മുസ്‌ലിംകള്‍ ബിജെപിക്കെതിരെ എല്ലാ ഭിന്നതകളും മാറ്റിവെച്ച് ഒരുമിക്കണം: സാകിര്‍ നായിക്
ഇന്ത്യന്‍ ജനസംഖ്യയില്‍ മുസ്ലിംകളും ദളിതരും കൂടിചേരുമ്പോള്‍ 600 ദശലക്ഷത്തോളം ഉണ്ടാകും. അത്തരമൊരു രാഷ്ട്രീയസഖ്യം ഒരു പ്രധാന ശക്തിയായിരിക്കും' സാക്കിര്‍ നായിക് പറഞ്ഞു.
ക്വലാലംപൂര്‍: ഇന്ത്യന്‍ മുസ്‌ലിംകള്‍ അവരെ അടിച്ചമര്‍ത്തുന്ന ബിജെപി സര്‍ക്കാരിനെതിരെ എല്ലാ ഭിന്നതങ്ങളും മാറ്റിവെച്ച് ഒരുമിക്കണമെന്ന് ഇസ് ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയിലാണ് സാകിര്‍ നായിക് ഇക്കാര്യം പറഞ്ഞത്. ഇന്ത്യന്‍ മുസ്‌ലിംകള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലും സാമൂഹിക സംഘടനകളിലുമാണ് പ്രവര്‍ത്തിക്കുന്നത്. അതിനു പുറമെ മുസ്ലിം ഗ്രൂപ്പുകള്‍ പരസ്പരം പോരടിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നു. ഈ സ്ഥിതി മാറണമെന്നും സാകിര്‍ നായിക് ആഹ്വാനം ചെയ്തു.
ബിജെപി അത്ര ശക്തമല്ലാത്ത കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ മുസ്ലിംകള്‍ തയ്യാറാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. 'കഴിഞ്ഞ അഞ്ചാറ് വര്‍ഷമായി ഇന്ത്യയില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ധാരാളം ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. നിരവധി കൊലപാതകങ്ങളും ആക്രമണങ്ങളും നടക്കുന്നുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ 20 കോടി ആയിരിക്കും, ''എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് 25 മുതല്‍ 30 കോടി വരെ ആയിരിക്കാം'' ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യയെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
'ഇന്ത്യയിലെ മുസ്ലിം പ്രത്യേകമായി, മറ്റൊരു പാര്‍ട്ടി ഉണ്ടാക്കണം'. ഫാഷിസത്തെ അനുകൂലിക്കാത്തതും സാമുദായികമല്ലാത്തതുമായ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി ഈ രാഷ്ട്രീയ പാര്‍ട്ടി കൈകോര്‍ക്കണം, 'ദലിതരുമായി ഒന്നിക്കുന്നതാവണം ഈ പാര്‍ട്ടി. ദളിതര്‍ ഹിന്ദുക്കളല്ല. ഇന്ത്യന്‍ ജനസംഖ്യയില്‍ മുസ്ലിംകളും ദളിതരും കൂടിചേരുമ്പോള്‍ 600 ദശലക്ഷത്തോളം ഉണ്ടാകും. അത്തരമൊരു രാഷ്ട്രീയസഖ്യം ഒരു പ്രധാന ശക്തിയായിരിക്കും' സാക്കിര്‍ നായിക് പറഞ്ഞു.
രാജ്യത്തിന് പുറത്തേക്ക് പോകാന്‍ കഴിയാത്ത മുസ്ലിംകള്‍ക്ക് മറ്റൊരു സംസ്ഥാനത്തേക്ക് പോകാമെന്നും ഇത് മുസ്ലിം സമൂഹത്തിന് ഗുണം ചെയ്യുമെന്നും സാക്കിര്‍ നായിക് പറഞ്ഞു. ഇത്തരത്തില്‍ എനിക്ക് ചിന്തിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച സംസ്ഥാനം മൂന്ന് പ്രധാന മതങ്ങള്‍ക്കും ഒരുപോലെ സ്വാധീനമുള്ള കേരളമാണ്. ഹിന്ദുക്കള്‍, മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍ - ഓരോരുത്തരും കേരളത്തിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് വരും. കേരളത്തിലെ ജനങ്ങള്‍ തീവ്രമായ സാമുദായിക ചിന്തയുള്ളവരല്ല. വിവിധ മതങ്ങളിലെ ആളുകള്‍ യോജിപ്പിലാണ് അവിടെ കഴിയുന്നത്. വിവിധ മതങ്ങള്‍ തമ്മില്‍ യാതൊരു സംഘര്‍ഷവുമില്ല. ബിജെപിക്ക് കേരളത്തില്‍ വലിയ സ്വാധീനമില്ല. അതുകൊണ്ടുതന്നെ ഒരു സംസ്ഥാനത്ത് കേന്ദ്രീകരിക്കാന്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് ഏറ്റവും നല്ല മാര്‍ഗം കേരളമാണ്' - സാക്കിര്‍ നായിക് പറഞ്ഞു. '
ബിജെപി സര്‍ക്കാര്‍ വേട്ടയാടാന്‍ തുടങ്ങിയതോടെ 2016 ല്‍ മലേഷ്യയിലേക്ക് പോയ സാകിര്‍ നായികിന് ലോകമെമ്പാടും കോടിക്കണക്കിന് അനുയായികളുണ്ട്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി അവരുമായി അദ്ദേഹം സംവദിക്കാറുമുണ്ട്.