പാലക്കാട് പോലിസ് ഭീകരത: പോപുലര്‍ ഫ്രണ്ട് ഐജി ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി ആര്‍എസ്എസ് മുസ്‌ലിം വിരുദ്ധത നടപ്പാക്കുന്നു: എ അബ്ദുല്‍ സത്താര്‍
കോഴിക്കോട്: പാലക്കാട് പോപുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റായിരുന്ന സുബൈറിനെ ആര്‍എസ്എസ് വെട്ടിക്കൊലപ്പെടുത്തിയത് കേരളത്തെ കലാപഭൂമിയാക്കുക എന്ന ബോധപൂര്‍വമായ ലക്ഷ്യത്തോടെയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍.
പാലക്കാട് മുസ്‌ലിം കേന്ദ്രങ്ങളിലെ പോലിസ് ഭീകരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോടുള്ള ഉത്തരമേഖലാ ഐജി ഓഫിസിലേക്ക് നടത്തിയ ജനകീയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ കലാപഭൂമിയാക്കുക എന്ന ലക്ഷ്യത്തോടെ വര്‍ഷങ്ങളായി പരിശ്രമിക്കുന്ന ബിജെപിയും ആര്‍എസ്എസ്സും ആസൂത്രിതമായാണ് സുബൈറിനെ കൊലപ്പെടുത്തിയത്.
സുബൈറിന്റെ കൊലപാതകത്തില്‍ അന്വേഷണം മൂന്നുപേരില്‍ ഒതുക്കാനുള്ള പരിശ്രമത്തിലാണ് എഡിജിപി വിജയ് സാഖറെ. എന്നാല്‍, കൊലപാതകവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള സംശയങ്ങള്‍ക്ക് പോലിസ് ഉത്തരം നല്‍കണം. സുബൈറിനെ കൊലപ്പെടുത്തിയ എല്ലാ ആര്‍എസ്എസ് ക്രിമിനലുകളെയും അറസ്റ്റ് ചെയ്യണം.
ഗൂഢാലോചനയില്‍ പങ്കെടുത്ത കെ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള ആര്‍എസ്എസ്, ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പങ്ക് പുറത്തുകൊണ്ടുവരണം. ആര്‍എസ്എസ് തിരക്കഥയുടെ അനുസരിച്ച് മുസ്‌ലിംകളെ അന്യായമായി വേട്ടയാടി പീഡിപ്പിക്കുന്ന സമീപനം പോലിസ് അവസാനിപ്പിക്കണം. സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ ആഭ്യന്തരവകുപ്പ് ഉത്തരവാദിത്തബോധത്തോടെ പ്രവര്‍ത്തിക്കണം. അതല്ലാതെ പോപുലര്‍ ഫ്രണ്ട് മാത്രം വിചാരിച്ചതുകൊണ്ട് ഇവിടെ സമാധാനം നിലനിര്‍ത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് രാജ്യത്തുടനീളം സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിയാണ് മുസ്‌ലിം വിരുദ്ധത നടപ്പാക്കുന്നത്. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ ആഭ്യന്തരവകുപ്പും ആര്‍എസ്എസ്സിന്റെ കൈയിലെ കളിപ്പാവയായി മാറിയിരിക്കുന്നു. ആര്‍എസ്എസ് തിരക്കഥയ്ക്ക് അനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചിട്ടും പിണറായി വിജയന്റെ ആഭ്യന്തരവകുപ്പ് നിര്‍ബന്ധിത മൗനം തുടരുകയാണ്.
ഹിന്ദു ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഹൈജാക്ക് ചെയ്ത് കലാപമുണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് ആര്‍എസ്എസ് നടത്തുന്നത്. വിശേഷ ദിവസങ്ങള്‍ തിരഞ്ഞെടുത്ത് മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ആസൂത്രിതമായി ഹിന്ദുത്വ ഭീകരത നടപ്പാക്കുകയാണ്.
രാമനവമി, ഹനുമാന്‍ ജയന്തി ആഘോഷങ്ങളുടെ മറവില്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ രാജ്യത്തുടനീളം മുസ്‌ലിംകള്‍ക്കുനേരേ സംഘപരിവാര ഭീകരര്‍ വ്യാപകമായ അക്രമങ്ങളാണ് അഴിച്ചുവിട്ടത്. സമാനരീതിയില്‍ വിഷുദിനത്തില്‍ റമദാനിലെ വ്രതത്തിലായിരുന്ന സുബൈറിനെ പള്ളിയില്‍ നിന്നും ജുമുഅ നമസ്‌കാരം കഴിഞ്ഞ വിട്ടിലേക്ക് പിതാവിനൊപ്പം മടങ്ങുമ്പോഴാണ് കൊലപ്പെടുത്തിയത്.
ആര്‍എസ്എസ്സും ബിജെപിയും നേതൃത്വം നല്‍കുന്ന രാജ്യത്തെ ഹിന്ദുത്വ ഭീകരര്‍ മുസ്‌ലിം ഉന്‍മൂലനത്തിന് ശ്രമിക്കുമ്പോള്‍ ഹിന്ദു സംഘടനകള്‍ തുടരുന്ന കുറ്റകരമായ മൗനം വെടിയണം. ആര്‍എസ്എസ്സിന്റെ ഹിന്ദുത്വ ഭീകരതയ്‌ക്കെതിരേ ശബ്ദിക്കാന്‍ രാജ്യം ഒറ്റക്കെട്ടായി രംഗത്തുവരണം. അല്ലാത്തപക്ഷം രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ന്നടിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം യഹിയ തങ്ങള്‍, മലപ്പുറം സോണല്‍ സെക്രട്ടറി അബ്ദുല്‍ അഹദ് എന്നിവര്‍ സംസാരിച്ചു. രാവിലെ 10ന് മുതലക്കുളത്ത് നിന്നാരംഭിച്ച മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിനിരന്നു. നടക്കാവിന് സമീപം പോലിസ് മാര്‍ച്ച് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംസ്ഥാന, ജില്ലാ നേതാക്കള്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.