വഖഫ് ഭേദഗതി ബില്‍: കേരളാ എംപിമാർ എതിർത്ത് വോട്ട് ചെയ്യണം - സി പി എ ലത്തീഫ്

തിരുവനന്തപുരം: വംശീയ ഉന്മൂലന ലക്ഷ്യത്തോടെ കേന്ദ്രത്തിലെ ബിജെപി സർക്കാർ പടച്ചുണ്ടാക്കിയ വഖഫ് ഭേദഗതി ബില്ലിനെതിരായി കേരളത്തിൽ നിന്നുള്ള എംപിമാർ വോട്ട് ചെയ്യണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ്.
സാമൂഹിക നന്മയും പൂരോഗതിയും ലക്ഷ്യമിട്ട് വഖ്ഫ് ചെയ്തിട്ടുള്ള സ്വത്തുക്കൾ നിയമ ഭേദഗതിയിലൂടെ തട്ടിയെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. പാർലമെൻ്റ് സമ്മേളനം അവസാനിക്കാനിരിക്കേ ധൃതി പിടിച്ച് മതിയായ ചർച്ച പോലും നടത്താതെ പാസ്സാക്കിയെടുക്കാനാണ് നീക്കം.ബിജെപിയുടെ 22 ഭേദഗതികൾ അംഗീകരിച്ച ജെ പി സി പ്രതിപക്ഷത്തിൻ്റെ 44 ഭേദഗതിയും തള്ളിയിരുന്നു. ജനാധിപത്യ അവകാശങ്ങളും മര്യാദകളും പോലും മാനിക്കാൻ തയ്യാറാവാതെ തികച്ചും സ്വേഛാധിപത്യ രീതിയിലാണ് കേന്ദ്രം മുന്നോട്ടു പോകുന്നത്. മുനമ്പം വഖഫ് ഭൂമിയെ ഭേദഗതിയുമായി ബന്ധപ്പെടുത്തി നടക്കുന്ന ചർച്ചകൾ വസ്തുതാ വിരുദ്ധമാണ്. ഈ ബില്ല് മുനമ്പം വിഷയത്തെ ഒരു തരത്തിലും ബാധിക്കുകയില്ല.
ഭരണഘടനയെയും ജനാധിപത്യത്തെയും മതേതരത്വത്തെയും ന്യൂനപക്ഷ അവകാശങ്ങളെയും പരിഗണിച്ച് ബില്ലിനെ എതിർക്കാൻ പ്രതിപക്ഷകക്ഷികൾ തയ്യാറാവണമെന്നും അദ്ദേഹം അഭ്യർഥിച്ചു.