വികാസ് ദുബെ: യോഗി ഭരണത്തിലെ 119ാമത്തെ 'ഏറ്റുമുട്ടല്‍' ഇര
യോഗി ആദിത്യനാഥ് അധികാരമേറ്റ ശേഷം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 6,145 ഓപറേഷനുകളാണ് നടന്നത്. ഇതില്‍ 119 പേര്‍ കൊല്ലപ്പെടുകയും 2,258 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 13 ഓളം പോലിസുകാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു.
ന്യൂഡല്‍ഹി: കാണ്‍പൂരില്‍ പോലിസുകാരെ കൂട്ടക്കൊല നടത്തിയ കേസിലെ പ്രതിയായ ഗുണ്ടാത്തലവന്‍ വികാസ് ദുബെ യോഗി ഭരണത്തിലെ 119ാമത് 'ഏറ്റുമുട്ടലില്‍' ഇരയെന്ന് കണക്കുകള്‍. ജൂലൈ 10നാണ് ഉത്തര്‍പ്രദേശ് പോലിസ് വികാസ് ദുബെയെ, രക്ഷപ്പെടാന്‍ ശ്രമിച്ചെന്നാരോപിച്ച് പോലിസ് വെടിവച്ചുകൊന്നത്. ബിജെപി നേതാവായ മുന്‍ മന്ത്രിയെ പോലിസ് സ്‌റ്റേഷനില്‍ വച്ച് കൊലപ്പെടുത്തിയത് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വികാസ് ദുബെയെ പിടികൂടാനെത്തിയപ്പോഴാണ് ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് ഉള്‍പ്പെടെ എട്ട് പോലിസുകാര്‍ ജൂലൈ മൂന്നിന് കൊല്ലപ്പെട്ടത്.
ഇത്തരം 'ഏറ്റുമുട്ടലുകളില്‍' എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്തണമെന്നാണ് സുപ്രിംകോടതി മാര്‍ഗനിര്‍ദേശം. എന്നാല്‍, ബിജെപി നേതാവ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ 2017 മാര്‍ച്ച് മുതല്‍ അന്വേഷിച്ച 74 കേസുകളിലും ഒറ്റ പോലിസുകാരെയും പ്രതി ചേര്‍ത്തിട്ടില്ല. 'ഏറ്റുമുട്ടലുകള്‍' പലതും സംശയാസ്പദമായ സാഹചര്യത്തിലായിട്ടും പേരിനു പോലും അന്വേഷണം നടന്നിട്ടില്ല. മധ്യപ്രദേശ് ഉജ്ജയ്‌നിയിലെ മഹാകല്‍ ക്ഷേത്രത്തില്‍ നിന്ന് നിന്ന് പിടികൂടിയ വികാസ് ദുബെ പോലിസ് വാഹനത്തില്‍ യുപിയിലേക്കുള്ള യാത്രാമധ്യേയാണ് കൊല്ലപ്പെട്ടത്. പോലിസ് വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ പോലിസുകാരന്റെ തോക്ക് കൈവശപ്പെടുത്തിയതിനെ തുടര്‍ന്ന് പ്രാണരക്ഷാര്‍ത്ഥം വെടിവച്ചെന്നാണ് പോലിസ് ഭാഷ്യം.
യുപിയിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ 2019 ജനുവരിയില്‍ സുപ്രിംകോടതി കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, റിപ്പബ്ലിക് ദിനാഘോഷ വേളയില്‍ ആദിത്യനാഥ് സര്‍ക്കാര്‍ ഏറ്റുമുട്ടലുകളെ വന്‍ നേട്ടമായാണ് വിശേഷിപ്പിച്ചത്. ഇക്കാലയളവില്‍ നടന്ന 74 ഏറ്റുമുട്ടല്‍ കേസുകളില്‍ മരണം സംഭവിച്ചിട്ടുണ്ട്. 61 കേസുകളിലാണ് മജിസ്‌ട്രേറ്റ് തല അന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട്ട് നല്‍കിയതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. യോഗി ആദിത്യനാഥ് അധികാരമേറ്റ ശേഷം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 6,145 ഓപറേഷനുകളാണ് നടന്നത്. ഇതില്‍ 119 പേര്‍ കൊല്ലപ്പെടുകയും 2,258 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 13 ഓളം പോലിസുകാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. 885 പേര്‍ക്ക് പരിക്കേറ്റു. ഇത്തരത്തില്‍ സുപ്രിംകോടതിയുടെ വിശദമായ മാര്‍ഗ നിര്‍ദേശങ്ങളുണ്ടായിട്ടും യുപിയില്‍ ഏറ്റുമുട്ടല്‍ കൊല ആവര്‍ത്തിക്കുകയാണെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഹൈദരാബാദില്‍ 26 കാരനായ വെറ്ററിനറി ഡോക്ടറെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ നാലുപേരെ പോലിസ് വെടിവച്ചു കൊന്ന സംഭവത്തില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് വി എന്‍ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കേസില്‍ സുപ്രിം കോടതി ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും തെലങ്കാന ഹൈക്കോടതിയുടെയും നടപടികള്‍ സ്‌റ്റേ ചെയ്തിരുന്നു. വികാസ് ദുബെയുടെ 'ഏറ്റുമുട്ടല്‍ കൊല'യുമായി പ്രസ്തുത കേസിനു ഏറെ സാമ്യതയുണ്ടെന്നാണു റിപോര്‍ട്ടിലുള്ളത്. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തോക്ക് തട്ടിയെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് പ്രതികളെ വെടിവച്ചുകൊന്നതെന്നായിരുന്നു തെലങ്കാന പോലിസിന്റെയും വാദം.
Vikas Dubey Is the 119th Accused to Be Killed in an Encounter Since Adityanath Became UP CM