ബിസിനസില്‍ പങ്കാളിയാകാന്‍ താല്‍പര്യമറിയിച്ച് സന്ദേശം;എറണാകുളത്ത് തട്ടിപ്പ് സംഘം അടിച്ചെടുത്തത് ഒന്നരക്കോടിയിലേറെ രൂപയെന്ന് പോലിസ്
ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ പുതിയ മുഖമാണിത്.ഒരോരുത്തരുടെയും പ്രൊഫൈലിനെ പറ്റി വ്യക്തമായി പഠിക്കുകയും സൗഹൃദം സ്ഥാപിക്കുകയും ആണ് ആദ്യം അവര്‍ ചെയ്യുന്നത്.സമൂഹത്തിലെ എല്ലാ തലങ്ങളിലുമുള്ളവര്‍ ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ അകപ്പെടുന്നുണ്ട്. വിദ്യാസമ്പന്നരും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, പ്രൊഫഷണലുകളും, യുവതി യുവാക്കളും തുടങ്ങി പ്രായഭേദമന്യേ എല്ലാവരും ഇതിന്റെ ഇരകളായിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്ക് പറഞ്ഞു.
കൊച്ചി: 'താങ്കളുടെ ബിസിനസില്‍ പങ്കാളിയാകാന്‍ എനിക്ക് താല്‍പ്പര്യമുണ്ട്... അതിന് പണം മുടക്കാന്‍ ഞാന്‍ തയ്യാറുമാണ്...' നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലുള്ള ഏതെങ്കിലും ഒരു വിദേശ സുഹൃത്ത് ഇത്തരത്തില്‍ മെസേജ് അയച്ചാല്‍ സൂക്ഷിക്കുക. വരും വരായ്മകള്‍ ആലോചിക്കാതെ അതിന്റെ പിറകെ പോയല്‍ പണം പോകുമെന്ന് ഉറപ്പ്. കൊറോണക്കാലത്ത് ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ പെരുകിയ സാഹചര്യത്തിലാണ് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്ക് മുന്നറിയിപ്പ് നല്‍കുന്നത്.ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ പുതിയ മുഖമാണിത്. എറണാകുളം റൂറല്‍ ജില്ലയില്‍ നിന്നു മാത്രം വ്യത്യസ്ത കേസുകളിലായി ഇത്തരം തട്ടിപ്പു സംഘം അടിച്ചുമാറ്റിയത് ഒന്നരക്കോടിയിലേറെ രൂപയാണ്.
ഒരോരുത്തരുടെയും പ്രൊഫൈലിനെ പറ്റി വ്യക്തമായി പഠിക്കുകയും സൗഹൃദം സ്ഥാപിക്കുകയും ആണ് ആദ്യം അവര്‍ ചെയ്യുന്നത്. ബിസിനസ് ചെയ്യുന്നവര്‍ പ്രൊഫഷണലുകള്‍ എന്നിവരെയായിരിക്കും ലക്ഷ്യമിടുന്നത്. താങ്കളുടെ പെരുമാറ്റത്തിലും ബിസിനസ്സിലും ആകൃഷ്ടരായതുകൊണ്ടാണ് പണം മുടക്കാന്‍ തയാറാകുന്നതെന്ന് ഈ 'വേദനിക്കുന്ന കോടീശ്വരന്‍' പറയുന്നതോടെ നല്ലൊരു ഭാഗം ആളുകളും ചിതിയില്‍ വീഴുകയായി. പിന്നീട് സൗഹൃദമായി... ചാറ്റിംഗായി.... പിരിയാന്‍ കഴിയാത്ത ബന്ധമായി...
ഇതിനിടയില്‍ ബിസിനസ് പങ്കാളി ആകുന്നതിനോ ആരംഭിക്കുന്നതിനോ വേണ്ടി കുറച്ച് പണവും ഒന്നു രണ്ടു സമ്മാനവും അയക്കുന്നുവെന്ന മെസേജും വരും. പണം ഡോളറും, പൗണ്ടും, യൂറോയുമൊക്കെ ആണ് .... ഐ ഫോണ്‍, ഐപാഡ്, വാച്ച് തുടങ്ങി ലക്ഷങ്ങള്‍ വിലവരുന്ന സമ്മാനങ്ങളാണ് കൊറിയര്‍ ആയി വരുമെന്ന് പറയുന്നത്...... ഇതെല്ലാം പറയുമ്പോള്‍ വേണ്ടെന്നു വയ്ക്കുന്നതെങ്ങനെ.... അവിടെ തട്ടിപ്പില്‍ അകപ്പെടുകയായി... പണമുള്‍പ്പടെയുള്ള സാധന സാമഗ്രികള്‍ പായ്ക്ക് ചെയ്യുന്നതിന്റെയും, അയക്കുന്നതിന്റെയും, കൊറിയര്‍ വിവരങ്ങളും ഫോട്ടോകളും, വീഡിയോകളും സമയാസമയങ്ങളില്‍ അവര്‍ നല്‍കികൊണ്ടിരിക്കും.
തട്ടിപ്പിന്റെ അടുത്ത ഘട്ടത്തില്‍ ഇന്ത്യയില്‍ നിന്ന് ആയിരിക്കും വിളികള്‍ വരുന്നത്. സംഗതികളെല്ലാം ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തിയിട്ടുണ്ടെന്നും വിലാസം വെരിഫൈ ചെയ്യാനാണെന്നു പറഞ്ഞ് കൊറിയര്‍ കമ്പനി വിളിക്കുന്നതോടെ തട്ടിപ്പിന്റെ രണ്ടാം ഘട്ടം ആരംഭിക്കും. പിന്നെ സാധനം വീട്ടിലെത്തുന്നതിനുള്ള ഫീസ് അടക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള 'ഔദ്യോഗിക' വിളി വരികയായി. കൊറിയര്‍ കമ്പനിയുടെ ക്ലിയറന്‍സ് ഫീസ്, കസ്റ്റംസ് പിടിച്ചതിനാല്‍ ഫൈന്‍, ആര്‍ബിഐയുടെ പിഴ ഇങ്ങനെ വ്യത്യസ്ത പേരില്‍ വ്യത്യസ്ത കാരണങ്ങള്‍ പറഞ്ഞ് വിവിധ അക്കൗണ്ടുകളിലേക്ക് ആയി ലക്ഷങ്ങള്‍ ഊരി എടുക്കും.
വന്നിരിക്കുന്ന പാഴ്‌സലിന്റെ മൂല്യം ലക്ഷങ്ങളും കോടികളും ആയതു കൊണ്ട് എത്ര രൂപ ഏത് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചും സമ്മാനപൊതി കൈക്കലാക്കാന്‍ ഇക്കൂട്ടര്‍ തയ്യാറാകും... മാത്രവുമല്ല ലക്ഷങ്ങള്‍ മൂല്യമുള്ള വിദേശ കറന്‍സി ഇത്തരത്തില്‍ കൊറിയറായി നിങ്ങള്‍ക്ക് അയക്കപ്പെട്ടതിനാല്‍ നിങ്ങളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും, അന്വേഷണ നടപടികള്‍ നേരിടേണ്ടിവരുമെന്നും ജയിലില്‍ വരെ പോകേണ്ടി വരുമെന്നുമുള്ള ഭീഷണിയും പുറകെ ഉണ്ടാകും.
പലപ്പോഴായി പല കാരണങ്ങള്‍ക്കായി ലക്ഷങ്ങള്‍ നഷ്ടമായി ക്കഴിയുമ്പോഴാണ് സംഭവം തട്ടിപ്പായിരുന്നുവെന്ന് മനസിലാവുക... പിന്നെ പരാതിയായി.... നെട്ടോട്ടമായി... ആദ്യകാലങ്ങളില്‍ സൗഹൃദം സ്ഥാപിച്ച് സമ്മാനം അയക്കുന്ന രീതിയായിരുന്നുവെങ്കില്‍... ഇപ്പോള്‍ ചാരിറ്റിക്ക് വേണ്ടിയും, ബിസിനസ് പങ്കാളി ആകുന്നതിനും, ബിസിനസ് തുടങ്ങുന്നതിനുമൊക്കെ ആയി തട്ടിപ്പ് രീതികള്‍ക്ക് രൂപ മാറ്റം വരുത്തിയിട്ടുണ്ട്.
സമൂഹത്തിലെ എല്ലാ തലങ്ങളിലുമുള്ളവര്‍ ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ അകപ്പെടുന്നുണ്ട്. വിദ്യാസമ്പന്നരും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, പ്രൊഫഷണലുകളും, യുവതി യുവാക്കളും തുടങ്ങി പ്രായഭേദമന്യേ എല്ലാവരും ഇതിന്റെ ഇരകളായിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്ക് പറഞ്ഞു. ലക്ഷങ്ങള്‍ നഷ്ടപ്പെട്ട് പലരും നാണക്കേടുകൊണ്ട് പുറത്ത് പറയുക വരെ ചെയ്യാറില്ല. ഇത്തരം മെസേജുകളില്‍ വിശ്വസിച്ച് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുകയാണെന്നും, ഇങ്ങനെ വരുന്ന മെസേജുകള്‍ വിശ്വസിച്ച് പണം നഷ്ടപ്പെടുത്തരുതെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.