മുസ്‌ലിംകള്‍ മാത്രമല്ല, ക്രിസ്ത്യാനികളും ദലിതരും അജയ് ബിഷ്ടിന്റെ ഹിന്ദുത്വ രാജ്യത്ത് രണ്ടാംതരം പൗരന്‍മാരാണ്
യുപിയിലെ കിഴക്കന്‍ നഗരമായ ഗോരഖ്പൂരിലെ ഗോരഖ്‌നാഥ് വിഭാഗത്തിന്റെ പ്രധാന ക്ഷേത്രത്തിലെ മഠാധിപതി കൂടിയാണ് യോഗി ആദിത്യനാഥ് എന്നതില്‍ നിന്നും ഇതര മതവിഭാഗങ്ങള്‍ക്കെതിരായ അസഹിഷ്ണുതയും അക്രമവും വെറും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ സംഭവിക്കുന്നതല്ല എന്ന് വ്യക്തമാണ്.
പി എ എം അഷറഫ്
ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്കെതിരായ വിദ്വേഷവും ലക്ഷ്യമിട്ടുള്ള അക്രമവും എന്ന പേരില്‍ അടുത്തിടെ വന്ന ഒരു റിപോര്‍ട്ട് പ്രകാരം ഒരു വര്‍ഷത്തിനിടെ അജയ് ബിഷ്ട് എന്ന് യോഗി ആദിത്യ നാഥിന്റെ ഉത്തര്‍പ്രദേശില്‍ ക്രിസ്ത്യാനികള്‍ക്കെതിരേ മതത്തിന്റെ പേരില്‍ 32 വിദ്വേഷ കുറ്റകൃത്യങ്ങളാണ് സംഭവിച്ചത്. രാജ്യത്തു തന്നെ ക്രിസ്ത്യന്‍ വിഭാഗത്തിനെതിരെയുള്ള ആക്രമണങ്ങളില്‍ ഒന്നാമതാണ് ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശ്. ആരാധനകള്‍ തടസ്സപ്പെടുത്തുന്നത് മുതല്‍ മതപ്രചാരകരെ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നത് ഉള്‍പ്പടെയുള്ള പലവിധത്തിലുള്ള അതിക്രമങ്ങളാണ് ഹിന്ദുത്വരില്‍ നിന്നും യുപിയിലെ ക്രിസ്ത്യാനികള്‍ നേരിടുന്നത്. യുപിയിലെ കിഴക്കന്‍ നഗരമായ ഗോരഖ്പൂരിലെ ഗോരഖ്‌നാഥ് വിഭാഗത്തിന്റെ പ്രധാന ക്ഷേത്രത്തിലെ മഠാധിപതി കൂടിയാണ് യോഗി ആദിത്യനാഥ് എന്നതില്‍ നിന്നും ഇതര മതവിഭാഗങ്ങള്‍ക്കെതിരായ അസഹിഷ്ണുതയും അക്രമവും വെറും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ സംഭവിക്കുന്നതല്ല എന്ന് വ്യക്തമാണ്.
ദലിതര്‍ക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തിലും ഒന്നാമത് ഉത്തര്‍പ്രദേശാണ്. ഇന്ത്യയിലെ ദലിത് ജനസംഖ്യയുടെ 20% താമസിക്കുന്ന യുപിയില്‍ കുറ്റകൃത്യങ്ങളുടെ 17ശതമാനവും ദലിതര്‍ക്കെതിരെ സംഭവിച്ച അതിക്രമങ്ങളാണ്. ദലിതര്‍ ആക്രമിക്കപ്പെടുകയോ പെണ്‍കുട്ടികള്‍ ബലാല്‍സംഗത്തിന് ഇരയാക്കപ്പെടുകയോ ചെയ്യുന്ന ഭൂരിഭാഗം കേസുകളും പോലിസ് രജിസ്റ്റര്‍ ചെയ്യാതെ മൂടിവെക്കുന്ന ഒരു സംസ്ഥാനത്താണ് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ 17 ശതമാനവും ദലിത് വിഭാഗത്തിനെതിരെയുള്ള അതിക്രമങ്ങളെ സംബന്ധിച്ചായി മാറുന്നത്. 2020 സെപ്റ്റംബര്‍ 14 ന് ഉത്തര്‍പ്രദേശിലെ ഹാഥ്രസ് ജില്ലയില്‍ 19 കാരിയായ ദലിത് യുവതിയെ ഉയര്‍ന്ന ജാതിക്കാര്‍ കൂട്ടമാനഭംഗത്തിനിരയാക്കുകയും നട്ടെല്ല് തകര്‍ത്ത്, നാവു മുറിച്ച് മൃതാവസ്ഥയിലാക്കുകയും ചെയ്തപ്പോള്‍ പോലിസ് കേസെടുക്കുന്നതിനു പകരം അവരുടെ കുടുംബാംഗങ്ങളെ അപമാനിക്കുകയാണ് ചെയ്തത്. പരാതിയുമായി ചാന്ദ് പാ പോലീസ് സ്‌റ്റേഷനിലെത്തിയ കുടുംബത്തിന് നീതി ലഭിച്ചില്ലെന്നു മാത്രമല്ല ഭീഷണിപ്പെടുത്തുകയും ചെയ്തു. 2020 സെപ്റ്റംബര്‍ 20 ന് പോലിസിന് പരാതി ലഭിച്ചു. ഇരയുടെ മൊഴി രേഖപ്പെടുത്തുന്നത് രണ്ട് ദിവസം വൈകിപ്പിച്ച പോലിസ് സെപ്റ്റംബര്‍ 22നാണ് മൊഴിയെടുത്തത്. 2020 സെപ്റ്റംബര്‍ 29 ന് പെണ്‍കുട്ടി മരിച്ചു. വീട്ടുകാര്‍ക്ക് മൃതദേഹം വിട്ടുനല്‍കാതെ പോലിസ് തന്നെ തിടുക്കപ്പെട്ട് സംസ്‌കരിക്കുകയാണ് ചെയ്തത്. പെട്രോളൊഴിച്ച് മൃതദേഹം കത്തിച്ച പോലിസ് അത്രയും സമയം ഇരയുടെ കുടുംബാംഗങ്ങളെ പിടികൂടി സ്റ്റേഷനില്‍ തടഞ്ഞു വെക്കുകയും ചെയ്തു.
ഹാഥ്രസ് ഇരക്ക് നീതി ആവശ്യപ്പെട്ട് നടത്തിയ സമരങ്ങള്‍ക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് ആദിത്യനാഥ് സര്‍ക്കാര്‍ ദലിതര്‍ക്കെതിരായ വിദ്വേഷം പ്രകടമാക്കിയത്. ഹാഥ്രസ് പീഡന വാര്‍ത്ത റിപോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകനും മലയാളിയുമായി സിദ്ദീഖ് കാപ്പനെയും കുടെയുണ്ടായിരുന്നവരെയും പിടികൂടി രാജ്യദ്രോഹ കുറ്റം ഉള്‍പ്പടെ ചുമത്തി ജയിലിലടച്ചു.
അതേസമയം, ദലിത് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച്, നട്ടെല്ല് തകര്‍ക്കുകയും നാവറുക്കുകയും ചെയ്ത പ്രതികളെ സംരക്ഷിക്കാന്‍ ഉയര്‍ന്ന ജാതിക്കാര്‍ യോഗം ചേര്‍ന്നിരുന്നു. ഇതിനെതിരില്‍ പോലിസ് ഒരു നടപടിയും എടുത്തില്ല. എന്നാല്‍ ഇരയാക്കപ്പെട്ട ദലിത് പെണ്‍കുട്ടിക്കു വേണ്ടി ശബ്ദിച്ചവര്‍ക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു. പോലിസ് അതിക്രമങ്ങളുടേയും മനുഷ്യാവകാശ ലംഘനങ്ങളുടെയും പട്ടികയില്‍ ഉത്തര്‍പ്രദേശ് എങ്ങിനെയാണ് സ്ഥിരമായി ഒന്നാം സ്ഥാനത്ത് തുടരുന്നത് എന്നത് ഹാഥ്രസ് പോലെയുള്ള സംഭവങ്ങളില്‍ നിന്നും വ്യക്തമാണ്. യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുറ്റവാളികളെന്ന പേരില്‍ ആരെയും പിടികൂടാനും വെടിവെച്ച് കൊല്ലാനും പോലീസിന് സര്‍വ്വ അധികാരവും നല്‍കി. ആദിത്യനാഥ് ഭരണം ഏറ്റെടുത്തതു മുതല്‍ 5000ത്തിലധികം ഏറ്റുമുട്ടലുകളാണ് പോലിസ് നടത്തിയത്. ഇതില്‍ നൂറിലധികം പേര്‍ കൊല്ലപ്പെടുകയും അതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പോലിസ് ഏറ്റുമുട്ടലിന് ഏറ്റവുമധികം ഇരയായത് മുസ്‌ലിംകളാണ്. പിന്നീട് ദലിതരും ഏറ്റവും പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരും.
2021 ഫെബ്രുവരി ബജറ്റ് സെഷനില്‍ ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി മനുഷ്യാവകാശ ലംഘനവും അതിക്രമങ്ങളും സംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ സ്ഥിതിവിവരക്കണക്കുകള്‍ രാജ്യസഭക്ക് നല്‍കി. ഇതില്‍ 2017 മുതല്‍ 2018 വരെ 15,426 കേസുകളും 2018 മുതല്‍ 2019 വരെ 16,414 കേസുകളുമാണ് ഉത്തര്‍പ്രദേശില്‍ പോലിസിനെതിരേ രജിസ്റ്റര്‍ ചെയ്തത്. കോടതി ഇടപെടലിലൂടെയും എന്‍എച്ച്ആര്‍സി വഴിയുമാണ് പോലിസിനെതിരേ കേസെടുത്തത്.
ഇന്ത്യയിലെ ഏറ്റവും വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെട്ട പോലിസ് സേനയായ ഉത്തര്‍പ്രദേശിലെ പിഎസിയുടെ നിലവാരത്തിലേക്ക് സംസ്ഥാനത്തെ പോലിസ് സേന ഒന്നാകെ അധപതിച്ചതിനു പിന്നില്‍ മുഖ്യമന്ത്രി ആദിത്യനാഥിന്റെ പിന്തുണയും സംരക്ഷണവും ഉണ്ടായിരുന്നു. 2017 ല്‍ ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പോലിസിന്റെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ ആദിത്യനാഥ് ന്യായീകരിച്ചിരുന്നു. ഇതില്‍ മുസ്‌ലിംകളാണ് ഏറ്റവുമധികം ഇരയാക്കപ്പെടുന്നത് എന്നതിനാല്‍ വെടിവെച്ചു കൊലപ്പെടുത്തല്‍ സ്റ്റേറ്റിന്റെ നയമാണ് എന്ന തരത്തിലായിരുന്നു ആദിത്യനാഥിന്റെ വാക്കുകള്‍. 'അഗര്‍ അപ്രധ് കരേഞ്ചെ, തോ തോക് ഡൈ ജായെംഗെ. 'അവര്‍' കുറ്റകൃത്യങ്ങള്‍ ചെയ്താല്‍ 'അവരെ' വെടിവച്ച് കൊല്ലും എന്നായിരുന്നു യു പി മുഖ്യമന്ത്രി പറഞ്ഞത്. മുസ്‌ലിംകളെ വെടിവച്ചു കൊല്ലാന്‍ പോലിസിന് അനുവാദം നല്‍കുന്നതായിരുന്നു ഈ പ്രസ്താവന. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 124 കുറ്റവാളികളെ യുപി പോലിസ് വെടിവച്ചു കൊന്നു. ജാതിയും മതവും അടിസ്ഥാനമാക്കി സമാഹരിച്ച ഡാറ്റ പ്രകാരം 2020 ഓഗസ്റ്റ് വരെ ഈ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടവരില്‍ 37% മുസ്‌ലിംകളാണ്. സംസ്ഥാനത്തെ ജനസംഖ്യയില്‍ അവരുടെ അനുപാതത്തിന്റെ ഇരട്ടിയാണ് (19%) ഇത്. ഇതിനര്‍ത്ഥം ആദിത്യനാഥിന്റെ ഭരണകാലത്ത് എല്ലാ അഞ്ച് മണിക്കൂറിലും ഒരു പോലീസ് 'ഏറ്റുമുട്ടല്‍' എന്നാണ് തെളിയുന്നത്.
പോലിസിന് വെടിവച്ചു കൊല്ലുന്നത് ഉള്‍പ്പടെയുള്ള എല്ലാ അധികാരങ്ങളും ആദിത്യനാഥ് നല്‍കിയെങ്കിലും മറുവശത്ത് ഹിന്ദുത്വര്‍ പ്രതികളായി വരുമ്പോള്‍ അത്യന്തം മൃദുസമീപനമാണ് കാണിക്കുന്നത്. അത്തരം കേസുകള്‍ ഒഴിവാക്കുകയോ, കോടതിയില്‍ നിന്നും നിഷ്പ്രയാസം ജാമ്യം ലഭിക്കുന്നതോ ആയ വിധത്തിലാണ് പോലിസ് കൈകാര്യം ചെയ്യുന്നത്. മുസ്‌ലിംകള്‍ പ്രതിയാക്കപ്പെടുന്ന നിസ്സാര കേസുകളില്‍ കൂട്ട അറസ്റ്റും രാജ്യദ്രോഹ നിയമവും ചുമത്തപ്പെടുന്നു. ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) ചുമത്തപ്പെട്ട് ഉത്തര്‍പ്രദേശില്‍ തടവിലുള്ളവരില്‍ ബഹുഭൂരിപക്ഷവും മുസ്‌ലിം യുവാക്കളാണ്. 12 മാസം വരെ തടങ്കലില്‍ വയ്ക്കാന്‍ എന്‍എസ്എ അനുവദിക്കുന്നു.
ക്രൂരമായി വേട്ടയാടപ്പെടുകയാണ് യുപിയിലെ മുസ്‌ലിം സമൂഹം. ദലിത്, ക്രിസ്ത്യന്‍ വിഭാഗവും ഹിന്ദുത്വരുടെ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നുണ്ടെങ്കിലും ഭരണകൂടവും പോലിസും ആസൂത്രിതമായി ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന വംശഹത്യക്ക് തുല്യം നില്‍ക്കുന്ന അതിക്രമങ്ങളും പീഡനങ്ങളുമാണ് മുസ്‌ലിംകള്‍ അനുഭവിക്കുന്നത്. വിദ്യാലയങ്ങളില്‍, മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ ആരോഗ്യ, വികസന മേഖലകളില്‍, സംവരണത്തില്‍ എല്ലാം തികഞ്ഞ അവഗണന നേരിടുന്നതിനൊപ്പം സ്ഥിരമായി അതിക്രമങ്ങള്‍ക്കും ഇരയാക്കപ്പെടുന്നു. ഉത്തര്‍പ്രദേശ് ഹിന്ദുത്വ ഇന്ത്യയുടെ പരീക്ഷണ ശാലയാണ്. അവിടെ പാകപ്പെടുന്നത് സമീപഭാവിയില്‍ ഇന്ത്യയിലൊട്ടാകെ വ്യാപിപ്പിക്കാന്‍ സംഘ്പരിവാര്‍ ആസൂത്രണം ചെയ്യുന്ന മുസ്‌ലിം, ക്രിസ്ത്യന്‍ ദലിത് വിരുദ്ധ നടപടികളുടെ ഗൂഢതന്ത്രങ്ങളാണ്. മതേതര ഇന്ത്യയുടെ തന്നെ അവസാനം കുറിക്കാന്‍ ഇടയാക്കപ്പെടുന്ന കാര്യങ്ങളാണ് ആദിത്യനാഥ് എന്ന രണ്ടാംപേര് സ്വീകരിച്ച അജയ് ബിഷ്ട് എന്ന ഇന്ത്യ കണ്ട ഏറ്റവും വലിയ വര്‍ഗ്ഗീയവാദി ആസൂത്രണം ചെയ്യുന്നത്.
----അവസാനിച്ചു---------------