സാക്കിര്‍ നായിക്കിന് ഖത്തറിന്റെ ക്ഷണം; ലോകകപ്പ് ബഹിഷ്‌കരണ ആഹ്വാനവുമായി ബിജെപി വക്താവ്

Update: 2022-11-22 16:10 GMT

ന്യൂഡല്‍ഹി: ഇസ്‌ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ ഫിഫ ലോകകപ്പിലേക്ക് ഖത്തര്‍ ക്ഷണിച്ചതിനെതിരേ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്ത് ബിജെപി വക്താവ്. സര്‍ക്കാരിനോടും ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനുകളോടും ആതിഥേയ രാജ്യത്തേക്ക് പോവുന്ന ഇന്ത്യക്കാരോടും ബിജെപി വക്താവ് സാവിയോ റോഡ്രിഗസ് ആണ് ലോകകപ്പ് ബഹിഷ്‌കരിക്കണമെന്ന് അഭ്യര്‍ഥിച്ചത്. ഫിഫ ലോകകപ്പില്‍ ഇസ്‌ലാമിനെക്കുറിച്ച് പ്രഭാഷണം നടത്താന്‍ സാക്കിര്‍ നായിക്കിനെ ഖത്തര്‍ ക്ഷണിച്ചതായാണ് റിപോര്‍ട്ട്.

ലോകം തീവ്രവാദത്തിനെതിരേ പോരാടുന്ന സമയത്ത് സാക്കിര്‍ നായിക്കിന് ഒരു വേദി നല്‍കുന്നത് വിദ്വേഷം പ്രചരിപ്പിക്കാന്‍ ഒരു 'ഭീകര അനുഭാവിയെ' നല്‍കുന്നതുപോലെയാണെന്ന് റോഡ്രിഗസ് പ്രസ്താവനയില്‍ ആരോപിച്ചു. 'ഫിഫ ലോകകപ്പ് ഒരു ആഗോള സംഭവമാണ്. ലോകമെമ്പാടുമുള്ള ആളുകള്‍ ഈ അത്ഭുതകരമായ കായിക വിനോദത്തിന് സാക്ഷ്യം വഹിക്കാന്‍ വരുന്നു. കൂടാതെ ദശലക്ഷക്കണക്കിനാളുകള്‍ ഇത് ടിവിയിലും ഇന്റര്‍നെറ്റിലും കാണുന്നു. ലോകം ആഗോള ഭീകരതയ്‌ക്കെതിരേ പോരാടുന്ന ഇക്കാലത്ത് സാക്കിര്‍ നായിക്കിന് ഒരു വേദി നല്‍കുന്നത് ഒരു തീവ്രവാദിക്ക് തന്റെ തീവ്രതയും വിദ്വേഷവും പ്രചരിപ്പിക്കാനുള്ള വേദിയൊരുക്കലാണ്'- അദ്ദേഹം പറഞ്ഞു.

'ഭീകരതയ്‌ക്കെതിരായ ആഗോള പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്' ലോകകപ്പ് മല്‍സരം ബഹിഷ്‌കരിക്കാന്‍ ബിജെപി നേതാവ് രാജ്യത്തെ ജനങ്ങളോടും തീവ്രവാദത്തിന്റെ ഇരകളായ വിദേശത്തുനിന്നുള്ളവരോടും അഭ്യര്‍ഥിച്ചു. 'ഇന്ത്യയില്‍ ഇസ്‌ലാമിക തീവ്രതയും വിദ്വേഷവും' പ്രചരിപ്പിക്കുന്നതില്‍ സാക്കിര്‍ നായിക്കിന് നിര്‍ണായക പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യന്‍ നിയമപ്രകാരം സാക്കിര്‍ നായിക് പിടികിട്ടാപ്പുള്ളിയാണ്. കള്ളപ്പണം വെളുപ്പിക്കല്‍, വിദ്വേഷ പ്രസംഗം തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

ഒരു തീവ്രവാദ അനുഭാവിയാണ്. ഉസാമ ബിന്‍ ലാദനെ അദ്ദേഹം പരസ്യമായി പിന്തുണയ്ക്കുകയും ഇന്ത്യയില്‍ ഇസ്‌ലാമിക തീവ്രതയും വിദ്വേഷവും പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്തു- റോഡ്രിഗസ് കൂട്ടിച്ചേര്‍ത്തു. ലോകകപ്പ് വേളയില്‍ സാക്കിര്‍ നായിക് ഖത്തറില്‍ ടൂര്‍ണമെന്റിലുടനീളം നിരവധി മതപ്രഭാഷണങ്ങള്‍ നടത്തുമെന്നാണ് ഖത്തര്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്‌പോര്‍ട്‌സ് ചാനലായ അല്‍കാസിലെ അവതാരകനായ ഫൈസല്‍ അല്‍ഹജ്‌രിയെ ഉദ്ധരിച്ച് അല്‍ അറേബ്യ ന്യൂസ് ശനിയാഴ്ച ട്വിറ്ററില്‍ പറഞ്ഞത്.

അതേസമയം, ഐആര്‍എഫ് സ്ഥാപകന്‍ സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനത്തില്‍ പറയുന്നു. അദ്ദേഹം യുവാക്കളെ ഇസ്‌ലാമിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയും സ്‌ഫോടനങ്ങളെ ന്യായീകരിക്കുകയും ഹിന്ദുക്കള്‍, ഹിന്ദു ദൈവങ്ങള്‍, മറ്റ് മതങ്ങള്‍ എന്നിവയ്‌ക്കെതിരേ ആക്ഷേപകരമായ കമന്റുകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തുന്നു.

Tags:    

Similar News