റെഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയ വൈദ്യുതി കരാറുകള്‍ക്ക് മന്ത്രിസഭാ അംഗീകാരം
കൊച്ചി: റെഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയ വൈദ്യുതി കരാറുകള്‍ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ചീഫ് സെക്രട്ടറിയുടെ റിപോര്‍ട്ട് പരിഗണിച്ചും പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് തീരുമാനമെടുക്കുന്നതെന്നും ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭായോഗം അറിയിച്ചു. പിശകുകള്‍ ചൂണ്ടിക്കാട്ടി റെഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയ കരാറിനാണ് അംഗീകാരം നല്‍കിയത്. പുതിയ ടെന്‍ഡര്‍ വിളിച്ചാല്‍ ഉയര്‍ന്ന വില നല്‍കേണ്ടി വരും. ഇത് വൈദ്യുതി ചാര്‍ജിലും പ്രതിഫലിക്കും. അതിനാല്‍ റെഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയ കരാറുകള്‍ക്ക് സാധൂകരണം നല്‍കുന്നതാണ് ഉചിതമെന്നും മന്ത്രിസഭാ വിലയിരുത്തി.
യുഡിഎഫ് ഭരണകാലത്താണ് ഒരു മാസത്തെ ഇടവേളയില്‍ രണ്ട് ദീര്‍ഘകാല വൈദ്യുതി കരാറുകളില്‍ ഏര്‍പ്പെട്ടത്. ടെന്‍ഡര്‍ മാനദണ്ഡങ്ങളില്‍ വീഴ്ചവരുത്തിയതിനെ തുടര്‍ന്ന് റെഗുലേറ്ററി കമ്മീഷന്‍ കരാര്‍ അംഗീകരിച്ചിരുന്നില്ല. ഒരു മാസത്തെ ഇടവേളയില്‍ രണ്ട് ദീര്‍ഘകാല കരാറുകള്‍ വിളിച്ചതില്‍ അസ്വാഭാവികത ഉണ്ടെന്ന് മുന്‍ ചീഫ് സെക്രട്ടറി ടോം ജോസും നിലപാട് എടുത്തിരുന്നു. ഒന്നാമത്തെ ടെന്‍ഡറില്‍ രണ്ടാമത് വന്ന കമ്പനിക്ക് രണ്ടാമത്തെ ടെന്‍ഡര്‍ നല്‍കിയതാണ് പ്രധാന പിഴവായി റെഗുലേറ്ററി കമ്മീഷനും ഊര്‍ജ്ജവകുപ്പും ചൂണ്ടിക്കാട്ടിയിരുന്നത്.