തിരഞ്ഞെടുപ്പ് ജയിക്കാന്‍ മുസ് ലിം യുവാക്കളെ ഭീകരവാദികളാക്കുന്നു; യുപി സര്‍ക്കാരിനെതിരേ പിയുസിഎല്‍ റിപോര്‍ട്ട്
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാനത്ത് നിരപരാധികളായ മുസ് ലിം യുവാക്കളെ യുപി സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കുന്നതായി പിയുസിഎല്‍ റിപോര്‍ട്ട്. ഭീകരവാദ കേസുകളില്‍ പ്രതിചേര്‍ത്ത് സമുദായ ധ്രുവീകരണം വര്‍ധിപ്പിച്ച് അടുത്ത തിരഞ്ഞെടുപ്പ് ജയിക്കാനുള്ള ശ്രമമെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം അലഹബാദില്‍ നിന്ന് നാല് യുവാക്കളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതും പിയുസിഎല്‍ തെളിവായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിരപരാധികളെ അറസ്റ്റ് ചെയ്യുന്നത് രാജ്യത്തെ ജനാധിപത്യ വ്യവസ്ഥക്ക് ദോഷകരമാണെന്ന് പിയുസിഎല്‍ ആരോപിക്കുന്നു. അലഹബാദിലെ പിയുസിഎല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ അന്വേഷണ റിപോര്‍ട്ടിലാണ് യുപി സര്‍ക്കാരിന്റെ പുതിയ തന്ത്രത്തെക്കുറിച്ച് സൂചനയുള്ളത്.
സപ്തംബര്‍ 15ാം തിയ്യതി അലഹബാദില്‍ പുറത്തിറങ്ങിയ പത്രങ്ങളില്‍ ഭീകര വാദികളെക്കുറിച്ചുള്ള നിരവധി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു.
തിരഞ്ഞെടുപ്പിന് മുമ്പ് സമൂഹത്തെ ധ്രുവീകരിച്ച് ഹിന്ദുവോട്ടുകള്‍ ഏകീകരിക്കാന്‍ ശ്രമിക്കുകയാണ്. പോലിസ് പറയുന്ന കഥകളില്‍ നിരവധി സംശയങ്ങളുണ്ടെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടി.
''സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഭീകരര്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന വാര്‍ത്തക്കൊപ്പം നാല് പേരെ അലഹബാദില്‍ നിന്നും റായ് ബറേലിയില്‍നിന്നും ലഖ്‌നോവില്‍ നിന്നും ഓരോരുത്തരെയും അറസ്‌റ് ചെയ്ത വാര്‍ത്തയുണ്ടായിരുന്നു. യുപി ഭീകരവിരുദ്ധ സ്‌ക്വാഡാണ് എല്ലാ വര്‍ത്തകളും നല്‍കിയത്. സപ്തംബര്‍ 15ന് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അതില്‍ രണ്ട് പേരെ അലഹബാദില്‍ നിന്നും അറസ്റ്റ് ചെയ്തു. പിന്നീടുള്ള വാര്‍ത്തകളില്‍ പക്ഷേ, അലഹബാദില്‍ നിന്ന് അറസ്റ്റ് ചെയ്തവരുടെ എണ്ണം നാലായി. അലഹബാദിലെ കണക്കില്‍ ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്ത രണ്ട് സഹോദരങ്ങളുമുണ്ടായിരുന്നു. അലഹബാദില്‍ നിന്ന് അറസ്റ്റ് ചെയ്ത ഹുമൈദിന്റെ കുടുംബക്കാരായിരുന്നു അവര്‍- റിപോര്‍ട്ട് പറയുന്നു.
സപ്തംബര്‍ 14 മുതല്‍ ഇത്തരം നിരവധി വാര്‍ത്തകളാണ് മാധ്യമങ്ങള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചത്. വാര്‍ത്തകളുടെ അസാധാരണമായ ഈ കുത്തൊഴുക്കു കണ്ടതോടെയാണ് ഇതേ കുറിച്ച് അന്വേഷണം നടത്താന്‍ പിയുസിഎല്‍ തീരുമാനിച്ചത്. കെ കെ റോയി, അഡ്വ. സീമ ആസാദ്, അഡ്വ. ചാര്‍ളി പ്രകാശ്, അഡ്വ. സോണി ആസാദ്, പിയുസിഎല്‍ സെക്രട്ടറി മനിഷ് സിന്‍ഹ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണക്കമ്മീഷനെ നിയമിച്ചു. ജാവേദ് മുഹമ്മദ്, ഉമര്‍ ഖാലിദ്, കലീം, രാഹില്‍ എന്നിവര്‍ പ്രദേശിക തലത്തില്‍ അന്വേഷണത്തില്‍ സഹകരിച്ചു.
സപ്തംബര്‍ 21ന് കമ്മിറ്റി അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കുടുംബങ്ങളെ കണ്ടു. കൂട്ടത്തില്‍ ഹുമൈദ്, സീഷാന്‍ എന്നിവരുടെ കുടുംബത്തെയും നേരില്‍ കണ്ടു. താരിഖ്, ഷാരുഖ് എന്നിവരുടെ കുടുംബങ്ങള്‍ അറസ്റ്റിന് ശേഷം ഭീതിയിലാണ്. അവര്‍ ആരുമായും സംസാരിക്കുന്നില്ല. ഷാരൂഖിനെ ചോദ്യം ചെയ്ത് വിട്ടയച്ചെന്ന മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്ന് അയല്‍ക്കാര്‍ പറയുന്നു.
എടിഎസ് നല്‍കിയ വിശദീകരണങ്ങളില്‍ പലതും തെറ്റാണെന്നാണ് കമ്മിറ്റിക്ക് അന്വേഷണത്തില്‍ നിന്ന് ബോധ്യമായത്.
''സീഷാന്‍, താരിഖ് എന്നിവരെ സപ്തംബര്‍ 14നാണ് അറസ്റ്റ് ചെയ്തത്. താരിഖിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. സീഷാന്റെ പിതാവ് പറയുന്നതനുസരിച്ച് അന്ന് രാവിലെ പത്ത് മണിക്ക് എടിഎസ് സീഷാന്റെ വീട്ടിലെത്തി. കുറേനേരം ചോദ്യം ചെയ്തു. എല്ലാ ചോദ്യങ്ങളും ഒരു പ്രത്യേക സംഭവത്തെക്കുറിച്ചായിരുന്നു. എടിഎസ് പിന്നീട് തിരിച്ചുപോയി. ഒരു മണിക്കൂറിനുശേഷം തിരിച്ചുവന്നു, കൂടെ താരിഖുമുണ്ടായിരുന്നു''- റിപോര്‍ട്ട് പറയുന്നു.
സീഷാന്‍ നേരത്തെ ജോലിയുമായി ബന്ധപ്പെട്ട് മസ്‌കറ്റിലായിരുന്നു. സീഷാന്റെ പിതാവും മസ്‌കറ്റിലായിരുന്നു. ചെറുപ്പത്തില്‍ സീഷാന്‍ വളര്‍ന്നത് മസ്‌കറ്റിലാണ്. ലോക്ക് ഡൗണ്‍ കാലത്ത് നാട്ടില്‍ തിരികെയെത്തി. കുറേ ദിവസം വെറുതേയിരുന്നു. പിന്നീട് താഹിര്‍ പറഞ്ഞതനുസരിച്ച് ഹുമൈദിനെ കണ്ടു. ഹുമൈദിന് ഈന്തപ്പഴം ബിസിനസ്സായിരുന്നു. സൗദിയില്‍നിന്നാണ് ഈന്തപ്പഴം കൊണ്ടുവന്നിരുന്നത്. പിന്നീട് അത് വിവിധ പ്രദേശങ്ങളിലേക്ക് കയറ്റി അയക്കും. പക്ഷേ, പലപ്പോഴും പണം പിരിഞ്ഞുകിട്ടിയിരുന്നില്ല. സീഷാന്‍ പാകിസ്താനിലേക്ക് പോയി ഐഎസ്‌ഐ പരിശീലനം നേടിയെന്നാണ് എടിഎസ്സിന്റെ ആരോപണം. സീഷാന്റെ പിതാവ് എല്ലാ ആരോപണവും നിഷേധിച്ചു. പാകിസ്താനില്‍ തങ്ങള്‍ക്ക് ബന്ധുക്കള്‍ പോലുമില്ലെന്ന് അവര്‍ പറയുന്നു.
അലഹബാദില്‍ നിന്ന് കസ്റ്റഡിയിലെടുത്ത സീഷാനെ സപ്തംബര്‍ 15ന് ഡല്‍ഹി പാട്യാല കോടതിയില്‍ ഹാജരാക്കി. അതേ ദിവസം ആറ് പേരെ ഭീകരരെന്ന പേരില്‍ എടിഎസ് അറസ്റ്റ് ചെയ്തു. അവരുടെ അറസ്റ്റ് റിപോര്‍ട്ടില്‍ സീഷാന്റെയും താരിഖിന്റെ പേരുകളുമുണ്ടായിരുന്നു.
പിയുസിഎല്‍ സംഘം ഹുമൈദിന്റെ സഹോദരിമാരെയും സഹോദരന്മാരെയും കണ്ടു.
റിപോര്‍ട്ട് തുടരുന്നു: സപ്തംബര്‍ 15ന് 40-50 പേരടങ്ങുന്ന എടിഎസ് സംഘം ഹുമൈദിന്റെ വീട്ടിലേക്ക് ഇരച്ചുകയറി. അവരുടേത് ഒരു കൂട്ടുകുടുംബമാണ്. വന്നവര്‍ എല്ലാ മുറികളിലും കയറിയിറങ്ങി മൊബൈല്‍ അടക്കമുള്ള എല്ലാം കസ്റ്റഡിയിലെടുത്തു. സഹോദരിമാര്‍ പോലിസിനോട് വിവരം അന്വേഷിച്ചു. എന്നാല്‍ നിങ്ങളുടെ കയ്യില്‍ ലൈസന്‍സ് ഉള്ള എത്ര ആയുധങ്ങളുണ്ടെന്നായിരുന്നു തിരിച്ചുചോദിച്ചത്. എത്ര പേര്‍ സര്‍ക്കാര്‍ ജോലിയിലുണ്ടെന്നും ചോദിച്ചു. തങ്ങള്‍ക്ക് ആയുധലൈസന്‍സില്ലെന്ന് കുടുംബം പോലിസിനെ അറിയിച്ചു. അവര്‍ ഹുമൈദിന്റെ ഭാര്യയെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു. ഒരേ കാര്യം വീണ്ടും വീണ്ടും ചോദിച്ചു. ഹുമൈദ് രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. രണ്ടാം ഭാര്യയെയും പോലിസ് ചോദ്യം ചെയ്തു''.
ഹുമൈദിന്റെ ഡല്‍ഹിയിലെ രണ്ട് മരുമക്കളെയും പോലിസ് ചോദ്യം ചെയ്തിരുന്നു. രണ്ടു പേരും ഈന്തപ്പഴ ബിസിനസ്സിലാണ് ഉള്ളത്. മരുമക്കളുടെ പിതാവാണ് സൗദിയില്‍ ഈ ബിസിനസ്സ് ചെയ്യുന്നത്. അത് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത് ഹുമൈദാണ്. എടിഎസ്സിനു പുറമെ ഇ ഡിയും ഹുമൈദിനെതിരേ കേസെടുത്തിട്ടുണ്ട്.
എടിഎസ് ഹുമൈദിന്റെ കുടുംബത്തിലെ മൊബൈല്‍ ഫോണുകള്‍ കൈക്കലാക്കിയിരിക്കുകയാണ്. ഹുമൈദിന്റെ സഹോദരന്മാരുടെ ഭാര്യമാര്‍ ഗര്‍ഭിണികളാണ്. മൊബൈല്‍ ഇല്ലാതായതോടെ അവര്‍ക്ക് ആരെയും വിളിക്കാന്‍ കഴിയാതായി. വീട് റെയ്ഡ് ചെയ്ത് രണ്ട് ദിവസത്തിനുശേഷം ഹുമൈദ് പോലിസില്‍ നേരിട്ട് ഹാജരാവുകയായിരുന്നു.
സപ്തംബര്‍ എട്ടിന് ഫേസ് ബുക്കില്‍ ഷാരൂക്കിന്റെ ഒരു വീഡിയോ പുറത്തുവന്നു. ഇതേ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാളാണ് ഷാരൂഖും. പൗള്‍ട്രി ഫാമില്‍ സൂക്ഷിച്ച ബോക്‌സില്‍ എന്താണെന്ന് തനിക്കറിയില്ലെന്ന് ഷാരൂഖ് ആ വീഡിയോയില്‍ പറയുന്നു.
ബോക്‌സ് ഹുമൈദ് തന്നതാണ്. അത് തുറന്നുനോക്കിയിട്ടില്ല. സപ്തംബര്‍ 14ന് എടിഎസ്സില്‍ നിന്ന് ഷാരൂഖിന് ഒരു ഫോണ്‍ വന്നു. അന്നു വൈകീട്ട് ഷാരൂഖ് തിരിച്ച് വിളിച്ചു. പക്ഷേ, ആരും ഫോണ്‍ എടുത്തില്ല. ഷാരൂഖ് സപ്തംബര്‍ 19ന് എടിഎസ്സില്‍ ഹാജരായി. പാകിസ്താന്‍ പിന്തുണയുള്ള ഭീകരരാണ് ഇവരെന്നാണ് എടിഎസ് പറയുന്നത്.
അലഹബാദില്‍ നിന്ന് അറസ്റ്റ് ചെയ്ത സീഷാനെ ഡല്‍ഹിയി കോടതിയിലാണ് ഹാജരാക്കിയത്. ഈ സമയത്ത് അവര്‍ അലഹബാദ് കോടതിയുടെ അനുമതി വാങ്ങിയിരുന്നില്ല. മാത്രമല്ല, 24 മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കിയതുമില്ല.
അറസ്റ്റ് ചെയ്യപ്പെട്ട നെനിയെന്നയാളുടെ പൗള്‍ട്രി ഫാമില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയെന്നാണ് എടിഎസ് പറയുന്നത്. പിടിച്ചെടുത്തെന്ന് അവകാശപ്പെടുന്ന പെട്ടി ഇതുവരെ മാധ്യമങ്ങള്‍ക്കു മുന്നില്‍ ഹാജരാക്കപ്പെട്ടിട്ടില്ല. ഈ കേസില്‍ നിന്നാണ് എല്ലാ കേസും രൂപപ്പെടുത്തിയിട്ടുള്ളത്.
തന്റെ മകന്‍ ഐഎസ്‌ഐ ഭീകരനാണെങ്കില്‍ പോലിസില്‍ ഹാജരാവുമോയെന്നാണ് പിതാവ് ചോദിക്കുന്നത്. പോലിസിന്റെ വ്യാജകഥകളാണെന്ന് അദ്ദേഹം പറയുന്നു.
വിവിധ തലത്തിലുള്ള ജഡ്ജിമാരുടെ ഒരു പാനല്‍ ഈ കേസ് അന്വേഷിക്കണമെന്നാണ് പിയുസിഎല്‍ ആവശ്യപ്പെടുന്നത്.