പശുക്കടത്ത് ആരോപിച്ച് യുപിയില്‍ പിക്കപ്പ് വാന്‍ ഡ്രൈവറായ മുസ്‌ലിം യുവാവിന് ക്രൂര മര്‍ദ്ദനം

സംഘപരിവാര വലതുപക്ഷ സംഘടനകളിലെ അംഗങ്ങളടക്കം 16 അക്രമികളുടെ പേരാണ് കുറ്റപത്രത്തിലുള്ളത്

Update: 2022-03-22 06:28 GMT

മഥുര:ഉത്തര്‍പ്രദേശിലെ മഥുരയില്‍ പശുക്കടത്ത് ആരോപിച്ച് പിക്കപ്പ് വാന്‍ ഡ്രൈവറായ മുസ്‌ലിം യുവാവിന് ക്രൂര മര്‍ദ്ദനം.35 കാരനായ ആമിറാണ് ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായത്.ഗോ മാംസവും പശുക്കളെയും കടത്തുന്നതായി ആരോപിച്ചാണ് ഇദ്ദേഹത്തെ മര്‍ദ്ദിച്ചത്.എന്നാല്‍ വാഹനം ഗ്രാമത്തിലെ ശുചീകരണ ഡ്രൈവിന്റെ ഭാഗമായി മൃഗങ്ങളുടെ അവശിഷ്ടം നീക്കം ചെയ്യാന്‍ ഉപയോഗിച്ചതാണെന്നാണ് പോലിസ് പിന്നീട് കണ്ടെത്തി.സംഭവത്തില്‍ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പോലിസ് കേസെടുത്തു.

രാമേശ്വര്‍ വാല്‍മീകിയെന്ന മഥുര ഗോവര്‍ധന്‍ ഏരിയാ നിവാസിക്കായി വാഹനം ഓടിച്ച ഡ്രൈവറെ ജനക്കൂട്ടം മര്‍ദ്ദിക്കുകയും ചീത്തവിളിക്കുകയും ചെയ്യുകയായിരുന്നു.വെറുതെ വിടാന്‍ അക്രമികളോട് യാചിച്ച ഇദ്ദേഹത്തെ അവര്‍ ലെതര്‍ ബെല്‍റ്റ് കൊണ്ട് അടിക്കുന്നത് വീഡിയോയില്‍ കാണാമായിരുന്നു.മര്‍ദ്ദനമേറ്റ ആമിറിനെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മൃഗങ്ങളുടെ ശരീരാവശിഷ്ടം നീക്കാന്‍ ജില്ലാ പഞ്ചായത്തിന്റെ ലൈസന്‍സോടെയാണ് ആമിര്‍ പിക്കപ്പ് വാന്‍ ഓടിച്ചിരുന്നതെന്ന് പോലിസ് കണ്ടെത്തി.വാഹനത്തിനകത്ത് ഗോമാംസമോ ബീഫോ ഇല്ലെന്ന് തങ്ങളുടെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായും പോലിസ് വ്യക്തമാക്കി.ഇരയുടെ പരാതിയിലാണ് കേസെടുത്തതെന്നും മഥുര പോലിസ് സൂപ്രണ്ട് മാര്‍താനന്ദ് പ്രകാശ് സിങ് അറിയിച്ചു.സംഘപരിവാര വലതുപക്ഷ സംഘടനകളിലെ അംഗങ്ങളടക്കം 16 അക്രമികളുടെ പേരാണ് കുറ്റപത്രത്തിലുള്ളത്.

Tags:    

Similar News