300ഓളം കശ്മീരികള്‍ യുപി തടവറകളില്‍; പാര്‍പ്പിച്ചത് പ്രത്യേക ബാരക്കുകളില്‍
യുപി ജയിലുകളില്‍ കഴിയുന്ന കശ്മീരികളില്‍ ഭൂരിഭാഗവും 18നും 45നും ഇടയില്‍ പ്രായമുള്ളവരാണ്. നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി തുടങ്ങിയ പാര്‍ട്ടികളിലെ നേതാക്കളും കോളേജ് വിദ്യാര്‍ത്ഥികളും ഗവേഷണ വിദ്യാര്‍ത്ഥികളും പ്രഭാഷകരും അധ്യാപകരും വ്യവസായികളും ഇതില്‍ ഉള്‍പ്പെടും.കശ്മീര്‍ യുവാക്കളെ പ്രതിനിധാനം ചെയ്യുന്ന ഒരു സുപ്രീം കോടതി അഭിഭാഷകന്‍ വരെ ഇക്കൂട്ടത്തിലുണ്ട്.
ലഖ്‌നൗ: ആഗസ്ത് ആദ്യവാരം മുതല്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന 35കാരനായ മകനെ കാണാനാണ് പുല്‍വാമ സ്വദേശിയായ ഗുലാം ആഗ്രയിലെത്തിയത്. എന്നാല്‍, ശ്രീനഗറില്‍നിന്ന് ന്യൂഡല്‍ഹി വഴിയുള്ള നീണ്ട യാത്ര അവസാനിപ്പിച്ചതാവട്ടെ കടുത്ത നിരാശയിലും. ജമ്മു കശ്മീര്‍ പോലിസിന്റെ വെരിഫിക്കേഷന്‍ കത്തില്ലാത്തതിനാല്‍ മകനെ കാണണമെന്ന ആവശ്യം ജയില്‍ ഉദ്യോഗസ്ഥര്‍ നിരസിക്കുകയായിരുന്നു.
കശ്മീര്‍ താഴ്‌വരയില്‍ നിന്ന് അറസ്റ്റ് ചെയ്ത് യുപിയില്‍ തടവിലിട്ട 285 പേരില്‍ ഒരാളാണ് ഗുലാമിന്റെ മകന്‍. ആഗ്രയില്‍ മാത്രം 85 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച 29 പേരെ കൂടി ആഗ്ര ജയിലിലേക്ക് എത്തിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ജയിലുകളില്‍ ഇത്തരത്തില്‍ കശ്മീരികളെ അടച്ചതായാണ് റിപോര്‍ട്ടുകള്‍. കശ്മീരിനുള്ള പ്രത്യേക ഭരണഘടന പദവി റദ്ദാക്കിയതിനു പിന്നാലെ ആയിരക്കണക്കിനു പേരാണ് കശ്മീരില്‍ അറസ്റ്റിലായത്.
ഇവരില്‍ 285 പേരെയാണ് ഉത്തര്‍ പ്രദേശിലെ ജയിലുകളിലേക്ക് മാറ്റിയത്. യുപി ജയിലുകളില്‍ കഴിയുന്ന കശ്മീരികളില്‍ ഭൂരിഭാഗവും 18നും 45നും ഇടയില്‍ പ്രായമുള്ളവരാണ്. നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി തുടങ്ങിയ പാര്‍ട്ടികളിലെ നേതാക്കളും കോളേജ് വിദ്യാര്‍ത്ഥികളും ഗവേഷണ വിദ്യാര്‍ത്ഥികളും പ്രഭാഷകരും അധ്യാപകരും വ്യവസായികളും ഇതില്‍ ഉള്‍പ്പെടും.കശ്മീര്‍ യുവാക്കളെ പ്രതിനിധാനം ചെയ്യുന്ന ഒരു സുപ്രീം കോടതി അഭിഭാഷകന്‍ വരെ ഇക്കൂട്ടത്തിലുണ്ട്.
കശ്മീര്‍ ജയിലുകളില്‍ നിന്നാണ് ഇവരെ യുപിയിലേക്ക് മാറ്റിയത്. കൂടുതല്‍ പേരെ ഇങ്ങോട്ട് മാറ്റുമെന്നാണ് അധികൃതര്‍ പറയുന്നത്.നിലവില്‍ മറ്റ് തടവ് പുള്ളികള്‍ക്കൊപ്പം അല്ല കശ്മീരില്‍ നിന്ന് കൊണ്ടുവന്നവരെ പാര്‍പ്പിക്കുന്നത്. പ്രത്യേക ബാരക്കുകളില്‍ ആണ് ഇവരെ താമസിപ്പിക്കുന്നത്. മറ്റ് തടവുപുള്ളികള്‍ക്കുള്ള സന്ദര്‍ശക സമയമല്ല ഇവര്‍ക്ക് അനുവദിച്ചിരിക്കുന്നത്. ജയിലിലെ മറ്റ് തടവുപുള്ളികള്‍ക്ക് നല്‍കുന്ന അതേ ഭക്ഷണമാണ് ഇവര്‍ക്കും നല്‍കുന്നത്. ഇംഗ്ലീഷ് വര്‍ത്തമാന പത്രങ്ങള്‍ക്ക് വേണ്ടിയാണ് ഇവര്‍ പ്രധാനമായും ആവശ്യം ഉന്നയിക്കുന്നത് എന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.