യൂസഫ് തരിഗാമി കശ്മീരിലേക്ക് മടങ്ങി; വീണ്ടും കസ്റ്റഡിയിലെന്ന് സൂചന
കഴിഞ്ഞ ദിവസമാണ് സുപ്രിം കോടതി തരിഗാമിയെ തിരിച്ചുപോവാന്‍ അനുവദിച്ചത്.
ശ്രീനഗര്‍: പത്ത് ദിവസത്തെ ഡല്‍ഹി എയിംസ് ആശുപത്രിയിലെ ചികില്‍സയ്ക്കു ശേഷം സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി കശ്മീരിലേക്ക് മടങ്ങി. സുപ്രിം കോടതി ഉത്തരവ് പ്രകാരമാണ് മുന്‍ കശ്മീര്‍ എംഎല്‍എയായ 72കാരനായ തരിഗാമി ഡല്‍ഹിയിലെത്തി ചികില്‍സ തേടിയത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര തീരുമാനത്തിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയ പ്രതിപക്ഷ നേതാക്കളില്‍ ഒരാളാണ് തരിഗാമി.
ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി സുപ്രിം കോടതിയെ സമീപിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കശ്മീരില്‍ പോകാനും തരിഗാമിയെ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാനും കോടതി അനുമതി നല്‍കിയിരുന്നു. ഇതു പ്രകാരം തരിഗാമിയെ സന്ദര്‍ശിച്ച യെച്ചൂരി തരിഗാമിയുടെ ആരോഗ്യ സ്ഥിതി മോശമാണെന്ന് റിപോര്‍ട്ട് നല്‍കിയതോടെ ഡല്‍ഹിയിലെത്തിച്ച് ചികിത്സ നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. 35 ദിവസത്തെ വീട്ടുതടങ്കലിനു ശേഷമാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയത്.
അതേസമയം, കശ്മീരില്‍ തിരിച്ചെത്തിയ സിപിഎം നേതാവിനെ വീണ്ടും ഭരണകൂടം കസ്റ്റഡിയിലെടുതതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസമാണ് സുപ്രിം കോടതി തരിഗാമിയെ തിരിച്ചുപോവാന്‍ അനുവദിച്ചത്. കഴിഞ്ഞ ദിവസം യെച്ചൂരിയോടൊപ്പം വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കശ്മീരിന്റെ അവസ്ഥ സംബന്ധിച്ച് തരിഗാമി വെളിപ്പെടുത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നുണക്കഥകള്‍ മാത്രമാണ് കശ്മീരില്‍ നിന്നും പുറത്ത് വരുന്നത് എന്നും രാജ്യം കശ്മീരി ജനതയെ കേള്‍ക്കണമെന്നും അവര്‍ ഇഞ്ചിഞ്ചായി മരിച്ച് കൊണ്ടിരിക്കുകയാണ് എന്നും തരിഗാമി തുറന്നടിച്ചിരുന്നു. ഫറൂഖ് അബ്ദുല്ല തീവ്രവാദിയല്ലെന്നും താന്‍ വിദേശി അല്ലെന്നും വ്യക്തമാക്കിയ തരിഗാമി കശ്മീരിനെ ഒപ്പം ചേര്‍ത്ത് കൊണ്ട് പോകണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.