13കാരിയെ കണ്ടെത്താന്‍ വ്യാപക തിരച്ചില്‍; കന്യാകുമാരി കേന്ദ്രീകരിച്ച് അന്വേഷണം
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് ഇന്നലെ രാവിലെ കാണാതായ അസം സ്വദേശിനി 13കാരിയായ തസ്മിദ് തംസിനെ കണ്ടെത്താനായി കന്യാകുമാരി കേന്ദ്രീകരിച്ച് വ്യാപക പരിശോധന. കുട്ടിയെ ഇന്ന് പുലര്‍ച്ചെ 5.30ന് കണ്ടതായി കന്യാകുമാരിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ അറിയിച്ചതോടെയാണ് അന്വേഷണം വ്യപകമാക്കിയത്. കേരളാ പോലിസിനോടൊപ്പം കന്യാകുമാരി എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും തിരച്ചിലില്‍ പങ്കാളിയായിട്ടുണ്ട്. തിരുവനന്തപുരം ഡിസിപി കന്യമാകുമാരി പോലിസിന് വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ പുലര്‍ച്ചെ നാല് മുതല്‍ കന്യാകുമാരി പോലിസ് തിരച്ചില്‍ ആരംഭിച്ചിരുന്നു. കുട്ടി ബീച്ച് റോഡിലേക്ക് പോയെന്നാണ് ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞത്.
കഴക്കൂട്ടത്ത് താമസിക്കുന്ന അസം സ്വദേശികളുടെ മകളായ തസ്മിദ് തംസിനെ ഇന്നലെ രാവിലെ 10മുതലാണ് കാണാതായത്. സഹോദരിയുമായി വഴക്കുണ്ടാക്കിയതിന് മാതാവ് ശകാരിച്ചതിന് വീടുവിട്ട് ഇറങ്ങുകയായിരുന്നു. ബാഗും വസ്ത്രങ്ങളും 50 രൂപയുമാണ് കുട്ടിയുടെ കൈവശമുണ്ടായിരുന്നത്. പരാതി ലഭിച്ചതിന് പിന്നാലെ തന്നെ പോലിസ് വ്യാപക തിരച്ചില്‍ ആരംഭിച്ചെങ്കിലും 26 മണിക്കൂര്‍ പിന്നിട്ടിട്ടും കണ്ടെത്താനായിട്ടില്ല.
ഇതിനിടെ, കുട്ടിയെ കന്യാകുമാരിയിലേക്ക് പോവുന്ന ഐലന്‍ഡ് എക്‌സ്പ്രസില്‍ കണ്ടതായി വിവരം ലഭിച്ചു. ബബിത എന്ന വിദ്യാര്‍ഥിനിയാണ് കരഞ്ഞുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ ചിത്രം പകര്‍ത്തിയത്. നിര്‍ണായക തെളിവായി മാറിയ ചിത്രം കുട്ടിയുടെ പിതാവ് സ്ഥിരീകരിച്ചതോടെ ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോയത്. കുട്ടി കന്യാകുമാരി ഭാഗത്തുണ്ടാവുമെന്ന് തന്നെയാണ് പോലിസ് നിഗമനം. ട്രെയിന്‍ കന്യാകുമാരിയിലെത്തിയ സമയത്തെ ദൃശ്യങ്ങളടക്കം പരിശോധിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല. 3.30 മുതല്‍ വൈകീട്ട് നാലു വരെയുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല. ട്രെയിന്‍ എത്തിയ മൂന്നാം പ്ലാറ്റ്‌ഫോമിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചിരുന്നു. കന്യാകുമാരി ബീച്ചിലും പരിശോധന നടത്തി. കുട്ടിയെ കാണാതായിട്ട് 26 മണിക്കൂര്‍ പിന്നിട്ടിട്ടും ഇതുവരെ കണ്ടെത്താനായിട്ടില്ല.