കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം-സി ഐടിയു നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കും. കേരള അനാട്ടമി ആക്റ്റ് പ്രകാരം കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഉപദേശക സമിതിയുടേതാണ് തീരുമാനം. പൊതുദര്‍ശനത്തിനുശേഷം വൈകീട്ടോടെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിന് കൈമാറാനായിരുന്നു തീരുമാനം.
കഴിഞ്ഞ ദിവസം എം എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, മകള്‍ ആശാ ലോറന്‍സ് നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിഷയത്തില്‍ മെഡിക്കല്‍ കോളജ് ഉപദേശക സമിതിക്ക് തീരുമാനമെടുക്കാന്‍ അനുവാദവും നല്‍കി. ഇതേത്തുടര്‍ന്ന് കുടുംബാംഗങ്ങളില്‍ നിന്ന് തേടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ലോറന്‍സിന്റെ മക്കളുടെ വാദങ്ങള്‍ വിശദമായി കേട്ടതായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പ്രതാപ് സോമനാഥ് അറിയിച്ചു. വൈദ്യപഠനത്തിന് വിട്ടുകൊടുക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹമെന്ന് മകന്‍ എം എല്‍ സജീവന്‍ അറിയിച്ചിരുന്നു. രണ്ട് സാക്ഷികളും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഒരുമകള്‍ സുജാത കൃത്യമായി നിലപാട് സ്വീകരിച്ചിരുന്നില്ല. മകള്‍ ആശ എതിര്‍പ്പ് ആവര്‍ത്തിച്ചതായും അദ്ദേഹം പറഞ്ഞു. അഡ്വ. അരുണ്‍ ആന്റണിയും എബിയുമാണ് സാക്ഷികള്‍. കളമശ്ശേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രതാപ് സോമനാഥ്, പ്രിന്‍സിപ്പല്‍, ഫോറന്‍സിക് വിഭാഗം മേധാവി, അനാട്ടമി മേധാവി, സൂപ്രണ്ട്, വിദ്യാര്‍ഥി പ്രതിനിധി എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍.