ചുചേര്‍ന്ന വിവിധ സംഘടനകളുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. സമിതിയുടെ റിപോര്‍ട്ട് അനുസരിച്ച് മുന്നോട്ടുപോവുമെന്നാണ് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച് തുടര്‍നടപടികളൊന്നുമുണ്ടായില്ല.