ശുചീകരിക്കുകയോ അണുവിമുക്തമാക്കുകയോ ചെയ്തില്ല; ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കുടുംബത്തിനു ദുരിതം(വീഡിയോ)

ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തില്‍ തങ്ങള്‍ക്ക് ലഭിച്ചത് നേരത്തേ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍ താമസിച്ച ശേഷം ശുചീകരിക്കാത്ത മുറിയാണെന്നു താഴേ അരപ്പറ്റയിലെ വീട്ടമ്മ തേജസ് ന്യൂസിനോട് പറഞ്ഞു.

Update: 2020-06-22 05:50 GMT

കല്‍പറ്റ: കൊവിഡ് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ച കുടുംബത്തിനു ലഭിച്ചത് ശുചീകരിക്കുകയോ അണുവിമുക്തമാക്കുകയോ ചെയ്യാത്ത മുറിയെന്ന് ആക്ഷേപം. മൂപ്പൈനാട് പഞ്ചായത്ത് അധികൃതര്‍ ഏര്‍പ്പെടുത്തിയ ഗ്രീന്‍ വില്ലോ റെസിഡന്‍സിയിലുള്ള വീട്ടമ്മയും രണ്ടു കുട്ടികളുമുള്‍പ്പെടെ നാലംഗ കുടുംബമാണ് ദുരിതമനുഭവിക്കുന്നത്. മുംബൈ താനെയില്‍ നിന്ന് ഇക്കഴിഞ്ഞ 14നു ട്രെയിന്‍ മാര്‍ഗം നാട്ടിലെത്തിയ താഴെഅരപ്പറ്റയിലെ ഏഴംഗ കുടുംബത്തിലെ ഏഴു വയസ്സുകാരന് ശനിയാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് വീട്ടമ്മയുടെ ഭര്‍തൃസഹോദരന്റെ മകന് രോഗബാധ കണ്ടെത്തിയത്. തുടര്‍ന്ന് പഞ്ചായത്ത് അധികൃതരെത്തി വീട്ടുകാരോട് ക്വാറന്റൈനില്‍ പോവാന്‍ നിര്‍ദേശിക്കുകയും ക്വാറന്റൈന്‍ കേന്ദ്രമായ ഗ്രീന്‍ വില്ലോ റെസിഡന്‍സിയിലേക്ക് മാറ്റുകയുമായിരുന്നു. ഏഴംഗ കുടുംബത്തിലെ മുതിര്‍ന്ന പൗരന്‍മാരായ രണ്ടുപേര്‍ സ്വന്തം വീട്ടിലും നാലുപേര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലുമാണ് കഴിയുന്നത്. കൊവിഡ് സ്ഥിരീകരിച്ച ഏഴു വയസ്സുകാരന്‍ മാനന്തവാടിയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്.

   

ക്വാറന്റൈന്‍ കേന്ദ്രത്തിലെ മുറിയിലുണ്ടായിരുന്ന മാലിന്യങ്ങള്‍


എന്നാല്‍, ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തില്‍ തങ്ങള്‍ക്ക് ലഭിച്ചത് നേരത്തേ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍ താമസിച്ച ശേഷം ശുചീകരിക്കാത്ത മുറിയാണെന്നു താഴേ അരപ്പറ്റയിലെ വീട്ടമ്മ തേജസ് ന്യൂസിനോട് പറഞ്ഞു. ഏഴു ദിവസത്തോളം അവര്‍ ഉപയോഗിച്ച ബെഡ് ഷീറ്റ് പോലും മാറ്റിയിട്ടില്ല. മദ്യ കുപ്പിയും സിഗരറ്റ് കുറ്റിയും കുടിവെള്ളത്തിന്റെ കുപ്പിയുമെല്ലാം അവിടെ തന്നെയുണ്ട്. ദുര്‍ഗന്ധം കാരണം മുറിയില്‍ കയറാനോ ഭക്ഷണം കഴിക്കാനോ പ്രാഥമിക കൃത്യ നിര്‍വഹണത്തിനോ പോലും കഴിഞ്ഞിട്ടില്ലെന്ന് വീട്ടമ്മ പറഞ്ഞു. മൂന്നോളം ബാസ്‌കറ്റുകളില്‍ മാലിന്യമുണ്ടായിരുന്നു. കിടക്കയില്‍ വിരിച്ച ഷീറ്റ് പോലും മാറ്റിയിട്ടില്ല. ഇക്കാര്യം പഞ്ചായത്ത് ചുമതലപ്പെടുത്തിയ ശുചീകരണ തൊഴിലാളിയോട് പറഞ്ഞപ്പോള്‍ ഷീറ്റ് മാറ്റാനാവില്ലെന്നായിരുന്നു മറുപടി. അണുവിമുക്തമാക്കുകയൊന്നും ചെയ്തിട്ടില്ല. ശുചിമുറി പോലും വൃത്തിയാക്കിയിട്ടില്ല. ദുര്‍ഗന്ധം കാരണം ഭക്ഷണം പോലും കഴിക്കാനാവുന്നില്ലെന്നും വീട്ടമ്മ പറഞ്ഞു.

    

ക്വാറന്റൈന്‍ കേന്ദ്രത്തിലെ മുറിയിലുണ്ടായിരുന്ന മദ്യ കുപ്പി ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍

    ഇക്കാര്യം പറഞ്ഞ് ആരോഗ്യവകുപ്പ് അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ പഞ്ചായത്ത് അധികൃതരാണ് ശുചീകരിക്കേണ്ടതെന്നായിരുന്നു മറുപടി. വിവരമറിഞ്ഞ് പൊതുപ്രവര്‍ത്തകരും മറ്റും ഇടപെട്ട് കലക്ടറെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് ആറോടെ ഒരുസംഘം ശുചീകരണത്തിനെത്തിയതായി വീട്ടമ്മ പറഞ്ഞു. എന്നാല്‍, ഒരുമുറി മാത്രം വൃത്തിയാക്കി അവര്‍ മടങ്ങുകയായിരുന്നു. രണ്ടു വലിയ പായ്ക്കറ്റില്‍ ഉള്‍ക്കൊള്ളാന്‍ മാത്രം മാലിന്യമാണുണ്ടായിരുന്നത്. അണുനശീകരണം നടത്തുകയോ ബെഡ് ഷീറ്റ് മാറ്റുകയോ ചെയ്തിട്ടില്ല. വീട്ടില്‍ നേരത്തേ ഉപയോഗിച്ച ബെഡ് ഷീറ്റാണ് ഉപയോഗിക്കുന്നതെന്നും വീട്ടമ്മ(പേര് പരസ്യപ്പെടുത്തുന്നില്ല) പറഞ്ഞു. ഇത്തരത്തില്‍ ക്വാറന്റൈനില്‍ കഴിയുന്നത് രോഗബാധയ്ക്കു കാരണമാക്കുമെന്ന ആശങ്കയിലാണ് കുടുംബം.

    

Full View

അതേസമയം, വയോധികനായ ശുചീകരണ തൊഴിലാളിയെയാണ് പഞ്ചായത്ത് അധികൃതര്‍ ഏര്‍പ്പെടുത്തിയതെന്നും യാതൊരുവിധ സുരക്ഷാ ഉപകരണങ്ങളും നല്‍കിയിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പഞ്ചായത്തിലെ തന്നെ എട്ടോളം ക്വാറന്റൈന്‍ കേന്ദ്രത്തില്‍ എല്ലായിടത്തും ശുചീകരിക്കാന്‍ ഇദ്ദേഹത്തെയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും ജോലി ഭാരം കാരണം ശുചീകരണം നടക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.

Tags:    

Similar News