മലബാര്‍ പോര്‍ട്ട് ലിമിറ്റഡിന്റെ കരട് പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം

Update: 2024-08-21 10:43 GMT

തിരുവനന്തപുരം: മലബാര്‍ ഇന്റര്‍നാഷനല്‍ പോര്‍ട്ട് ആന്റ് സെസ് ലിമിറ്റഡിന്റെ കരട് പദ്ധതി റിപോര്‍ട്ടിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്(സിഎംഡി) തയ്യാറാക്കി സമര്‍പ്പിച്ച സാമ്പത്തിക ഘടനാ റിപോര്‍ട്ട് അംഗീകരിച്ച് നടപടി സ്വീകരിക്കും. പദ്ധതിയുടെ തുടര്‍ന്നുള്ള ഘട്ടങ്ങളിലെ വികസനത്തിന് സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാവാതിരിക്കാന്‍ കണ്‍സഷണയര്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്റെ ഒരുഭാഗം പദ്ധതിയുടെ തുടക്കം മുതല്‍ തന്നെ സര്‍ക്കാരിന് ഷെയര്‍ ചെയ്യേണ്ടതാണെന്ന വ്യവസ്ഥ ഇഐഒയില്‍ ഉള്‍പ്പെടുത്തും. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വയബിലിറ്റി ഗ്യാപ് ഫണ്ടിങ്(വിജിഎഫ്) ലഭ്യമാക്കുന്നതിനും തത്വത്തില്‍ അംഗീകാരം നല്‍കി.

    സംസ്ഥാന സര്‍ക്കാര്‍ തുറമുഖ വകുപ്പിന് കീഴില്‍ നടപ്പാക്കുന്ന പ്രധാന പദ്ധതിയാണ് കണ്ണൂര്‍ അഴീക്കല്‍ അന്താരാഷ്ട്ര ഗ്രീന്‍ഫീല്‍ഡ് പോര്‍ട്ടും അതോടനുബന്ധിച്ച് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്/പ്രത്യേക സാമ്പത്തിക മേഖലകള്‍ എന്നിവയുടെ വികസനവും. ഇതിനായി മലബാര്‍ ഇന്റര്‍നാഷനല്‍ പോര്‍ട്ട് ആന്റ് സെസ് ലിമിറ്റഡ് എന്ന പേരില്‍ പ്രത്യേക കമ്പനി മുഖ്യമന്ത്രി ചെയര്‍മാനായി രൂപീകരിച്ചിട്ടുണ്ട്. 14.1 മീറ്റര്‍ ആഴമുള്ളതും 800075,000 ഡിഡബ്ല്യുടി അല്ലെങ്കില്‍ 5000 ടിഇയു വരെ ശേഷിയുള്ള പനമാക്‌സ് വലിപ്പമുള്ള കണ്ടയിനര്‍ കപ്പലുകള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കുന്ന തരത്തിലുള്ള തുറമുഖ വികസനവും വ്യവസായ പാര്‍ക്കുകള്‍ / പ്രത്യേക സമ്പത്തിക മേഖലകള്‍ വഴി മലബാറിന്റെ വ്യവസായ വാണിജ്യ വികസനത്തിനുമാണ് പദ്ധതി ലക്ഷ്യംവെക്കുന്നത്.

    പദ്ധതി പ്രദേശത്തെ വിശദമായ മണ്ണ് പരിശോധന(ജിയോ ടെക്‌നിക്കല്‍ ഇന്‍വസ്റ്റിഗേഷന്‍) പൂര്‍ത്തിയാക്കി. അന്തിമ റിപോര്‍ട്ട് 2022 ജനുവരിയില്‍ ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് സാങ്കേതിക കണ്‍സള്‍ട്ടന്റ് സമര്‍പ്പിച്ച ഡിസൈന്‍ റിപോര്‍ട്ട് പ്രകാരം പുലിമുട്ട് ഡിസൈന്‍ മാറ്റങ്ങള്‍ വരുത്തേണ്ടതാണെന്ന് കണ്ടെത്തി. ഐഐടി മദ്രാസ് പരിശോധിച്ച് ബ്രേക്ക് വാട്ടര്‍ ഫൗണ്ടേഷന്‍ മാറ്റിക്കൊണ്ടുള്ള ശുപാര്‍ശകളോടെ ഡിസൈന്‍ റിപോര്‍ട്ട് സാങ്കേതിക കണ്‍സള്‍ട്ടന്റ് തയ്യാറാക്കി. വിശദമായ പാരിസ്ഥിതിക പഠനങ്ങളും മറ്റു നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. കയറ്റുമതി-ഇറക്കുമതി വ്യാപാരം വര്‍ധിപ്പിക്കാനും തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വികസനത്തിനും പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ട്. ഇതിന്റെ കണ്‍സള്‍ട്ടന്റ്, ടാറ്റ കണ്‍സള്‍ട്ടിങ് എഞ്ചിനീയേഴ്‌സ് ലിമിറ്റഡ്(ടിസിഇ) പ്രത്യേക സാമ്പത്തിക മേഖലകളുടെ(എസ്ഇഇസഡ്) ഇന്‍സെപ്ഷന്‍ റിപോര്‍ട്ട് 2021 മാര്‍ച്ചിലും, ഹിന്റ്ര്‍ലാന്‍ഡ് ബിസിനസ് പൊട്ടന്‍ഷ്യല്‍ റിപോര്‍ട്ട് 2022 മാര്‍ച്ചിലും സമര്‍പ്പിച്ചു. വ്യവസായ പാര്‍ക്കുകളുടെ വികസനത്തിനും മറ്റുമായി കണ്ണൂര്‍, കാസര്‍കോഡ്, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഭൂമി ഏറ്റെടുക്കാനും കൈമാറാനുമുള്ള പ്രാരംഭ നടപടികളും മാസ്റ്റര്‍പ്ലാനും തയ്യാറാക്കുകയാണെന്നും മന്ത്രിസഭാ യോഗം അറിയിച്ചു.

Tags:    

Similar News