പാകിസ്താനിലെ ട്രെയിന്‍ തീപ്പിടിത്തം: മരിച്ചവരുടെ എണ്ണം 65 ആയി

ട്രെയിനില്‍ ഭക്ഷണം പാകംചെയ്യാനുപയോഗിച്ച പോര്‍ട്ടബിള്‍ ഗ്യാസ് സ്റ്റൗ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് ദുരന്തമുണ്ടായത്.

Update: 2019-10-31 08:30 GMT

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ രാവല്‍പിണ്ടിക്കടുത്ത് ലിയാകത്പൂരില്‍ ട്രെയിനിനു തീപ്പിടിച്ച് മരിച്ചവരുടെ എണ്ണം 65 ആയി. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കറാച്ചി റാവല്‍പിണ്ടി തേസ്ഗാം എക്‌സ്പ്രസ് ട്രെയിനിലാണ് തീപ്പിടിത്തമുണ്ടായത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ മൂന്നുബോഗികള്‍ പൂര്‍ണമായും കത്തിനശിച്ചു. അപകടത്തില്‍ പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ട്രെയിനില്‍ ഭക്ഷണം പാകംചെയ്യാനുപയോഗിച്ച പോര്‍ട്ടബിള്‍ ഗ്യാസ് സ്റ്റൗ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് ദുരന്തമുണ്ടായത്.

പാചകത്തിനുപയോഗിച്ച എണ്ണകൂടി ഇതിലേക്ക് വീണതോടെ തീ കത്തിപ്പടരുകയായിരുന്നുവെന്നും റെയില്‍വേ മന്ത്രി ശെയ്ഖ് റാഷിദ് അഹമ്മദ് പറഞ്ഞു. തീപ്പിടിത്തത്തെത്തുടര്‍ന്ന് ട്രെയിനിനു പുറത്തേക്കു ചാടിയവരും മരിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഗുരുതരമായി പൊള്ളലേറ്റവരെ മുള്‍ട്ടാനിലെ ആശുപത്രിയിലേക്ക് ഹെലികോപ്റ്ററില്‍ എത്തിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ തിച്ചറിയാനുള്ള ശ്രമത്തിലാണ് അധികൃതര്‍. അതിനായി ഡിഎന്‍എ പരിശോധന നടത്തുമെന്നും ജില്ലാ റവന്യൂ സര്‍വീസ് മേധാവി ബാഖിര്‍ സുഹൈന്‍ അറിയിച്ചു.

Tags:    

Similar News