ഗംഗയില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ കണ്ടെടുത്തത് 2000ത്തിലേറെ മൃതദേഹങ്ങള്‍
വെളിപ്പെടുത്തല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റേത്
ന്യൂഡല്‍ഹി: കൊവിഡ് ബാധിതരുടേത് ഉള്‍പ്പെടെ ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകുന്നുവെന്ന റിപോര്‍ട്ടുകള്‍ക്കിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും വിവിധ ജില്ലാ ഭരണകൂടങ്ങള്‍ ഗംഗയില്‍നിന്ന് ഒരാഴ്ചയ്ക്കിടെ രണ്ടായിരത്തിലേറെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. 'ദി ഏഷ്യന്‍ ഏജ്' ആണ് പ്രസ്തുത വാര്‍ത്ത നല്‍കിയിട്ടുള്ളത്. ഗംഗാ നദിയോട് ചേര്‍ന്നുള്ള വിദൂര ഗ്രാമങ്ങളില്‍ മരിച്ച കൊവിഡ് രോഗികളുടെ മൃതദേഹങ്ങളാണ് ഇവയെന്ന് അധികൃതര്‍ സ്ഥിരീകരിച്ചതായും ഏഷ്യന്‍ ഏജ്' റിപോര്‍ട്ട് ചെയ്തു. ഗ്രാമവാസികളില്‍ ഭൂരിഭാഗവും പരമ ദരിദ്രരായതിനാല്‍ കുടുംബാംഗങ്ങളുടെ അന്ത്യകര്‍മങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ കഴിയാത്തതിനാലാണ് മൃതദേഹങ്ങള്‍ പുഴയിലൊഴുക്കിയത്. യുപിയിലും ബിഹാറിലുമായി ഗംഗയുടെ 1,400 കിലോമീറ്ററിലധികം നീളമുള്ള തീരമാണ്.
കാണ്‍പൂര്‍, ഗാസിപൂര്‍, ഉന്നാവോ, ബാലിയ ജില്ലകളിലാണ് മൃതദേഹങ്ങള്‍ ഗംഗയിലെറിയുന്ന സംഭവം ഏറെയെന്നും ഇവ ബിഹാറിലെത്തുകയാണെന്നും അധികൃതര്‍ പറയുന്നു. ഭൂരിഭാഗം മൃതദേങ്ങളും ഉത്തര്‍പ്രദേശില്‍നിന്ന് ഒഴുകിവന്ന് അടിഞ്ഞ് കൂടുകയാണെന്ന് നേരത്തെ ബിഹാര്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മൃതദേഹങ്ങള്‍ ഒഴുകിയെത്തിയതോടെ മറ്റു പകര്‍ച്ച വ്യാധികള്‍ പടരാന്‍ കാരണമായേക്കുമെന്നതിനാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഇരു സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. മൃതദേഹങ്ങള്‍ നദിയില്‍ ഒഴുക്കുന്നത് സംസ്ഥാന സര്‍ക്കാറുകള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തര്‍പ്രദേശ്, ബിഹാര്‍ സര്‍ക്കാറുകളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ജനസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങളായ യുപി, ബിഹാര്‍ എന്നിവിടങ്ങളിലെ ഗ്രാമപ്രദേശങ്ങളില്‍ കൊവിഡ് ബാധിതരുടെ കൂട്ടമരണങ്ങള്‍ കടുത്ത ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
Over 2000 bodies found in Ganga river