കോഴിക്കോട്ട് നിപ സ്ഥിരീകരിച്ചു; രണ്ടുപേര്‍ മരിച്ചത് വൈറസ് ബാധ കാരണം

Update: 2023-09-12 12:40 GMT

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ തന്നെയാണ് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും നിപ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പനി ബാധിച്ച് മരിച്ച രണ്ട് പേരുടെ സ്രവം പുനെ വൈറോളജി ലബോറട്ടറിയില്‍ പരിശോധിച്ചിരുന്നു. ഇതിന്റെ ഫലം വൈകീട്ട് വരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. ഇതിനിടെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിപ സ്ഥിരീകരിച്ചതായി അറിയിച്ചത്. രോഗം ബാധിച്ച് മരണപ്പെട്ട രണ്ടുപേര്‍ക്ക് നിപ ബാധയാണെന്നാണ് സ്ഥിരീകരിച്ചത്. മരുതോങ്കര, തിരുവള്ളൂര്‍ പ്രദേശവാസികളാണ് മരണപ്പെട്ടത്. 49, 40 വയസ്സുള്ളവരാണ് മരണപ്പെട്ടത്. ഒരാള്‍ ആഗസ്ത് 30നും മറ്റേയാള്‍ തിങ്കളാഴ്ച രാത്രി എട്ടോടെയുമാണ് മരണപ്പെട്ടത്. മരണപ്പെട്ടവരുടെ ഭാര്യയും കുട്ടികളും ഉള്‍പ്പെടെ നിലവില്‍ ചികില്‍സയിലാണ്. രണ്ട് അസ്വാഭാവിക മരണം റിപോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ ആരോഗ്യ വകുപ്പ് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. നിപ സംശയത്തെത്തുടര്‍ന്ന് കോഴിക്കോട് നാലു പേര്‍ ചികിത്സയിലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിക്കുകയും ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയും ചെയ്തു. നിലവില്‍ പ്രാഥമിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 75 പേരുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതിനുപുറമെ, എല്ലാ ആശുപത്രികളിലും മാസ്‌ക്, പിപിഇ കിറ്റ് അടക്കമുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags:    

Similar News