വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായും എണ്ണണമെന്ന് ഹരജി; തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിം കോടതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുമ്പോള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനൊപ്പം(ഇവിഎം) 100 ശതമാനം വിവിപാറ്റ്(വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍) സ്ലിപ്പുകളും എണ്ണണമെന്ന് ആവശ്യപ്പെട്ട്
സുപ്രിംകോടതിയില്‍ ഹരജി. ഹരജി പരിഗണിച്ച സുപ്രിംകോടതി തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ചു. നിലവില്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലേയും തിരഞ്ഞെടുക്കുന്ന അഞ്ച് ഇവിഎമ്മുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ മാത്രമാണ് എണ്ണുന്നത്. ഇതിന് പകരം എല്ലാ വോട്ടിങ് മെഷീനൊപ്പവും ഉള്ള വിവിപാറ്റുകളിലേയും സ്ലിപ്പുകള്‍ പൂര്‍ണമായും എണ്ണണമെന്നാണ് ഹരജിയിലെ ആവശ്യം. ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് സന്ദീപ് മെഹ്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ചത്. സമാനമായ ആവശ്യം ഉന്നയിച്ച് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്(എഡിആര്‍) സമര്‍പ്പിച്ച ഹര്‍ജിക്കൊപ്പം ഈ ഹരജിയും ടാഗ് ചെയ്താണ് സുപ്രിംകോടതി നടപടി. ഹരജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണനും നേഹാ റാത്തിയും ഹാജരായി.