വികാസ് ദുബെ വധത്തിന്റെ പേരില്‍ യുപിയില്‍ രാഷ്ട്രീയപ്പോര്: ബ്രാഹ്മണരെ ഭീതിയിലാഴ്ത്തരുതെന്ന് ബിഎസ്പി മേധാവി മായാവതി
ലഖ്‌നോ: അധോലോക നേതാവായ വികാസ് ദുബെ പോലിസുകാരെ വെടിവച്ചുകൊന്ന സംഭവത്തിന്റെ പേരില്‍ ബ്രാഹ്മണ സമൂഹത്തെ മൊത്തത്തില്‍ കുറ്റപ്പെടുത്തരുതെന്നും അവരെ ഒരു സമുദായം എന്ന നിലയില്‍ ഭയപ്പെടുത്തരുതെന്നും ബിഎസ്പി നേതാവ് മായാവതി ആദിത്യനാഥ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ജൂലൈ 3 ന് പോലിസ് വെടിവച്ചുകൊന്ന വികാസ് ദുബെ ബ്രാഹ്മണനാണ്. പോലിസ് വെടിവയ്പ്പില്‍ പോലിസ് കൊലപ്പെടുത്തിയ വികാസ് ദുബെയുടെ അനുയായികളില്‍ അഞ്ചു പേരും ബ്രാഹ്മണരാണ്. ഈ സംഭവത്തിന്റെ പേരില്‍ മുഴുവന്‍ സമുദായത്തെയും കുറ്റപ്പെടുത്തരുത്. ഒരാള്‍ തെറ്റ് ചെയ്തു എന്നതുകൊണ്ട് ആ സമുദായത്തിലെ എല്ലാവരും തെറ്റുകാരല്ല, ദുബെയുടെ മരണശേഷം ബ്രാഹ്മണര്‍ക്കിടയില്‍ വലിയ തോതിലുള്ള ഭീതി പടര്‍ന്നിടിച്ചിട്ടുണ്ട്. ഇത് ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. വികാസ് ദുബെ വിഷയം ഉപയോഗപ്പെടുത്തി രാഷ്ട്രീയം കളിക്കരുതെന്നും മായാവതി ട്വീറ്റ് ചെയ്തു.
ബ്രാഹ്മണ സമൂഹത്തെ ഭീതിയിലാഴ്ത്തുന്ന, അവരുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്ന ഒന്നും സര്‍ക്കാര്‍ ചെയ്യരുത്-മറ്റൊരു ട്വീറ്റില്‍ മായാവതി ആവശ്യപ്പെട്ടു.
ഇതിനിടയില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ജിതിന്‍ പ്രസാദ്, ബ്രഹ്മ ചേതന സംവാദ് എന്ന പേരില്‍ ഒരു കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. തന്റെ സമുദായം നീതിയ്ക്ക് വേണ്ടി ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പലായനം ചെയ്യുകയാണെന്നും ബിജെപി ബ്രാഹ്മണര്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും സ്വയം ഒരു ബ്രാഹ്മണന്‍ കൂടിയായ അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം ബിഎസ്പിയും കോണ്‍ഗ്രസ്സും ജാതീയമായി സമൂഹത്തെ പിളര്‍ക്കുകയാണെന്നാരോപിച്ച് ബിജെപി രംഗത്തുവന്നിട്ടുണ്ട്.
വികാസ് ദുബെ കൊലപാതകം ബ്രാഹ്മണ വികാരങ്ങളെ വോട്ട് ബാങ്കാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പ്രത്സാഹനം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ബിഎസ്പിയും കോണ്‍ഗ്രസ്സും മുന്‍പന്തിയില്‍ തന്നെയുണ്ട്. അതേസമയം ഭരണനേതൃത്വമെന്ന നിലയില്‍ ബിജെപി പ്രതിരോധത്തിലുമാണ്.
2007 തിരഞ്ഞെടുപ്പില്‍ ദലിത്-ബ്രാഹ്മണ വിഭാഗങ്ങളെ ഒന്നിച്ചൂകൂട്ടിയാണ് മായാവതി അധികാരത്തിലെത്തിയത്. വികാസ് ദുബെ സംഭവം അതേ സാധ്യത ആവര്‍ത്തിക്കാന്‍ അവസരമൊരുക്കുമെന്നാണ് ബിഎസ്പി, കോണ്‍ഗ്രസ് പ്രതിപക്ഷപാര്‍ട്ടികളെ മനസ്സിലിരുപ്പ്.
മായാവതിയുടെ പ്രസ്താവനകള്‍ മണ്ടത്തരമാണെന്ന് കരുതുന്നവരും രാഷ്ട്രീയനേതൃത്വങ്ങളിലുണ്ട്.
ബ്രാഹ്മണരെ കൊന്നൊടുക്കുകയാണ് ആദിത്യനാഥെന്ന ആരോപണം പ്രതിപക്ഷങ്ങള്‍ക്കിടയില്‍ മാത്രമല്ല, ബിജെപിയ്ക്കുള്ളില്‍ നീരസം സൃഷ്ടിച്ചിട്ടുണ്ട്. യോഗി ആദിത്യനാഥ് ബ്രാഹ്മണരെ മാത്രമാണ് തിരഞ്ഞുപിടിച്ച് കൊല്ലുന്നതെന്ന് ബിജെപി നേതാക്കള്‍ തന്നെ പറയുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. കോടതിയില്‍ സ്വന്തം ഭാഗം വിശദീകരിക്കാനുള്ള സാധ്യതയൊരുക്കാതെ അവരെ വധിക്കുകയാണെന്നും അദ്ദേഹം സര്‍ക്കാരിനെ കുറ്റപ്പെടുത്തി.
കഴിഞ്ഞയാഴ്ച കാണ്‍പൂരില്‍ വച്ചാണ് തന്നെ പിടികൂടാനെത്തിയ എട്ട് പോലിസുകാരെ വികാസ് ദുബെയും സംഘവും ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. ഡിവെഎസ്പിയടക്കമുള്ള പോലിസുകാരായിരുന്നു കൊല്ലപ്പെട്ടത്. പിന്നീട് ഇയാളെ പോലിസ് വെടിവച്ചുകൊന്നു. പോലിസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ദുബെ വെടിയേറ്റ് മരിച്ചുവെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.