വിവി പാറ്റ്: പ്രതിപക്ഷ പാര്‍ട്ടികളുടെ പുനപ്പരിശോധനാ ഹരജി സുപ്രിംകോടതി തള്ളി

വോട്ടെടുപ്പ് നടന്ന സ്ഥലങ്ങളിലെ വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപകമായ ക്രമക്കേടുകളും തകരാറുകളും കണ്ടെത്തിയത് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. കേരളത്തില്‍ കോണ്‍ഗ്രസിന് കുത്തിയ വോട്ടുകള്‍ ബിജെപിക്ക് വീണതായി പരാതി ഉയര്‍ന്നെന്നും സമാനമായ പരാതികള്‍ ഉത്തര്‍പ്രദേശില്‍ വ്യാപകമായി റിപോര്‍ട്ട് ചെയ്യപ്പെട്ടെന്നും പുനപ്പരിശോധനാ ഹരജിയില്‍ പ്രതിപക്ഷം വാദിച്ചു.

Update: 2019-05-07 05:44 GMT

ന്യൂഡല്‍ഹി: ഒരു നിയമസഭാ മണ്ഡലത്തിലെ 50 ശതമാനം വിവി പാറ്റ് രസീതുകള്‍ എണ്ണേണ്ടതില്ലെന്ന സുപ്രിംകോടതി ഉത്തരവിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ പുനപ്പരിശോധനാ ഹരജി സുപ്രീംകോടതി തള്ളി. കോണ്‍ഗ്രസ് ഉള്‍പ്പടെ 21 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നടന്ന പോളിംഗില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ വന്ന തകരാറുകളും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് തള്ളിയത്.

50 ശതമാനം വോട്ടുരസീതുകള്‍ എണ്ണുകയാണെങ്കില്‍ ഫലപ്രഖ്യാപനത്തിന് ഒമ്പത് ദിവസമെങ്കിലും വേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാദിച്ചതിനെ തുടര്‍ന്ന് ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് യന്ത്രങ്ങളുടെ രസീതുകള്‍ മാത്രം എണ്ണാന്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഒരു നിയമസഭാ മണ്ഡലത്തിലെ 50 ശതമാനം വിവി പാറ്റ് രസീതുകള്‍തന്നെ എണ്ണണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. കേരളത്തില്‍ അടക്കം വോട്ടിങ് യന്ത്രത്തിനെതിരേ ഉയര്‍ന്ന വ്യാപക പരാതിയും പ്രതിപക്ഷം കോടതിയുടെ ശ്രദ്ധയില്‍ എത്തിച്ചു.

വോട്ടെടുപ്പ് നടന്ന സ്ഥലങ്ങളിലെ വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപകമായ ക്രമക്കേടുകളും തകരാറുകളും കണ്ടെത്തിയത് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. കേരളത്തില്‍ കോണ്‍ഗ്രസിന് കുത്തിയ വോട്ടുകള്‍ ബിജെപിക്ക് വീണതായി പരാതി ഉയര്‍ന്നെന്നും സമാനമായ പരാതികള്‍ ഉത്തര്‍പ്രദേശില്‍ വ്യാപകമായി റിപോര്‍ട്ട് ചെയ്യപ്പെട്ടെന്നും പുനപ്പരിശോധനാ ഹരജിയില്‍ പ്രതിപക്ഷം വാദിച്ചു. സുപ്രിംകോടതി വിധി വന്നശേഷം ഡല്‍ഹിയില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നിരുന്നു.

ഏപ്രില്‍ മാസത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വോട്ടിങ് യന്ത്രത്തെ കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു. കേരളം, ഗോവ, ഉത്തര്‍പ്രദേശ്, ബീഹാര്‍, എന്നീ സംസ്ഥാനങ്ങളില്‍ ആദ്യഘട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രത്തിനെതിരേ വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയത്.

കോണ്‍ഗ്രസ്സ്, തെലുങ്കുദേശം പാര്‍ട്ടി, എന്‍സിപി, ആം ആദ്മി പാര്‍ട്ടി, സിപിഎം, സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ്സ്, നാഷണല്‍ കോണ്‍ഫറന്‍സ്, എസ്പി, ബിഎസ്പി, ആര്‍ജെഡി, എല്‍ജെഡി, ഡിഎംകെ തുടങ്ങിയ കക്ഷികളുടെ നേതൃത്വത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചത്.




Tags:    

Similar News