തിരഞ്ഞെടുപ്പ് തോൽവിയിൽനിന്ന് പാഠം ഉൾക്കൊള്ളണം; ജനങ്ങൾക്കൊപ്പം നിൽക്കണം: പിജയരാജൻ
കണ്ണൂര്‍: തിരഞ്ഞെടുപ്പ് തോല്‍വിയില്‍നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജന്‍. ചരിത്രത്തെ ശരിയായി വിലയിരുത്തി അതിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകാനുള്ള ഊര്‍ജം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ പാനൂരില്‍ പികെ കുഞ്ഞനന്തന്‍ അനുസ്മരണ പരിപാടിയിലാണ് ജയരാജന്റെ പരാമര്‍ശം.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വി മറികടന്നാണ് 2021ല്‍ എല്‍ഡിഎഫ് ഭരണം നേടിയത്. 2016ല്‍ കിട്ടിയ സീറ്റിനേക്കാള്‍ കൂടുതല്‍ സീറ്റ് ലഭിച്ചു. പഴയ ചരിത്രം മറക്കരുത്. നാം ഇതുവരെ ഉയര്‍ത്തിയ ശരികളും നിലപാടും ഉയര്‍ത്തിക്കൊണ്ടുതന്നെ എവിടെയെല്ലാം പോരായ്മകള്‍ സംഭവിച്ചു എന്ന് കൃത്യമായി പരിശോധിച്ച് മുന്നോട്ടുപോകണം, ജയരാജന്‍ പറഞ്ഞു.
വിജയിച്ചാലും പരാജയപ്പെട്ടാലും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം നമ്മളെ പഠിപ്പിച്ചത്. ആ പാഠം ഉള്‍ക്കൊണ്ട് മുന്നോട്ടു പോകണമെന്നും എപ്പോഴും ജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും ജയരാജന്‍ വ്യക്തമാക്കി.