ദേശീയ പൗരത്വ രജിസ്റ്റര്‍: മുസ് ലിംകള്‍ക്കായി കൂറ്റന്‍ തടങ്കല്‍ ക്യാംപുകള്‍ ഒരുങ്ങുന്നു

രണ്ടാം മോദി സര്‍ക്കാരിന്റെ ഇത്തരമൊരു തീരുമാനം ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന് ഇന്ത്യന്‍ പൗരത്വം അനുഭവിച്ചു ജീവിച്ച ആയിരക്കണക്കിന് മുസ്‌ലിംകളെ ഭീതിയിലാഴ്ത്തുന്നതായും ജെഫ്‌റി ഗറ്റ്ല്‍മാന്‍, ഹരികുമാര്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ റിപോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്

Update: 2019-08-19 14:26 GMT

ന്യൂഡല്‍ഹി: അസമില്‍ നടപ്പാക്കിയ ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍ആര്‍സി) ദേശവ്യാപകമായി നടപ്പാക്കുമെന്ന് ആവര്‍ത്തിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍, ഇത്തരത്തില്‍ പൗരത്വം നഷ്ടപ്പെടുന്ന മുസ് ലിംകളെ പാര്‍പ്പിക്കാന്‍ കൂറ്റന്‍ തടങ്കല്‍ ക്യാംപുകള്‍ നിര്‍മിക്കാന്‍ ആലോചിക്കുന്നുവെന്ന് റിപോര്‍ട്ട്. അന്താരാഷ്ട്രതലത്തില്‍ ഏറെ പ്രശസ്തമായ ന്യൂയോര്‍ക്ക് ടൈംസാണ് റിപോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. രണ്ടാം മോദി സര്‍ക്കാരിന്റെ ഇത്തരമൊരു തീരുമാനം ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന് ഇന്ത്യന്‍ പൗരത്വം അനുഭവിച്ചു ജീവിച്ച ആയിരക്കണക്കിന് മുസ്‌ലിംകളെ ഭീതിയിലാഴ്ത്തുന്നതായും ജെഫ്‌റി ഗറ്റ്ല്‍മാന്‍, ഹരികുമാര്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ റിപോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.

   


    ദേശീയ പൗരത്വ രജിസ്റ്ററില്‍ പൗരത്വം തെളിയിക്കാനാവാത്തതിനാല്‍ മുസ് ലിമായ വിരമിച്ച ഇന്ത്യന്‍ സൈനികനെ പോലും ജയിലിലടച്ച കാര്യം എടുത്തുപറയുന്നുണ്ട്. ഇത്തരമൊരു തീരുമാനം അസമിലാണ് നടപ്പാക്കിയതെങ്കിലും രാജ്യവ്യാപകമായി കൊണ്ടുവരുമെന്ന പ്രഖ്യാപനം മുസ് ലിംകളെ അരക്ഷിതാവസ്ഥയിലാക്കുന്നതായും ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. പൗരത്വം തെളിയിക്കാനായില്ലെങ്കില്‍ ജയിലിലേക്ക് പോവേണ്ടി വരുമെന്ന ഭയം മുസ് ലിംകള്‍ക്കിടയില്‍ പടരുകയാണ്. ഓരോ ദിവസം കഴിയുന്തോറം ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ഭീതി വര്‍ധിക്കുകയാണ്. അസമിലെ പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച വിവാദങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. ആഗസ്ത് 31നാണ് ഇവിടെ പൗരത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ട അവസാന തിയ്യത്. എന്‍ആര്‍സി പ്രകാരം 33 ലക്ഷം തദ്ദേശീയര്‍ക്കാണ് പൗരത്വം തെളിയിക്കേണ്ടിവന്നത്. ബംഗ്ലാദേശ് രൂപീകരിക്കപ്പെട്ട 1971നു മുമ്പ് ഇവരുടെ പൂര്‍വികര്‍ ഇന്ത്യന്‍ പൗരന്മാരാണോ എന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാനാണു നിര്‍ദേശം. ഇത്തരക്കാരെ ബംഗ്ലാദേശികളെന്നും കുടിയേറ്റക്കാരെന്നും പറഞ്ഞ് പൗരത്വവും വോട്ടവകാശവും തുടങ്ങി എല്ലാ വിധ അവകാശങ്ങളും നിര്‍ത്തലാക്കുകയാണു ചെയ്യുക. പൗരത്വ രേഖകള്‍ തെളിയിക്കുകയെന്നത് എളുപ്പമല്ലെന്ന് അധികൃതര്‍ക്ക് അറിയാം. ഇതുകാരണം നൂറുവയസ്സ് പിന്നിട്ടവര്‍ വരെ പൗരത്വം തെളിയിക്കാനാവാതെ കഷ്ടപ്പെടുകയാണ്.



Tags:    

Similar News