ഓണ്‍ലൈന്‍ വഴി പണം തട്ടിപ്പ് : റിവാര്‍ഡ് പോയിന്റുകള്‍ പണമായി ലഭിക്കുമെന്ന് വ്യാജ സന്ദേശം ;യുവാക്കള്‍ക്ക് നഷ്ടപ്പെട്ടത് ലക്ഷകണക്കിന് രൂപ
മുളന്തുരുത്തി സ്വദേശിക്ക് 3.60 ലക്ഷം രൂപയും പാമ്പാക്കുട സ്വദേശിക്ക് ഒരു ലക്ഷത്തോളം രൂപയുമാണ് നഷ്ടപ്പെട്ടത്. സമാന തട്ടിപ്പിലൂടെയാണ് രണ്ടുപേരുടേയും പണം പോയത്
കൊച്ചി: ഓണ്‍ലൈന്‍ വഴി പണം തട്ടിപ്പ്.മുളന്തുരുത്തി സ്വദേശിക്ക് 3.60 ലക്ഷം രൂപയും പാമ്പാക്കുട സ്വദേശിക്ക് ഒരു ലക്ഷത്തോളം രൂപയുമാണ് നഷ്ടപ്പെട്ടത്. സമാന തട്ടിപ്പിലൂടെയാണ് രണ്ടുപേരുടേയും പണം പോയത്. ഉല്‍പ്പന്നങ്ങള്‍ വാങ്ങിയതു വഴി ലഭിച്ച റിവാര്‍ഡ് പോയിന്റുകള്‍ പണമായി ലഭിക്കുമെന്ന സന്ദേശമാണ് മൊബൈല്‍ വഴി പാമ്പാക്കുട സ്വദേശിയായ യുവാവിന് ലഭിച്ചത്.
പണം ലഭിക്കാനായി യുവാവ് തട്ടിപ്പുസംഘം അയച്ച ലിങ്കില്‍ കയറുകയും, അവരുടെ നിര്‍ദേശമനുസരിച്ച് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൈമാറുകയും ചെയ്തു. ഉടന്‍ തന്നെ അക്കൗണ്ടിലുണ്ടായ ഒരു ലക്ഷത്തോളം രൂപ തട്ടിപ്പ് സംഘം തൂത്ത് പെറുക്കി കൊണ്ടുപോവുകയായിരുന്നു. മറ്റൊരു ആപ്ലിക്കേഷന്‍ വഴി തട്ടിപ്പ് സംഘം പണമാക്കി മാറ്റിയെടുക്കാനുള്ള ശ്രമമാണ് നടത്തിയത്. റൂറല്‍ ജില്ലാ പോലിസിന് ലഭിച്ച പരാതിയെ തുടര്‍ന്ന് പോലിസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പണം തിരിച്ചു പിടിക്കാന്‍ കഴിഞ്ഞത്.
സമാനതട്ടിപ്പില്‍ മുളന്തുരുത്തി സ്വദേശിയെ സംഘം മൊബൈല്‍ ഫോണിലൂടെ ബന്ധപ്പെടുകയായിരുന്നു. ബോണസ് പോയിന്റെുകള്‍ പണമായി അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതിന്റെ ഭാഗമായി തിരിച്ചറിയല്‍ പരിശോധനക്ക് എന്നു പറഞ്ഞാണ് സംഘം വിളിച്ചത്. തട്ടിപ്പാണെന്നറിയാതെ, മൊബൈലില്‍ വന്ന ഒടിപി ഇദ്ദേഹം കൈമാറി. ഉടന്‍ തന്നെ ഇദ്ദേഹത്തിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന തുകയും സംഘം തട്ടിയെടുത്തു.
പോലിസിന് ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മറ്റൊരു ആപ്പ് വഴി സംഘം ഗിഫ്റ്റ് കാര്‍ഡ് പര്‍ച്ചേസ് ചെയ്തതായി കണ്ടെത്തി. അത് ബ്ലോക്ക് ചെയ്യുകയും ആപ്പുമായി ബന്ധപ്പെട്ട് ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ തിരികെ പിടിക്കുകയും ചെയ്തു.ബാക്കി തുകക്ക് തട്ടിപ്പ് സംഘം ആപ്പിള്‍ ഫോണ്‍ മുതലായവ വാങ്ങുകയാണുണ്ടായത്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം നടന്ന് വരികയാണെന്ന് പോലിസ് പറഞ്ഞു.
മൊബൈല്‍ ഫോണ്‍ വഴി വരുന്ന ഇത്തരം സന്ദേശങ്ങളെ ജാഗ്രതയോടെ സമീപിക്കണമെന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ പറഞ്ഞു. റിവാര്‍ഡ് പോയിന്റുകള്‍ പണമായി അക്കൗണ്ടില്‍ നിക്ഷേപിക്കനെന്ന് പറഞ്ഞ് തട്ടിപ്പ് സംഘങ്ങള്‍ അയക്കുന്ന സന്ദേശങ്ങളിലും, ലിങ്കുകളിലും വിശ്വസിച്ച് ബാങ്ക് സംബന്ധിച്ച വിവരങ്ങള്‍ കൈമാറി പണം നഷ്ടപ്പെടുത്തരുതെന്നും വിവേക് കുമാര്‍ ഓര്‍മ്മിപ്പിച്ചു. ഇന്‍സ്‌പെക്ടര്‍ എം ബി ലത്തീഫ്, എസ് ഐ എം ജെ ഷാജി, സിപിഒമാരായ ഷിറാസ് അമീന്‍, ലിജോ ജോസ്, ജെറി കുര്യാക്കോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുളളത്.