ജാമിഅ കാംപസില്‍ പ്രതിഷേധത്തിനു വിലക്ക്; കര്‍ശന നടപടിയെടുക്കുമെന്ന് രജിസ്ട്രാര്‍
ജാമിഅയില്‍ സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്‌ക്കെതിരേ നടത്തിയ വിദ്യാര്‍ഥി സമരങ്ങളെ പോലിസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചിരുന്നു
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ വന്‍ പ്രതിഷേധമുയര്‍ന്ന ജാമിഅ മില്ലിയ്യ ഇസ് ലാമിയ്യ സര്‍വകലാശാല കാംപസില്‍ പ്രതിഷേധത്തിനു വിലക്കേര്‍പ്പെടുത്തി. ഇതുസംബന്ധിച്ചുള്ള രജിസ്ട്രാറുടെ നോട്ടീസ് ശനിയാഴ്ചയാണ് പുറപ്പെടുവിച്ചത്. ഏതു രൂപത്തിലുള്ള പ്രതിഷേധത്തിനും പ്രസംഗങ്ങള്‍ക്കും കാംപസില്‍ പൂര്‍ണമായും വിലക്കേര്‍പ്പെടുത്തിയതായാണു നോട്ടീസില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അക്കാദമിക് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന വിധത്തിലുള്ള ഒരുവിധത്തിലുള്ള പ്രതിഷേധങ്ങളും പ്രസംഗങ്ങളും കൂട്ടായ്മകളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ജാമിഅ കാംപസിലോ സെന്‍ട്രല്‍ കാന്റീനു ചുറ്റിലുമോ അനുവദിക്കില്ലെന്നാണ് മുന്നറിയിപ്പ്. ക്ലാസുകള്‍ക്കും പരീക്ഷാ നടത്തിപ്പിനും ആവശ്യമായതിനാല്‍ ഉത്തവരുമായി വിദ്യാര്‍ത്ഥികള്‍ സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെ സര്‍വകലാശാല ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാംപസിലെ ഏതെങ്കിലും വിധത്തില്‍ ബാഹ്യഇടപെടലുകളോ അനധികൃതമായി പ്രവേശിക്കുന്നതോ ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കണമെന്നും വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജാമിഅയില്‍ സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്‌ക്കെതിരേ നടത്തിയ വിദ്യാര്‍ഥി സമരങ്ങളെ പോലിസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് നിരവധി മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ജാമിഅ വിദ്യാര്‍ഥികള്‍ രാജ്ഘട്ടിലേക്കു നടത്തിയ മാര്‍ച്ചിനു നേരെ ഹിന്ദുത്വവാദി വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു.