മുസ് ലിം ലീഗിന്റെ വോട്ടുവിഹിതത്തില്‍ വന്‍ ഇടിവ്; ലീഗ് അനുകൂല ബൗദ്ധിക കൂട്ടായ്മയുടെ പഠന റിപോര്‍ട്ട് പുറത്ത്

ഒരുകാലത്ത് ലീഗിന്റെ സിറ്റിങ് സീറ്റായ ഗുരുവായൂരില്‍ ഇത്തവണ അഡ്വ. കെഎന്‍എ ഖാദര്‍ മല്‍സരിച്ച് തോറ്റതിനു പുറമെ കഴിഞ്ഞ മൂന്നുതവണയായി വോട്ടുവിഹിതത്തിലെ വ്യത്യാസം കൂടിക്കൂടി വരികയാണ്. മൂന്നു തവണകളിലായി -7.78, -10.23, -12.45 എന്നിങ്ങനെയാണ് വ്യത്യാസം. കുഞ്ഞാലിക്കുട്ടിയുടെ വേങ്ങരയില്‍ 2011ല്‍ 38.42 ശതമാനമാണെങ്കില്‍ തുടര്‍ന്നുള്ള തിരഞ്ഞെടുപ്പുകളില്‍ യഥാക്രമം 31.46, 23.26 എന്നിങ്ങനെയായി കുറഞ്ഞു.

Update: 2021-06-16 12:18 GMT

കോഴിക്കോട്: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇന്ത്യന്‍ യൂനിയന്‍ മുസ് ലിം ലീഗിന്റെ വോട്ടുവിഹിതത്തില്‍ വന്‍ ഇടിവെന്ന് പഠന റിപോര്‍ട്ട്. ലീഗ് അനുഭാവികളുടെ ബൗദ്ധിക കൂട്ടായ്മയായ ഇന്ത്യന്‍ മുസ് ലിം അക്കാദമിയ(ഐഎംഎ) തയ്യാറാക്കിയ പഠനറിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 'കേരള നിയമസഭ: മുസ് ലിം ലീഗ്' പ്രകടനം എന്ന പേരിലുള്ള കൈപുസ്തകത്തിന്റെ പൂര്‍ണരൂപം തേജസ് ന്യൂസിന് ലഭിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ(2011-2021) കേരളത്തില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന്റെ ഭാഗമായി മല്‍സരിച്ച മുസ് ലിം ലീഗ് പാര്‍ട്ടിക്ക് ലഭിച്ച വോട്ട് വിഹിത വ്യത്യാസത്തില്‍ വന്‍ കുറവുണ്ടായെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖകള്‍ ഉദ്ധരിച്ച് ഐഎംഎ പഠന റിപോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്. സാധാരണക്കാര്‍ക്കു പോലും എളുപ്പത്തില്‍ മനസ്സിലാവുന്ന വിധത്തില്‍ മൂന്നു തിരഞ്ഞെടുപ്പുകളിലും ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുനില ഗ്രാഫ് രൂപത്തിലാക്കിയാണ് അവതരിപ്പിച്ചിട്ടുള്ളത്. മുസ് ലിം ലീഗ് മല്‍സരിച്ച സീറ്റുകളുടെ എണ്ണവും വോട്ടുവിഹിതത്തിന്റെ ശതമാനക്കണക്കും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലീഗ് അനുകൂല സുന്നി വിഭാഗമായ സമസ്തയ്ക്കു കീഴിലുള്ള ചെമ്മാട് ദാറുല്‍ ഹുദയില്‍ നിന്ന് ഹുദവി ബിരുദവും ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ സര്‍വലകലാശാലയില്‍ മീഡിയ സ്റ്റഡീസില്‍ ഗവേഷക വിദ്യാര്‍ഥിയുമായ നൗഷാദ് തൂമ്പത്ത്, ദാറുല്‍ ഹുദയില്‍ നിന്ന് ഹുദവി ബിരുദവും മുംബൈയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോപുലേഷന്‍ സ്റ്റഡീസില്‍ ഗവേഷക വിദ്യാര്‍ഥിയുമായ പി അഫ്‌സലും ചേര്‍ന്നാണ് റിപോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.      

നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മുസ് ലിം ലീഗിന്റെ വോട്ടുവിഹിതത്തിലെ വ്യത്യാസം കുറഞ്ഞുവരികയാണെന്ന വസ്തുതയാണ് ഡാറ്റ അനാലിസിസിലൂടെ വ്യക്തമാക്കുന്നുണ്ട്. 2011ല്‍ യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ മുസ് ലിം ലീഗ് ആകെ 23 സീറ്റുകളില്‍ മല്‍സരിച്ച് 20 സീറ്റുകളില്‍ ജയിച്ചപ്പോള്‍ വോട്ടുവിഹിതത്തിലെ വ്യത്യാസം 7.92 ശതമാനവും 2016ല്‍ ഭരണനഷ്ടമുണ്ടായപ്പോള്‍ 23ല്‍ 18 സീറ്റ് ജയിച്ചെങ്കിലും വോട്ടുവിഹിതം 7.4 ശതമാനമാണ്. ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിച്ച 2021ല്‍ ആകെ 27 സീറ്റുകളില്‍ മല്‍സരിച്ച് 15 സീറ്റുകളില്‍ മാത്രമാണ് ജയിക്കാനായത്. ആകെ വോട്ടുവിഹിതം 8.27 ശതമാനമാണെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരുകാലത്ത് ലീഗിന്റെ സിറ്റിങ് സീറ്റായ ഗുരുവായൂരില്‍ ഇത്തവണ അഡ്വ. കെഎന്‍എ ഖാദര്‍ മല്‍സരിച്ച് തോറ്റതിനു പുറമെ കഴിഞ്ഞ മൂന്നുതവണയായി വോട്ടുവിഹിതത്തിലെ വ്യത്യാസം കൂടിക്കൂടി വരികയാണ്. മൂന്നു തവണകളിലായി -7.78, -10.23, -12.45 എന്നിങ്ങനെയാണ് വ്യത്യാസം. കുഞ്ഞാലിക്കുട്ടിയുടെ വേങ്ങരയില്‍ 2011ല്‍ 38.42 ശതമാനമാണെങ്കില്‍ തുടര്‍ന്നുള്ള തിരഞ്ഞെടുപ്പുകളില്‍ യഥാക്രമം 31.46, 23.26 എന്നിങ്ങനെയായി കുറഞ്ഞു. കഴിഞ്ഞ തവണ ഡോ. എം കെ മുനീര്‍ വിജയിക്കുകയും ഇത്തവണ, കാല്‍ നൂറ്റാണ്ടിനു ശേഷം വനിതാപ്രാധിനിധ്യം നല്‍കി അഡ്വ. നൂര്‍ബിനാ റഷീദ് മല്‍സരിക്കുകയും ചെയ്ത കോഴിക്കോട് സൗത്തിലാണ് ഏറ്റവും വലിയ ഇടിവുണ്ടായത്. 2011ല്‍ വോട്ടുവിഹിതത്തിലെ വ്യത്യാസം 1.33 ശതമാനമാണെങ്കില്‍ 2016ല്‍ 5.47, 2021ല്‍ -10.45 എന്നിങ്ങനെയാണ് ഇടിഞ്ഞത്. കുന്ദമംഗലത്തും എല്ലാവര്‍ഷവും താഴോട്ടേക്കു പോവുകയാണ്.


    ഡല്‍ഹി ജെഎന്‍യു, ഹൈദരാബാദ് തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദ്യാര്‍ഥി കൂട്ടായ്മയായ ഇന്ത്യന്‍ മുസ് ലിം അക്കാദമിയ(ഐഎംഎ) വര്‍ഷങ്ങള്‍ക്കു മുമ്പാണ് രൂപീകരിച്ചത്. ബൗദ്ധിക തലത്തില്‍ മുസ് ലിം രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വിവിധ സെമിനാറുകളും മറ്റും സംഘടിപ്പിച്ചിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിയുടെ ഇടയ്ക്കിടെയുള്ള രാജിയും തിരഞ്ഞെടുപ്പിലെ തോല്‍വിയുമെല്ലാം മുസ് ലിം ലീഗിലും യൂത്ത് ലീഗിലും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ലീഗില്‍ നേതൃത്വത്തിനെതിരേ വിമര്‍ശനം ഉയര്‍ത്തുന്നതിലും ഇന്ത്യന്‍ മുസ് ലിം അക്കാദമിയയുടെ പഠനങ്ങളും വിവരശേഖരണങ്ങളും വഴിവച്ചിരുന്നു. ഇക്കുറി ഭരണനഷ്ടത്തിനു പുറമെ വോട്ടുവിഹിതത്തിലെ ഇടിവ് സംബന്ധിച്ച് കൃത്യമായ ഡാറ്റകള്‍ ഉപയോഗിച്ചുള്ള പുതിയ റിപോര്‍ട്ടും പാര്‍ട്ടിയില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിവയ്ക്കുമെന്നുറപ്പാണ്. യുവാക്കള്‍ പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ പോലും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നില്ലെന്നും സമുദായ പാര്‍ട്ടി എന്ന നിലയില്‍ മുസ് ലിം സമുദായത്തിന്റെ സുപ്രധാന വിഷയങ്ങളില്‍ നിലപാടെടുക്കുന്നതിലെ വീഴ്ചയാണ് ഇതിനു കാരണമെന്നും വിമര്‍ശനമുയരുന്നുണ്ട്. അനുയായികളുടെ നിലവാരം പോലും ചിലപ്പോള്‍ നേതാക്കളും പാര്‍ട്ടിയും പാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

 (ഐഎംഎയുടെ പഠന റിപോര്‍ട്ട്)


    അതേസമയം, 2011 നെ അപേക്ഷിച്ച് 2021ല്‍ കൂടുതല്‍ സീറ്റില്‍ മല്‍സരിച്ചതിനാല്‍ ആകെയുള്ള വോട്ടിങ് ശതമാനത്തില്‍ വര്‍ധനവ് ഉണ്ടായെങ്കിലും മണ്ഡലാടിസ്ഥാനത്തില്‍ നടത്തിയ പഠനത്തില്‍ 2011ല്‍ ലഭിച്ച വോട്ടുകള്‍ 2016ല്‍ വലിയ തോതില്‍ നഷ്ടപ്പെടുകയും ഇവ 2021ല്‍ തിരിച്ചെത്തുന്നില്ലെന്നുമാണ് കണക്കുകളിലൂടെ സമര്‍ത്ഥിക്കുന്നത്. പാര്‍ട്ടിയുടെ നയ രാഹിത്യവും യുവ-പുതുമുഖ സ്ഥാനാര്‍ത്ഥികളുടെ അസാന്നിധ്യം തുടങ്ങിയവ യുവതലമുറയെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുന്നതായും സാമുദായിക വിഷയത്തില്‍ ലീഗ് സ്വീകരിക്കുന്ന നിസ്സംഗതയും അടിസ്ഥാന വോട്ടുകളില്‍ പോലും വിള്ളല്‍ വീഴ്ത്തുന്നുവെന്ന ആശങ്കയും പഠനറിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Muslim League's vote share plummets: pro-league intellectual community's Study report


Tags:    

Similar News