ഒഡീഷയില്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിന്ന് ഈനാംപേച്ചിയെ പിടികൂടി; സ്രവം കൊവിഡ് പരിശോധനയ്ക്കയച്ചു

Update: 2020-05-27 06:19 GMT

ഭുവനേശ്വര്‍: ഒഡീഷയിലെ അല്‍ത്താഗറിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിന്ന് ഈനാംപേച്ചിയെ പിടികൂടി. ഈനാംപേച്ചിയുടെ സ്രവം കൊവിഡ് പരിശോധനയ്ക്കയക്കുമെന്ന് വന്യജീവി വകുപ്പ് അറിയിച്ചു.

''അല്‍ക്കാഗറില്‍ നിന്ന് ഒരു പെണ്‍ ഈനാംപേച്ചിയെ പിടികൂടിയിട്ടുണ്ട്. അതിന്റെ സ്രവം ശേഖരിച്ച് കൊവിഡ് 19 പരിശോധനയ്ക്ക് അയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഭുവനേശ്വര്‍ വന്യജീവി കേന്ദ്രത്തിന്റെ സഹായത്തോടെയാവും ടെസ്റ്റ് നടത്തുക''- ജില്ല ഫോറസ്റ്റ് ഓഫിസര്‍ സസ്മിത ലെന്‍ക പറഞ്ഞു.

കാട്ടിലേക്ക് തുറന്നുവിടുന്നതിനു മുമ്പ് ഈനാംപേച്ചിയുടെ ആരോഗ്യപരിശോധന നടത്തി കാട്ടിലേക്ക് തുറന്നുവിടാവുന്ന അവസ്ഥയിലാണെന്ന് സ്ഥിരീകരിക്കുമെന്നും അവര്‍ പറഞ്ഞു.

മനുഷ്യര്‍ക്കിടയിലെ കൊവിഡ് പരിശോധന നടത്തുന്ന ലാബില്‍ തന്നെയാണ് ഈനാംപേച്ചിയുടെ പരിശോധനയും നടത്തുകയെന്ന് ഒഡീഷ കാര്‍ഷിക സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വിഭാഗം തലവനായ ഡോ. നിരഞ്ജന്‍ സാഹു പറഞ്ഞു. കാര്‍ഷിക സര്‍വകലാശാലയില്‍ കൊവിഡ് പരിശോധനയ്ക്കുള്ള അനുമതിയില്ലാത്തതിനാല്‍ ഭുവനേശ്വരിലെ മനുഷ്യര്‍ക്കിടയിലെ കൊവിഡ് ബാധ പരിശോധിക്കുന്ന കേന്ദ്രത്തിലാണ് പരിശോധന പൂര്‍ത്തിയാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

വുഹാനില്‍ കൊവിഡ് ആരംഭിച്ച സമയത്ത് ഈനാംപേച്ചികളില്‍ നിന്നാണ് രോഗപ്രസരണം ആരംഭിച്ചതെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. ക്വാറന്റീന്‍ കേന്ദ്രത്തില്‍ ഈനാംപേച്ചി വന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്ന് സസ്മിത ലെന്‍ക് പറഞ്ഞു. 

Tags:    

Similar News