കൊയിലാണ്ടിയില്‍ സിപിഎം നേതാവിനെ വെട്ടിക്കൊന്നു; വെള്ളിയാഴ്ച ഹര്‍ത്താല്‍

Update: 2024-02-22 18:45 GMT

കോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഎം നേതാവിനെ വെട്ടിക്കൊന്നു. സിപിഎം കൊയിലാണ്ടി ടൗണ്‍ സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പുളിയോറ വയലില്‍ പി വി സത്യനാഥന്‍(64) ആണ് കൊല്ലപ്പെട്ടത്. കൊയിലാണ്ടി പെരുവട്ടൂര്‍ ചെറിയപുറം ക്ഷേത്രത്തിനു സമീപമാണ് സംഭവം. ഉല്‍സവം നടക്കുന്നതിനിടെ വെട്ടേറ്റ സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. രാത്രി 10.30ഓടെയാണ് സംഭവം. ക്ഷേത്രോല്‍സവത്തിന്റെ ഭാഗമായുള്ള ഗാനമേള നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ശരീരത്തില്‍ നാലിലധികം മഴു കൊണ്ടുള്ള വെട്ടേറ്റിട്ടുണ്ട്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍നിന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. കൊയിലാണ്ടി സിഐ മെല്‍വിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ആശുപത്രിയിലെത്തി പ്രാഥമികാന്വേഷണം തുടങ്ങി. പ്രതികളെ കുറിച്ച് പോലിസിന് വിവരം ലഭിച്ചതായാണ് റിപോര്‍ട്ട്. ഭാര്യ: ലതിക. മക്കള്‍: സലില്‍നാഥ്, സെലീന. സഹോദരങ്ങള്‍: വിജയന്‍ രഘുനാഥ്, സുനില്‍.കൊലപാതകത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച കൊയിലാണ്ടിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Tags:    

Similar News