പ്രവാസികള്‍ക്കായി കേരളത്തില്‍ ഒന്‍പത് ആഴ്ച വരെ നീളുന്ന നിരീക്ഷണ മാര്‍ഗ രേഖ
കൊവിഡ് ബാധിത രാഷ്ട്രങ്ങളില്‍ നിന്ന് കേരളീയര്‍ തിരിച്ചെത്തുമ്പോള്‍ പഴുതുകളില്ലാത്തതും പരാതികള്‍ക്കിടവരുത്താത്തതുമായ വിധം പരിചരിക്കാനുള്ള പദ്ധതികളാണ് ഒരുങ്ങുന്നത്.
പി സി അബ്ദുല്ല
കോഴിക്കോട്: ഗള്‍ഫ് നാടുകളില്‍ നിന്നടക്കമുള്ള വിദേശ മലയാളികള്‍ക്ക് നാട്ടിലേക്ക് എപ്പോള്‍ തിരിച്ചെത്താമെന്നതില്‍ അനിശ്ചിതത്വം നില നില്‍കുമ്പോഴും പ്രവാസികളുടെ കരുതലിനായി കേരളത്തില്‍ മുന്നൊരുക്കങ്ങള്‍ സജീവം. കൊവിഡ് ബാധിത രാഷ്ട്രങ്ങളില്‍ നിന്ന് കേരളീയര്‍ തിരിച്ചെത്തുമ്പോള്‍ പഴുതുകളില്ലാത്തതും പരാതികള്‍ക്കിടവരുത്താത്തതുമായ വിധം പരിചരിക്കാനുള്ള പദ്ധതികളാണ് ഒരുങ്ങുന്നത്.
കൊവിഡ് പ്രതിരോധത്തില്‍ നിലവിലുള്ളതിനേക്കാള്‍ സങ്കീര്‍ണ്ണമായ വെല്ലുവിളികളാണ് പ്രവാസികളുടെ കാര്യത്തില്‍ സര്‍ക്കാരിനെ കാത്തിരിക്കുന്നത്. തിരിച്ചെത്താനിടയുള്ള പ്രവാസികളുടെ ബാഹുല്യമാണ് പ്രധാന വെല്ലുവിളി. അവരുടെ പരിശോധനക്കും നിരീക്ഷണത്തിനും മതിയായ സൗകര്യമൊരുക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
കേരളത്തിലെത്തുന്ന പ്രവാസികള്‍ക്ക് ഒന്‍പത് ആഴ്ചയോളം നീളുന്ന നിരീക്ഷണമാണ് മാര്‍ഗ്ഗ രേഖയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. രണ്ടാഴ്ചത്തെ ഹോം ക്വാറന്റൈന് പുറമെ ഇവര്‍ക്ക് ഏഴ് ആഴ്ച നിരീക്ഷണവും നിര്‍ബന്ധമാക്കും. ശുചിമുറികളോട് കൂടിയ മുറികളില്‍ തനിച്ച് 21 ദിവസം നീരീക്ഷണത്തിന് വിധേയമാവണം. വീടുകളില്‍ ഈ സൗകര്യമില്ലാത്തവര്‍ക്ക് പകരം സംവിധാനം സര്‍ക്കാര്‍ കണ്ടെത്തേണ്ടി വരും. ഗ്രാമ, നഗര തലങ്ങളില്‍ ആള്‍പാര്‍പ്പില്ലാത്തതും ഉപയോഗത്തിലില്ലാത്തതുമായ കെട്ടിടങ്ങള്‍ കണ്ടെത്താന്‍ തദ്ധേശ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത് പ്രവാസികള്‍ക്ക് നിരീക്ഷണ സംവിധാനമൊരുക്കാനാണ്.
കൊവിഡ് കാലയളവില്‍ വിദേശത്തു നിന്നെത്തി അയല്‍ സംസ്ഥാനങ്ങളില്‍ നിരീക്ഷണം കഴിഞ്ഞെത്തുന്ന മലയാളികള്‍ക്കും സുരക്ഷാ കാര്യത്തില്‍ ഇളവുകളൊന്നുമുണ്ടാവില്ല. അയല്‍ സംസ്ഥാനങ്ങളില്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നേടി കേരളത്തിലെത്തുന്നവരും ഹോം ക്വാറന്റൈനിലാവും. ഇത്തരക്കാര്‍ക്കും വീടുകളിലോ സമാന സംവിധാനങ്ങളിലോ ഏഴ് ആഴ്ച കൂടി നിരീക്ഷണവും നിയന്ത്രണങ്ങളും നിര്‍ബന്ധമാക്കുമെന്നാണ് സൂചന.
വിദേശത്തു നിന്നെത്തുന്നവര്‍ക്ക് രണ്ടാഴ്ചയോ 21 ദിവസമോ മാത്രം നിരീക്ഷണം മതിയെന്ന സമീപനം ശാസ്ത്രീയമല്ലെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ് ഇപ്പോള്‍ എത്തിയിട്ടുള്ളത്. മാര്‍ച്ച് 20നു മുന്‍പ് വിദേശത്തു നിന്നെത്തിയ വ്യക്തിയില്‍ മൂന്നാഴ്ച പിന്നിട്ട ശേഷമാണ് കഴിഞ്ഞ ദിവസം രോഗ ബാധ കണ്ടെത്തിയത്. ലോകത്തിന്റെ പല ഭാഗങ്ങളിലും ലക്ഷണങ്ങളൊന്നുമില്ലാതെ ആഴ്ചകള്‍ക്കു ശേഷം പൊടുന്നനെ കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യവുമുണ്ട്. ഈ സാഹചര്യത്തില്‍, റാപിഡ് ടെസ്റ്റു പോലുള്ള നൂതന സംവിധാനങ്ങള്‍ യഥാ സമയം ലഭ്യമായാലും നിരീക്ഷണ കാലയളവ് വര്‍ധിപ്പിച്ച് പഴുതില്ലാത്ത പ്രതിരോധം ഉറപ്പുവരുത്തുകയെന്നതാണ് സര്‍ക്കാര്‍ നിലപാട്.