റെയ്ഡിനു പിന്നാലെ ന്യൂസ്‌ക്ലിക്ക് എഡിറ്ററും എച്ച്ആര്‍ മേധാവിയും അറസ്റ്റില്‍
ഇവര്‍ക്കെതിരേ തീവ്രവാദ വിരുദ്ധ നിയമം, യുഎപിഎ എന്നിവയാണ് ചുമത്തിയത്.
ന്യൂഡല്‍ഹി: ചൈനീസ് സഹായം ആരോപിച്ച് ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്ററുമായ പ്രബീര്‍ പുര്‍കയസ്തയെ പോലിസ് അറസ്റ്റ് ചെയ്തു. വാര്‍ത്താ പോര്‍ട്ടലിന്റെ എച്ച്ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ന്യൂസ്‌ക്ലിക്കുമായി ബന്ധമുള്ള മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ ഡല്‍ഹി പോലിസ് റെയ്ഡ് ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവര്‍ക്കെതിരേ തീവ്രവാദ വിരുദ്ധ നിയമം, യുഎപിഎ എന്നിവയാണ് ചുമത്തിയത്. ചൈനീസ് പ്രചാരണത്തെ പ്രോല്‍സാഹിപ്പിക്കുന്ന നെറ്റ്‌വര്‍ക്കില്‍ നിന്ന് ധനസഹായം ലഭിച്ചെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. ഇന്നു രാവിലെ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ 20ഓളം സ്ഥലങ്ങളില്‍ ഡല്‍ഹി പോലിസ് പരിശോധന നടത്തിയിരുന്നു. കേസില്‍ ആകെ സംശയാസ്പദമായി 37 പുരുഷന്മാരെയും ഒമ്പത് സ്ത്രീകളെയുമാണ് താമസ സ്ഥലങ്ങളില്‍ ചോദ്യം ചെയ്തതെന്നും ഡിജിറ്റല്‍ ഉപകരണങ്ങളും രേഖകളും മറ്റും പിടിച്ചെടുത്തതായും പോലിസ് അറിയിച്ചു. നടപടിക്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇതുവരെ രണ്ട് പ്രതികളായ പ്രബിര്‍ പുര്‍കയസ്ത, അമിത് ചക്രവര്‍ത്തി എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലിസിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.
ചൈനയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സ്ഥാപനങ്ങളില്‍ നിന്ന് ന്യൂസ്‌ക്ലിക്കിന് ഏകദേശം 38 കോടി രൂപ ലഭിച്ചതായും വെബ്‌സൈറ്റിലെ ചൈനീസ് അനുകൂല ഉള്ളടക്കത്തെ സ്വാധീനിക്കാന്‍ ഫണ്ട് ഉപയോഗിച്ചെന്നുമാണ് ഡല്‍ഹി പോലിസ് ആരോപിക്കുന്നത്. കയറ്റുമതി സേവനങ്ങള്‍ക്കുള്ള ഫീസായി 29 കോടിയും ഓഹരി വില വര്‍ദ്ധിപ്പിച്ചതിലൂടെ 9 കോടി എഫ്ഡിഐയും ലഭിച്ചതായി പോലിസ് പറയുന്നു. ഇതിനു പുറമെ, സാമൂഹിക പ്രവര്‍ത്തകരായ ടീസ്റ്റ സെതല്‍വാദ്, ഗൗതം നവ്‌ലാഖ എന്നിവരുമായും ഫണ്ട് പങ്കിട്ടതായി പോലിസ് ആരോപിക്കുന്നു. ഡല്‍ഹിയിലും മുംബൈയിലുമായി വ്യാപകമായി റെയ്ഡ് നടത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.